മനുഷ്യൻ്റെ ദഹനവ്യവസ്ഥയ്ക്ക് അത്യുത്തമമായത് ഫലാഹാരം തന്നെയാണ്. നിർഭാഗ്യവശാൽ, പോഷക സമ്പുഷ്ടമായ ഫലങ്ങൾ പലതും നമുക്ക് നഷ്ടമായിപ്പോയി. പീനട്ട് ബട്ടർ ട്രീ ഈ പറമ്പിലുണ്ട്. മനുഷ്യശരീരത്തിന് ഉചിതമായ പ്രോട്ടീൻ ഇതിൽ നിന്ന് കിട്ടും. ഇതിനെപ്പറ്റി അധികം ഗവേഷണമൊന്നും നടന്നിട്ടില്ല. പഴത്തിന്റെ തൊലിക്കുള്ളിൽ രണ്ട് കപ്പലണ്ടിയാണ്. കിളുന്നായിരിക്കുമ്പോഴും, വിളഞ്ഞിരിക്കുമ്പോഴും, പഴുത്തിരിക്കുമ്പോഴും തിന്നാം. പന്ത്രണ്ട് മാസവും പൂക്കുകയും കായ്ക്കുകയും ചെയ്യും. കൈകൊണ്ട് വളച്ച് പറിക്കാം. നിത്യഹരിത വൃക്ഷമാണ്. തൊട്ടടുത്ത് ഒരു ഞാവലുമുണ്ട്.
അമ്മ പൊക്കിൾക്കൊടിയിലൂടെ കുഞ്ഞിന് രക്തമാണ് പകരുന്നത്. പൊക്കിൾകൊടി മുറിഞ്ഞ് പുറത്തു വന്നാൽ പാലാണ് കൊടുക്കുന്നത്. പാലിലൂടെ പാരമ്പര്യഗുണങ്ങൾ, കഴിവുകൾ, വാസനകൾ എല്ലാം കുട്ടിയിലേക്ക് കൈമാറും. മൃഗത്തിൻ്റെ പാൽ എടുത്ത് മനുഷ്യക്കുഞ്ഞിന് കൊടുത്താൽ പാരമ്പര്യഗുണങ്ങൾ തെറ്റിപ്പോകും. ഏറ്റവും നല്ലത് ഒരു നിത്യഹരിതസസ്യത്തിൽനിന്നു വരുന്ന പാലാണ്. അതിൻ്റെ എല്ലാ ഗുണങ്ങളും കുട്ടിക്ക് കിട്ടും. മൃഗത്തെ വളർത്തുന്നതിനു പകരം നാല് തൈകൾ കുഴിച്ചിട്ടാൽ മതി. പരിണാമത്തിന്റെ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന ഒരു ജീവിക്ക് താഴ്ച പടിയിലുള്ള ഒരു ജീവിയുടെ പാൽ കൊടുക്കുന്നതിൽ അശാസ്ത്രീയതയുണ്ട്.
ബട്ടർ ഫ്രൂട്ട് നോക്കൂ. ഇതിന്റെ ഫാറ്റാണ് വേണ്ടത്. മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായതാണ്. ഇതിന്റെ നാലിനം നട്ടാൽ പന്ത്രണ്ടു മാസവും കായ ലഭിക്കും. നമുക്ക് കൃഷിക്കു വേണ്ടി മൃഗത്തെ വളർത്താം. എന്നാൽ ശരീരത്തിനു വേണ്ട കൊഴുപ്പോ പ്രോട്ടീനോ മാംസത്തിൽനിന്നും മൽസ്യത്തിൽനിന്നും പാലിൽ നിന്നും കിട്ടേണ്ടതല്ല. മംഗോസ്റ്റിൻ കാടനും നാടനുമുണ്ടിവിടെ. വളരെ രുചിയുള്ളതാണ്. ജാതിച്ചെടിപോലെ തന്നെ സൂര്യപ്രകാശം പിടിച്ചെടുക്കും.
വയറ്റിലെ കാൻസറിനുള്ള മരുന്നായി അമേരിക്കയിൽ മുള്ളാത്ത ഉപയോഗിക്കുന്നതായി വാർത്ത വരുമ്പോഴാണ് നമ്മൾ അമ്പരക്കുന്നത്. ഇതിന് രുചിയില്ലെന്നും പറഞ്ഞ് നമ്മൾ വലിച്ചെറിഞ്ഞതായിരുന്നു. മധുരമുള്ള മുള്ളാത്തയുണ്ട്. ലോകം മുഴുവനുമുള്ള പഴങ്ങൾ നമുക്കിവിടെ കൃഷി ചെയ്ത് രോഗം മാറാൻ കഴിക്കാവുന്നതാണ്