ഹരിതകം ഏറ്റവും കൂടുതലുള്ളതാണ് ചക്ക. നല്ല പോഷക ഗുണമുള്ളതാണ്. ആന്റി ഓക്സിഡന്റ്സും (Anti oxidants) ധാരാളമുണ്ട്.
പഴയ കാലത്ത് കൊത്തച്ചക്കയുടെ തോരൻ, പുഴുക്ക്, മെഴുക്കുപുരട്ടി ഇവയൊക്കെ ധാരാളം കഴിച്ചിരുന്ന വീടുകളിൽ സ്ത്രീകളുടെ യൂട്ടറസ് താണു പോയിരുന്നില്ല. ആണുങ്ങൾക്ക് വൃഷണവീക്കം, ഹെർണിയ ഒന്നും കാര്യമായി കണ്ടിരുന്നില്ല. ചക്കയ്ക്ക് സ്തംഭനസ്വഭാവം - സങ്കോചിപ്പിക്കാനുള്ള കഴിവ് ഉള്ളതു കൊണ്ടാണ് വാർദ്ധക്യത്തിൽ അവയവങ്ങളെ താങ്ങി നിർത്തുന്നത്.
100 ഗ്രാം ചക്ക കഴിക്കുമ്പോൾ 95 കലോറി ഊർജ്ജം ലഭിക്കുന്നു എന്നാണ് കണക്ക്. കാർബോഹൈഡ്രേറ്റ്, ഷുഗർ, പൊട്ടാസ്യം ഇവ നന്നായി അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവാണത്. നാരുള്ള ഭക്ഷ്യപദാർത്ഥമെന്നതിലുപരി കൊളസ്ട്രോൾ ഒട്ടുമില്ല എന്ന പ്രത്യേകതയും ഉണ്ട്. വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയ്ക്കു പുറമെ ചെറിയ അളവിൽ സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി-6, ഇരുമ്പ്, കാത്സ്യം എന്നിവയും ഉണ്ട്.
ചക്കയുപയോഗിച്ച് അനേകതരം വിഭവങ്ങൾ കേരളീയർ ഉണ്ടാക്കി ഉപയോഗിച്ചു പോരുന്നുണ്ട്. ചക്കയുടെ ചവിണി ഉപയോഗിച്ചുണ്ടാക്കുന്ന അച്ചാറാകട്ടെ അച്ചാറുകളിൽ വെച്ച് രാജനാണ്.
ചില പ്രധാനപ്പെട്ട ഉപയോഗങ്ങൾ - ചികിത്സാ രംഗത്ത് പ്ലാവിന്റെ വേരിന് വയറിളക്കം തടയാൻ കഴിവുണ്ട്. വയറിളക്കം വന്നാൽ അതിന്റെ ഇളംവേര് കുറച്ചെടുത്ത് കഷായം വെച്ചു കൊടുക്കുകയോ, വെള്ളം തിളപ്പിച്ചു കൊടുക്കുകയോ, നീരെടുത്തു കൊടുക്കുകയോ ചെയ്താൽ വയറിളക്കം പെട്ടെന്നു നില്ക്കും.
പ്ലാവില പനി മാറാൻ ഉത്തമമാണ്. ഛർദ്ദിയും പനിയും മാറാൻ നല്ല പച്ച ഈർക്കിലി കൊണ്ടു കുത്തിയ പ്ലാവില കൊണ്ട് (പഴുത്ത പ്ലാവിലയാണ് ഉത്തമം) പതിവായി കഞ്ഞി കുടിച്ചാൽ മതി. അല്പം മഞ്ഞളും ചുക്കിന്റെ കഷണവും ചേർത്തുണ്ടാക്കിയ കാച്ചിയ മോരും കൂട്ടി പ്ലാവില കുത്തി പതിവായി വൈകിട്ട് കഞ്ഞി കുടിക്കുന്നവർക്ക് ഛർദ്ദി, പനി ഇവ ഉണ്ടാകില്ല. വയറിളക്കവും ( കാച്ചിയ മോരിൽ ഉലുവ ചേർക്കുന്നതു കൊണ്ട്) ഉണ്ടാകില്ല.
ഒരു വർഷമെങ്കിലും പഴക്കമുള്ള നെല്ലു കുത്തിയ അരിയാണ് ഏറ്റവും ഉത്തമം.
ഇടിച്ചക്ക കഴിക്കുമ്പോൾ ആന്ത്രവായുവിനെ നിയന്ത്രിക്കും. നല്ല പോഷകമൂല്യമുള്ളതാണ്. അജീർണ്ണത്തിലും ബലഹാനിയിലും ഉത്തമമാണ്. കഫവൈഗുണ്യത്തിലും ഉത്തമമാണ്