മലയാളിക്ക് ഒരു നേരമെങ്കിലും കുശാലാക്കി ചോറ് കഴിയ്ക്കണമെന്നത് നിർബന്ധമാണ്. എന്നാൽ പ്രമേഹവും മറ്റ് ജീവിതചര്യ രോഗങ്ങളും ഉള്ളവർ പലപ്പോഴും ചോറിനെ ഒഴിവാക്കേണ്ടതായും വരുന്നു. ചോറ് കഴിക്കാൻ ഇഷ്ടമാണെങ്കിലും അരി ആഹാരം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്ന ധാരണയും പലർക്കുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വെള്ള അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും
എന്നാൽ കുറഞ്ഞ അളവിൽ അരി അല്ലെങ്കിൽ ചോറ് കഴിയ്ക്കുന്നത് വലിയ പ്രശ്നമാകില്ല. കാരണം, അരി വളരെ ചെറിയ അളവിൽ നിങ്ങളുടെ വയറു നിറയ്ക്കുന്ന ഒരു ഭക്ഷണമാണ്. നിങ്ങളുടെ വിശപ്പിനെ പൂർണമായും ശമിപ്പിക്കുന്നതിന് ഒരു ചെറിയ അളവിൽ അരി കഴിച്ചാൽ മതി. ശരീരത്തിന് കോംപ്ലക്സ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ-ബി എന്നിവ നൽകുന്നതിന് ഇത് സഹായിക്കും.
എങ്കിലും ശരിയായി അരി പാകം ചെയ്തിട്ടില്ലെങ്കിൽ അത് ദോഷം ചെയ്യും. അതായത്, അരി വേവിയ്ക്കുന്നതിൽ ഒരു പാകമുണ്ട്. അതനുസരിച്ച് തന്നെ പാകം ചെയ്ത് കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണപ്രദം. തിടുക്കത്തിൽ ചോറ് കുക്കറിൽ ഇട്ട് രണ്ട് മൂന്ന് വിസിൽ വന്നതിന് ശേഷം വേവിച്ച് കഴിക്കുന്നത് നല്ലതല്ല.
ഒന്നാമതായി കുക്കറിൽ പാകം ചെയ്ത അരി ശരീരത്തിന് ദോഷം ചെയ്യും. കാരണം അതിൽ ഉയർന്ന അളവിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇങ്ങനെ വേവിക്കുന്ന ചോറ് ശരീരത്തിന് യാതൊരു നേട്ടവും നൽകുന്നില്ല. അതേസമയം ആയുർവേദ വിദഗ്ധർ എങ്ങനെയാണ് ശരിയായ രീതിയിൽ ചോറ് വേവിക്കേണ്ടതെന്ന് വിശദീകരിക്കുന്നു. അതായത്, നമ്മുടെ അമ്മമാരും മുതിർന്നവരും ചെയ്തിരുന്ന രീതി പോലെയാണ് അരി വേവിക്കേണ്ടത്.
അരി വേവിക്കുന്ന വിധം
നീരാവി വരുന്ന വിധത്തിലുള്ള പാത്രമാണ് അരി വേവിക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത്. വേവിക്കാൻ എടുക്കുന്ന അരി കുറഞ്ഞത് 2 മുതൽ 3 തവണ വരെ വെള്ളത്തിൽ കഴുകണം. അരി നന്നായി വെള്ളത്തിൽ കഴുകിയ ശേഷം, വെള്ളം നിറച്ച ഒരു പാത്രത്തിൽ അരി മുക്കിവയ്ക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇങ്ങനെ അരി സൂക്ഷിക്കുക. അരി പാകം ചെയ്യുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർത്താൽ പോഷകങ്ങൾ വർധിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു. എന്നാൽ പാരമ്പര്യ രീതിയിൽ നമ്മൾ അരി വേവിക്കുമ്പോൾ, വെള്ളത്തിൽ കുതിർത്ത് വയ്ക്കാറില്ല.
അരിയും വെള്ളവും ഒരേ സമയം അടുപ്പിൽ വച്ച് വേവിക്കുന്ന പ്രവണതയും ഒഴിവാക്കണം. അതായത്, ആയുർവേദം പറയുന്നത് അരി പാകം ചെയ്യുമ്പോൾ ആദ്യം പാത്രത്തിൽ വെള്ളം തിളപ്പിച്ച്, ഈ തിളച്ച വെള്ളത്തിൽ അരി ഇട്ട് വേവിക്കണമെന്നാണ്.
അരി തിളച്ചു വരുന്നത് വരെ മൂടി വച്ച് വേവിച്ചെടുക്കണം. തിളച്ച് വന്നതിനു ശേഷം മൂടി മാറ്റുക. അരി നന്നായി വേന്ത് കഴിഞ്ഞും പാത്രത്തിൽ അധികമായി വെള്ളം അവശേഷിക്കുന്നു എങ്കിൽ, അത് വാർത്ത് കളയാം. അരിയിലെ വെള്ളം അരിച്ച് കളഞ്ഞ ശേഷം പാത്രം അടപ്പ് കൊണ്ട് മൂടി ഏകദേശം 5 മിനിറ്റ് വയ്ക്കുക.
5 മിനിറ്റിനു ശേഷം നിങ്ങൾ അടപ്പ് നീക്കം ചെയ്താൽ, ചോറ് കഴിക്കാനുള്ള രീതിയിൽ തയ്യാറായതായി കാണാം. ചോറിനൊപ്പം എപ്പോഴും പോഷക സമൃദ്ധമായ പച്ചക്കറികളും പഴങ്ങളും ചേർത്ത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.