ഞാവൽ പഴം എന്ന പേര് കേട്ടാൽ തന്നെ എല്ലാവരും തങ്ങളുടെ ബാല്യകാലം ഓർമ്മിക്കും എന്ന് തീർച്ചയാണ്. നാട്ടിൻപുറങ്ങളിൽ കുട്ടികൾ ഒത്തുകൂടുന്ന പല സ്ഥലങ്ങളിൽ ഒന്ന് ഞാവൽ മരങ്ങളുടെ ചുവട് ആണ്. പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളിൽ സമൃദ്ധമായി ഞാവൽ മരങ്ങൾ വളർന്നു നിന്നിരുന്നു. പക്ഷികൾക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഞാവൽപ്പഴങ്ങൾ. വഴിയോരങ്ങളിലും വ്യാപകമായി തണൽമരം എന്ന നിലയ്ക്ക് ഞാവൽ മരങ്ങൾ വെച്ചു പിടിപ്പിക്കാറുണ്ട്.
അനേകം ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ ചികിത്സാരംഗത്തും ഞാവലിന് അതിൻറെതായ പ്രാധാന്യം പുരാതന കാലം തൊട്ട് നൽകിയിട്ടുണ്ട്. ആധുനിക ജീവിതത്തിൻറെ ഫലമായി ഇന്ന് നാം നേരിടുന്ന പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവയ്ക്ക് മരുന്നായി ഞാവൽപ്പഴങ്ങൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. ദൗർഭാഗ്യമെന്നു പറയട്ടെ ഞാവൽപ്പഴങ്ങൾ പലപ്പോഴും പരിപാലിക്കപ്പെടാതെ അല്ലെങ്കിൽ ഉപയോഗിക്കപ്പെടാതെ പാഴായി പോകുകയാണ് പതിവ്. ചതഞ്ഞരഞ്ഞ പാതയോരത്ത് കിടക്കുന്ന കറുത്ത ഞാവൽപ്പഴങ്ങൾ പലപ്പോഴും ഇതിൻറെ ശരിയായ വില അറിയാത്തതുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്ന് തോന്നിപ്പോകും. 500 രൂപ മുതൽ 600 രൂപ വരെ ഇതിന് വിലയായി ചില വർഷങ്ങളിൽ കിട്ടാറുണ്ട് എന്നുള്ളത് നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
വനവാസക്കാലത്ത് ശ്രീരാമനും സീതയുമൊക്കെ വിശപ്പ് അകറ്റിയിരുന്നത് ഞാവൽപ്പഴങ്ങൾ കഴിച്ചിട്ടാണെന്ന് രാമായണത്തിൽ പറയുന്നുണ്ട്. അതിനാൽ ഹിന്ദുക്കൾ ഇതിനെ ഒരു ദൈവിക വൃക്ഷമായി കരുതുന്നു. ചില സ്ഥലങ്ങളിൽ പൂജകൾക്ക് ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിന്റെയൊക്കെ അർത്ഥം ഞാവൽപ്പഴങ്ങൾ ഭാരതത്തിൽ പുരാതന കാലം മുതലേ അറിയപ്പെട്ടിരുന്നു എന്ന വസ്തുതയാണ്.
ഏഷ്യൻ വൻകരയാണ് ഞാവൽ മരത്തിൻറെ ജന്മദേശം. രാമായണത്തിൽ എന്നപോലെ മേഘസന്ദേശത്തിലും ഞാവൽ മരത്തിനെ കുറിച്ച് പരാമർശമുണ്ട്. മേഘസന്ദേശത്തിലെ ഞാവൽ മരത്തിൻറെ പരാമർശം ഞാവൽ മരത്തിൻറെ ഇലകൾക്കുള്ള ഒരു സവിശേഷതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. വെള്ളം സൂക്ഷിക്കാനുള്ള ഇലകളുടെ കഴിവാണ് അതിൽ സൂചിപ്പിക്കുന്നത്.
കുറച്ചെങ്കിലും ജലലഭ്യത ഉള്ള സ്ഥലങ്ങളാണ് ഞാവൽ മരം വളരാൻ അനുയോജ്യം, വേര് പിടിച്ചുകഴിഞ്ഞാൽ വലിയ പരിചരണമൊന്നും ആവശ്യമില്ല താനും. 30 മീറ്ററോളം ഈ മരം വളർന്നു കാണാറുണ്ട്. കടുത്ത പച്ച
നിറമുള്ള ഇലകൾ ഉള്ള കമ്പുകൾ കായ്കളാൽ കനം തൂങ്ങി നിൽക്കുന്നത് വേനൽക്കാലത്തെ പതിവ് കാഴ്ചയാണ്.
ഈ മരത്തിൻറെ ആയുസ്സ് 100 മുതൽ 120 വർഷം വരെയാണ്. മുളയെ പോലെ വളരെ വേഗത്തിൽ വളർന്നു വലുതാകും. വലുതാകുന്തോറും മരത്തടിയിലെ തൊലി അടർന്നു പോകുന്നതായി കാണാറുണ്ട്. വേനൽകാലങ്ങളിൽ ഇലപൊഴിക്കുന്ന ഒരു മരമാണ് ഇത്.
കേരളത്തിലും തമിഴ്നാട്ടിലും ഞാവൽപ്പഴങ്ങൾ ധാരാളം കാണാറുണ്ട്. മൂത്ത കായുടെ കുരു പാകിയാണ് തൈകൾ ഉണ്ടാക്കിയെടുക്കുന്നത്. കായ്കൾ പാകമായാൽ ഉടൻതന്നെ അവയിലെ കുരു നീക്കം ചെയ്തു പോളിത്തീൻ കവറുകളിൽ മുളപ്പിക്കണം. മുളയ്ക്കാനുള്ള ശേഷി പെട്ടെന്ന് നഷ്ടപ്പെടുന്നത് കാരണമാണ് കുരു പെട്ടെന്ന് മുളപ്പിക്കണമെന്ന് പറയുന്നത്. മാറ്റി നടാൻ പ്രായമായാൽ നീർവാർച്ചയുള്ള വെയിൽ കിട്ടുന്ന സ്ഥലമാണ് നടാൻ നല്ലത്. നല്ല പ്രതിരോധ ശേഷിയുള്ള മരമാണ് ഞാവൽ. അതുകൊണ്ടുതന്നെ കീടങ്ങളെ ചെറുക്കാൻ ഇതിനു കഴിയും. എങ്കിലും തളിരിലകളിൽ ഫംഗസ് ബാധ ചിലപ്പോൾ കണ്ടെന്നിരിക്കും. പഴങ്ങളെ ചിലപ്പോൾ കായീച്ചകൾ ആക്രമിക്കുന്നതും കാണാറുണ്ട്. നാലുവർഷം കൊണ്ട് പുഷ്പിക്കുന്ന മരമാണ് ഞാവൽ. മുറിച്ചു മാറ്റിയാലും വീണ്ടും പൊടിപ്പ് വരുന്നതും കാണാം.
അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, തയാമിൻ, റൈബോ ഫഌവിൻ, നയാസിൻ, പാന്റോത്തൈനിക് അമ്ലം, വിറ്റാമിൻ ബി6, സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം മുതലായവ അടങ്ങിയ പോഷക പ്രധാനമായ ഒന്നാണ് ഞാവൽ പഴം . ഇതിൻറെ കുരു പൊടിച്ച് ഉണക്കി പ്രമേഹത്തിന് മരുന്നായി ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇലയും കമ്പും കായും ചൈനയിലും ഇന്ത്യയിലും ചികിത്സാരംഗത്ത് പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്നു.
പ്രമേഹത്തിനും പുറമേ ഫിലിപ്പീൻസിൽ വയറു വേദനയ്ക്കും വയറിളക്കത്തിനും ഞാവൽ പഴത്തിലെ തണ്ടിൽ നിന്നും ഇലയിൽ നിന്നും കിട്ടുന്ന സത്ത് മരുന്നായി ഉപയോഗിക്കാറുണ്ട്. ഞാവൽ പഴത്തിന്റെ ആൻറിബയോട്ടിക് ഗുണമാണ് ഇതിൻറെ കാരണം. ഞാവൽ പഴത്തിനുള്ളിൽ കാണുന്ന കുരുക്കൾ ശരീരത്തിലെ അന്നജത്തിനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നത് തടയും എന്നുള്ളതിനാലാണ് പ്രമേഹത്തിന് ഞാവൽ പഴം ഔഷധമായി മാറിയത്