നമ്മുടെ കണ്ണിനുള്ളിലെ ലെന്‍സിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് തിമിരം. കണ്ണിനകത്ത് ജന്മനായുള്ള സുതാര്യമായ ലെന്‍സ് തിമിരം ബാധിക്കുന്നതോടെ അതാര്യമാകുന്നു.
കണ്ണിന്റെ റെറ്റിനയിലേക്ക് പ്രകാശം കടന്നുപോകുന്നതിനും അത് റെറ്റിനയില്‍ കേന്ദ്രീകരിക്കുന്നതിനും ലെന്‍സാണ് സഹായിക്കുന്നത്. വ്യക്തമായ പ്രതിബിംബം റെറ്റിനയില്‍ ലഭിക്കുന്നതിന് ലെന്‍സ് സുതാര്യമായിരിക്കണം. അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോള്‍ കാഴ്ച മങ്ങുന്നത്.
തിമിരം തുടക്കത്തിൽ, ലെന്‍സിൻറെ ഒരു ചെറിയ ഭാഗത്തെമാത്രം ബാധിക്കുന്നതുകൊണ്ട് ആ വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുകയില്ല. ക്രമേണ തിമിരം വളര്‍ന്ന് ലെന്‍സിനെ മൊത്തം ബാധിക്കുന്നതോടെ പ്രകാശത്തെ ലെന്‍സിലേക്ക് കടത്തിവിടാതെ തടയുന്നു. ഇതോടെ കാഴ്ച തടയപ്പെടുന്നു.
തിമിരത്തിൻറെ ലക്ഷണങ്ങള്‍
- മൂടിക്കട്ടിയ അല്ലെങ്കില്‍ മങ്ങിയ കാഴ്ച
- നിറങ്ങള്‍ മങ്ങിക്കാണുക
- രാത്രിക്കാഴ്ചയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
- വായനയ്ക്ക് അല്ലെങ്കില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിമയുള്ള പ്രകാശം ആവശ്യമായി വരുക
- ബള്‍ബിനുചുറ്റുമുള്ള പ്രകാശം പടര്‍ന്നു കാണുക (glare). ഇതുകാരണം രാത്രികാല ഡ്രൈവിങ്ങിന് ബുദ്ധിമുട്ടനുഭവപ്പെടുക
- ഒരുകണ്ണില്‍ത്തന്നെ ഇരട്ട കാഴ്ചയുണ്ടാവുക. ചിലപ്പോള്‍ രണ്ടില്‍ കൂടുതലും കാണും. ഉദാ: ആകാശത്ത് ഒന്നില്‍ കൂടൂതല്‍ ചന്ദ്രനെ കാണുക
- കണ്ണടയുടെ പവര്‍ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടിവരിക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍
ഈ ലക്ഷണങ്ങളില്‍ പലതും മറ്റ് ഗുരുതരമായ നേത്രരോഗങ്ങള്‍ക്കും കണ്ടുവരുന്നു. അതിനാല്‍ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
തിമിരത്തിനുള്ള ചികിത്സ
തിമിരത്തിൻറെ തുടക്കത്തില്‍ കണ്ണട ഉപയോഗിച്ച് മങ്ങിയ കാഴ്ച പരിഹരിക്കാം. തിമിരംകൊണ്ട് കാഴ്ച ഒരുപരിധിയിലധികം മങ്ങി ദിനചര്യയും സ്വന്തം ജോലിപോലും ചെയ്യാനാവാത്ത അവസ്ഥയുമുണ്ടായാല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരം. കണ്ണിലെ തിമിരം ബാധിച്ച ലെന്‍സ് മാറ്റി പകരം ലെന്‍സ് (intra ocular lens) വെക്കുന്നു.
തിമിരമല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത കണ്ണാണെങ്കില്‍ ഈ ശസ്ത്രക്രിയകൊണ്ട് സാമാന്യം നല്ല കാഴ്ച ലഭിക്കും. തിമിര ശസ്ത്രക്രിയാനന്തര പരിചരണവും പ്രധാനമാണ് കണ്ണിനു മുന്നിലായി (conjunctiva) വരുന്ന പാടയെ (pterygium) തിമിരമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. അത് നീക്കംചെയ്താലും തിമിരം ബാധിച്ചവര്‍ ചികിത്സ തേടണം.
തിമിരം ബാധിക്കാതിരിക്കാന്‍
പ്രായം കൂടുന്നത് തടയാനാകാത്ത പോലെ തന്നെയാണ് തിമിരവും. എന്നാലും തിമിരത്തിൻറെ വളര്‍ച്ച ഒരു പരിധിവരെ നമുക്ക് തടയാനാകും. പച്ചക്കറികളും ഫലവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയ ശരിയായ ഭക്ഷണരീതി തുടരുക, പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദമോ ഉണ്ടെങ്കില്‍ അവയ്ക്ക് ചികിത്സ തേടുക, ക്യത്യമായ വ്യായാമം ചെയ്യുന്നത് മുടക്കാതിരിക്കുക, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക എന്നിവ ചെയ്താല്‍ തിമിരത്തെ ഒരു പരിധി വരെ തടയാം.