നമ്മുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ലൊരു ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുമായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന തനതായ ഭക്ഷ്യവിളകളുടെ പ്രധാന്യം അവരിൽ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്
സ്ഥലപരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ വീടുകളിലും സ്‌കൂളുകളിലും അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുകയും ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ മൈക്രോഗ്രീൻസ് പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.
നമുക്ക് ചുറ്റിനും കിട്ടുന്ന നമ്മുടെ നാടൻ ഭക്ഷ്യവിളകളെല്ലാം തന്നെ പോഷക സമ്പുഷ്ടങ്ങളാണ്. പയർ വർഗ്ഗങ്ങൾ, ബീൻസ് എന്നിവയിൽ ധാരാളം സിങ്ക്, മഗ്നിഷ്യം, ആൻ്റിഓക്‌സിഡന്റുകൾ, ഫോളേറ്റുകൾ, നാരുകൾ എന്നിവയും ഗോതമ്പ്, ബാർലി, അരി, കുപ്പചീര, ഓട്‌സ് എന്നിവയിൽ വിറ്റാമിൻ- ബി യും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ നിത്യേന കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അവരുടെ തലച്ചോറിന്റെ വികാസത്തിനും സഹായിക്കുന്നു.
ഊർജ്ജദായകങ്ങളായ നാടൻ ഭക്ഷണങ്ങൾ ശരിയായ അളവിൽ ദിവസേന ഉൾപ്പെടുത്തേണ്ടതാണ്. ചോറ്, ഇഡലി, ദോശ, പുട്ട്, അപ്പം, ഇടിയപ്പം, പയർ, കടല വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, കപ്പ, കാച്ചിൽ, കിഴങ്ങുകൾ, നല്ല കൊഴുപ്പുകൾ അടങ്ങിയ നട്‌സ് വിത്തുകൾ തുടങ്ങിയവയെല്ലാം കൊടുക്കാവുന്നതാണ്. കുട്ടികളുടെ വളർച്ചയ്ക്കും.
ഓക്സിജന്റെ സുഗമ സഞ്ചാരത്തിനും ഹോർമോണിൻ്റെയും എൻസൈമുകളുടെയും ശരിയായ ഉൽപ്പാദനത്തിനും പ്രോട്ടീൻ സമ്പുഷ്ടമായ നാടൻ കോഴിയിറച്ചി, മുട്ട, പാലും പാലുൽപ്പന്നങ്ങളും, ഇറച്ചി, പയർ പരിപ്പ് വർഗ്ഗങ്ങൾ, നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
വിപണിയിൽ ഇന്ന് സുലഭമായി ലഭിക്കുന്ന വിദേശി പഴവർഗ്ഗങ്ങളോട് കുട്ടികൾക്ക് പ്രിയം കൂടി വരികയാണ്. തങ്ങളുടെ മക്കൾക്ക് വേണ്ടി എത്ര വില കൊടുത്തും പല മാതാപിതാക്കളും ഇവ വാങ്ങി കൊടുക്കുകയും ചെയ്യുന്നു. എന്നാൽ വില കൂടുന്തോറും ഗുണം കൂടില്ല എന്ന തിരിച്ചറിവിലേക്ക് നാം എത്തേണ്ടിയിരിക്കുന്നു. ജീവകങ്ങളുടെയും ധാതുക്കളുടെയും നാരുകളുടെയും ആൻ്റി ഓക്‌സിഡന്റുകളുടെയും കലവറകളായ നാടൻ പഴവർഗ്ഗങ്ങളും പച്ചക്കറികളും കുട്ടികളുടെ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുന്നതു വഴി വിളർച്ച തടയുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.