തിരുവനന്തപുരം വർക്കലയിൽ ചെള്ളുപനി (Scrub Typhus) ബാധിച്ച് പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ ചെള്ളുകളെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മാത്രമല്ല പ്രദേശം സന്ദർശിക്കണമെന്ന് പ്രത്യേക സംഘത്തിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. പനിയും ഛർദിയും ബാധിച്ച പെൺകുട്ടി നേരത്തെ തന്നെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായാണ് വിവരം. ചെള്ളുപനിയുടെ ലക്ഷണങ്ങളും രോഗം പകരുന്ന വഴിയും എങ്ങനെയാണെന്ന് അറിയാം, പ്രതിരോധിക്കാം.
എന്താണ് ചെള്ളുപനി? (What is Scrub Typhus?)
ഓറിയൻഷ്യ സുസുഗാമുഷി എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമാണ് ചെള്ളുപനി പകരുന്നത്. അണ്ണാൻ, മുയൽ, എലി തുടങ്ങിയ ജീവികളിൽ സാധാരണയായി ഈ ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. എന്നാൽ ഇത്തരം മൃഗങ്ങളിൽ ഈ രോഗം ഉണ്ടാകുന്നില്ല എന്നതാണ് അതിശയകരമായ കാര്യം. ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവയിലുള്ള ചിഗ്ഗർ മൈറ്റുകളിലൂടെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യ ശരീരത്തിലേക്ക് രോഗാണുക്കൾ എത്തിച്ചേരുന്നത്. ചിഗ്ഗർ മൈറ്റുകൾ കടിച്ച് 10 മുതൽ 12 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പ്രധാന ലക്ഷണങ്ങൾ (Major symptoms)
പ്രാണികൾ കടിച്ച ഭാഗം ആദ്യം ചുവന്ന നിറത്തിലോ ചുവന്ന തടിപ്പായോ കാണപ്പെടും. കക്ഷം, കഴുത്ത്, കാതിന്റെ പുറക്, കാലിന്റെ ഒടിഭാഗം, ജനനേന്ദ്രിയങ്ങൾ തുടങ്ങി കട്ടികുറഞ്ഞ തൊലിയുടെ ഭാഗത്താണ് പ്രാണികൾ കൂടുതലായി കടിക്കുന്നത്. എന്നാൽ കടിച്ചശേഷം പ്രാണികൾ ശരീരഭാഗത്ത് നിന്ന് വിട്ടുപോകില്ല. പനി, വിറയൽ, തലവേദന, കണ്ണിൽ ചുവപ്പു നിറം, മുഴകൾ, പേശികളിൽ വേദന, ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. ചിലരിൽ ഇത്തരം ലക്ഷണങ്ങൾക്ക് പുറമെ തലച്ചോറിനെയും ഹൃദത്തെയും ബാധിക്കുന്ന രോഗാവസ്ഥകൾ വരെ ഉണ്ടാകാറുണ്ട്. ചെറുതായാലും വലുതായാലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടുക.
ബന്ധപ്പെട്ട വാർത്തകൾ: ഭൗമ സൂചികാ പദവിയുള്ള ഇന്ത്യയിലെ അഞ്ച് വാഴപ്പഴങ്ങള്‍
ചെള്ളുപനി എങ്ങനെ തിരിച്ചറിയാം (How to identify Scrub Typhus?)
ഒരിനം ടൈഫസ് പനിയാണ് ചെള്ളുപനി. തൊലിയിലെ നിറമാറ്റം, രക്ത പരിശോധന, രോഗിയുടെ പ്രദേശത്തെ രോഗ സാധ്യത എന്നിവ രോഗനിർണത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ അത് ചെളളുപനി ആണോയെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞാൽ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്.
ചെള്ളുപനി എങ്ങനെ പ്രതിരോധിക്കാം (How to prevent Scrub Typhus?)
- രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ചെള്ളുനിയന്ത്രണത്തിനുള്ള ശ്രമങ്ങൾ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കാം. കീടനാശിനികൾ ഉപയോഗിച്ച് ചെള്ളുകളെ പൂർണമായും നശിപ്പിക്കാൻ സാധിക്കും.
- ചെള്ള് സാന്നിധ്യമുള്ള പ്രദേശങ്ങളിലോ പുല്ല് നിറഞ്ഞ സ്ഥലങ്ങളിലോ നിൽക്കുമ്പോൾ ശരീരം പൂർണമായും മറയ്ക്കുകയോ കൈയ്യുറയും കാലുറയും ധരിക്കുകയോ ചെയ്യുക.
- വസ്ത്രങ്ങൾ വളർത്തു മൃഗങ്ങളുടെ സമീപമോ, പുല്ലുകളിലോ, തറയിലോ ഉണക്കാൻ ഇടരുത്.
- കാടുകളിൽ നിന്നോ പുല്ല് നിറഞ്ഞ പ്രദേശങ്ങളിൽ നിന്നോ തിരിച്ചു വന്നതിന് ശേഷം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ശരീര ഭാഗങ്ങൾ നന്നായി കഴുകുക.
- വീട്ടുപരിസരത്ത് നിന്ന് എലികളെ പൂർണമായും തുരത്തുക. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാൻ പാടില്ല. പരിസരം കാടുപിടിക്കാതെ നോക്കുക.