ഔഷധ സസ്യങ്ങൾക്ക് വീട്ടുതോട്ടങ്ങളിൽ നല്ല വളർച്ച നൽകുന്ന മാധ്യമത്തിന് എന്തൊക്കെ വേണമെന്നു നോക്കാം.
മണ്ണില്ലാതെ കൃഷി ചെയ്യുന്ന സംവിധാനമാണ് മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം. ഭാരം കുറവും എളുപ്പത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്നതുമാണ് ഈ രീതിയുടെ മെച്ചം.
കൃത്രിമ മാധ്യമം ഉപയോഗിക്കുന്ന മണ്ണില്ലാത്ത കൃഷിയിൽ കാര്യക്ഷമമായ രീതിയിൽ വെള്ളം ഉപയോഗിക്കുവാനും സാധിക്കും.
കീടങ്ങൾക്കും രോഗങ്ങൾക്കുമെതിരെ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കുറയ്ക്കുവാൻ സഹായിക്കും.
നന്നായി ഇളക്കമുള്ളതും ഈർപ്പം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നതും ശരിയായ രീതിയിൽ നീർവാർച്ചയുള്ളതും ചെടികൾക്ക് ശരിയായ തോതിൽ പോഷകങ്ങൾ ലഭ്യമാക്കുന്നതുമായിരിക്കണം തെരഞ്ഞെടുക്കുന്ന വളർച്ചാ മാധ്യമം.
മണ്ണില്ലാത്ത കൃഷിയിൽ കൊക്കോപീറ്റ്, വെർമികുലൈറ്റ്, റോക്ക് വൂൾ, പ്യൂമിസ്, തടിയുടെ അവശിഷ്ടങ്ങൾ, മരത്തൊലി എന്നിവ വിവിധ കൂട്ടുകളിലും വിവിധ അനുപാതത്തിലും മികച്ച വിളവിനും ഗുണമേന്മയ്ക്കുമായും ഉപയോഗിക്കാം.
അർക്ക ഫെർമെന്റഡ് കോക്കോപീറ്റ് മാത്രമായോ വെർമികമ്പോസ് ചേർത്തോ കാലിവളമോ കമ്പോസ്റ്റോ ചേർത്തോ ടെറസിൽ ചെടികൾ നടാനായി ഉപയോഗിക്കാം.
ടെറസിൽ ഇത്തരത്തിൽ വളർത്തുന്ന ചെടികൾക്ക് ഗുണമേന്മ, വിളവ് തുടങ്ങിയവ മറ്റ് ചെടികളെ അപേക്ഷിച്ച് കൂടുതൽ ആയിരിക്കും. വേഗത്തിൽ വിളവെടുക്കാൻ പാകമാവുകയും ചെയ്യും. ഇവയിലെ പോഷകമൂല്യവും കൂടുതലായിരിക്കും.
ആരോഗ്യത്തിന് ഗുണകരമാകുന്ന ഒട്ടേറെ ഔഷധ സസ്യങ്ങൾ വീട്ടുതോട്ടങ്ങളിൽ വളർത്താം. ഇവ നിത്യജീവിതത്തിൽ വിവിധ രീതിയിൽ ഭക്ഷണത്തി നൊപ്പം ചേർക്കാൻ സാധിക്കും. പുതിന, ബ്രഹ്മി, കുടകൻ എന്നിവ സാലഡായോ, ചട്നിയായോ, ഒക്കെ ഉപയോഗിക്കാം.
ചിറ്റമൃത്, അശ്വഗന്ധ, കിരിയാത്ത്, ശംഖുപുഷ്പം എന്നിവ ഉണക്കി പ്പൊടിച്ച് ഒരു ടീസ്പൂൺ ചൂടുവെള്ളം, പാൽ, തേൻ എന്നിവയോടൊപ്പം ചേർത്ത് കഴിക്കാം. ഇഞ്ചിപ്പുല്ല്, പുതിന, തുളസി എന്നിവ ഗ്രീൻടീ യിൽ ചേർത്തോ മധുരച്ചീര, കുടകൻ എന്നിവ ഇലക്കറിയായോ ഉപയോഗിക്കാം. മുറികൂട്ടിയുടെ ഇലയ്ക്കൊപ്പം കറ്റാർ വാഴയുടെ ജെൽ ചേർത്ത് മുറിവുകൾ ഉണങ്ങാൻ ഉപയോഗിക്കാം. മുറിവുള്ള ഭാഗത്ത് ഇത് നേരിട്ട് പുരട്ടാൻ സാധിക്കും.