മനുഷ്യാവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരള്‍. കരളിന് ധാരാളം ധർമ്മങ്ങളുണ്ട്. വയറ്റിലും കുടലിലുമായി ദഹിച്ച ആഹാരപദാർത്ഥങ്ങൾ പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്.
ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ പോഷക വസ്തുക്കളാക്കി മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയയെ യൂറിയയാക്കിമാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളേയും കരൾ നിരുപദ്രകാരികളാക്കി മാറ്റുന്നു.
കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ലിവർ സിറോസിസ് (liver cirrhosis) അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരള്‍ രോഗത്തെ തിരിച്ചറിയാന്‍ കഴിയൂ. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം.
- കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്. കരളിനുണ്ടാകുന്ന ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും ഇത്തരം പ്രശ്നം കാണപ്പെടുന്നുണ്ട്.
- കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം.
- കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം.
- ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
- വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
- തലകറക്കം, ഛര്‍ദി, ക്ഷീണം തുടങ്ങിയവയും ചിലപ്പോള്‍ കരളിന്‍റെ അനാരോഗ്യത്തെ സൂചിപ്പിക്കാം.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനും തയ്യാറാകണം.