ശരീരത്തിനാവശ്യമായ ഓക്സിജൻ വായുവിൽ നിന്ന് വേർതിരിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുകയും ചെയ്യുന്ന നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അതിനാൽ ശ്വാസകോശത്തിന് തകരാറ് വന്നാൽ ഈ പ്രവർത്തനങ്ങളെല്ലാം തടസപ്പെടുത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യും.
തുടർച്ചയായി ഉണ്ടാകുന്ന ചുമയും നെഞ്ചുവേദനയും, ചുമയ്ക്കുമ്പോൾ രക്തം വരുക, കഫം കെട്ട് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസം വിടുമ്പോള്‍ വേദനയും ബുദ്ധിമുട്ടും, എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്. പുകവലിക്കാതിരിക്കുക, മലിനവായു ശ്വസിക്കാതിരിക്കുക എന്നിവ ചെയ്യുകയാണെങ്കിൽ പല മാരകരോഗങ്ങളിൽ നിന്നും ഒരു പരിധി വരെ ശ്വാസകോശത്തെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും.
തണുപ്പുകാലങ്ങളിൽ പലര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങൾ. ഈ കാലാവസ്ഥയിൽ ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നമുക്ക് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
- ധാരാളം ആന്‍റി ഓക്‌സിഡന്റുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ഇത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
- ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കെന്ന പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
- തുമ്മല്‍, ജലദോഷം, ചുമ എന്നിവ ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാൻ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശങ്ങളുടെ ആരോഗ്യം നിലനിർത്തും ഈ പാനീയങ്ങൾ
- പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. പ്രത്യേകിച്ച് തണുപ്പു സമയത്ത് ചുമയോ മറ്റുമോ ഉണ്ടെങ്കില്‍, പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.
- വ്യായാമം, യോഗ, ധ്യാനം എന്നിവ ദിവസേന ചെയ്യുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ.