വാഴ എല്ലായിടത്തുമുണ്ടെങ്കിലും വൈവിധ്യമാർന്നതും ഗുണമേറിയതും സ്വാദിഷ്ഠമായതും കേരളത്തിലുണ്ടാകുന്ന വാഴപ്പഴങ്ങളാണ്. ഇവിടെ ഏത്തൻ, പൂവൻ, കദളി, കണ്ണൻ, പാളയംകോടൻ, ചാരക്കാളി, രസക്കാളി, പടറ്റി, മോറിസ്, റോബസ്റ്റ, ചിങ്ങൻ ഇങ്ങനെ അനേകതരം വാഴകളുണ്ട്. ഏതു കാലാവസ്ഥയിലും ഇവിടെ വാഴപ്പഴം സുലഭമായി കിട്ടും.
വാഴപ്പഴം പൊതുവേ രസത്തിൽ മധുരവും ഗുണത്തിൽ സ്നിഗ്ദ്ധവും മൃദുവും ശീതവും വീര്യത്തിൽ തണുപ്പും വിപാകത്തിൽ മധുരവുമാണ്. ആർത്തവം ക്രമാധികം പോകുമ്പോൾ വാഴക്കുമ്പോ പച്ച വാഴക്കായോ ചതച്ചു വെള്ളം തളിച്ച് ചാറെടുത്ത് തേനോ ശർക്കരയോ ചേർത്തു കഴിക്കുന്നതു നന്ന്.
വാഴപ്പിണ്ടി ചതച്ചുപിഴിഞ്ഞ നീര് 30 മില്ലി വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് മൂത്രാശയജന്യമായ രോഗങ്ങൾക്കു ശമനം നല്കും.
രോഗാവസ്ഥയിൽ വാഴക്കുമ്പോ പിണ്ടിയോ തോരനാക്കി കഴിക്കുന്നത് നല്ലതാണ്. കുടലിൽ തങ്ങി കിടക്കുന്ന മുടി, എല്ലുകഷണം തുടങ്ങിയവ ഒഴിയുന്നതിന് മാസത്തിൽ രണ്ടുപ്രാവശ്യം വാഴപ്പിണ്ടിത്തോരൻ ഭക്ഷണത്തിന്റെ കൂടെ കഴിക്കേണ്ടത് അത്യാവശ്യമാണ്. പുളിച്ചുതികട്ടലിന് കദളിവാഴമാണം അരിഞ്ഞുണക്കി ചുട്ടു ചാമ്പലാക്കി മൂന്നു ഗ്രാം വീതം ദിവസം മൂന്നു നേരം പാലിലോ പച്ചവെള്ളത്തിലോ കഴിക്കുന്നതു വിശേഷമാണ്.
പ്രമേഹത്തിന് പിണ്ടിനീരിൽ ലേശം മഞ്ഞൾപൊടി ചേർത്തു ദിവസവും സേവിക്കുന്നത് ഫലം ചെയ്യും. മാറാത്ത ത്വക്ക് രോഗങ്ങൾക്ക് കദളിപ്പഴം, വെണ്ണ, ഇന്തുപ്പ് ഇവ ഞെരടി കുഴമ്പുപോലാക്കി ദേഹത്തു പുരട്ടുന്നത് വിശേഷമാണ്. വിശേഷിച്ച് കഴലയ്ക്കും വൃഷണത്തിനും മാറാതെ നിൽക്കുന്ന ചൊറിച്ചിലിനു നന്നാണ്.
ഏത്തവാഴ, കണ്ണൻ, പൂവൻ ഇവയുടെ പച്ചക്കായ് തൊലി കളഞ്ഞ് ഉണക്കിപ്പൊടിച്ച് കരുപ്പുകട്ടി ചേർത്ത് കുറുക്കി കൊച്ചുകുട്ടികൾക്കു കൊടുക്കുന്നത് ഗ്രഹണിയും വയറിളക്കവും ഭേദമാകുന്നതിനു പുറമേ എല്ലും പല്ലും വളരുന്നതിനും സഹായിക്കും.
ബ്ലഡ് പ്രഷറിന് പാളയംതോടൻ കായം തൊലികളയാതെ അരിഞ്ഞുണക്കി പൊടിച്ച് രാത്രി അത്താഴത്തിനു ശേഷം കുറുക്കി കഴിക്കുന്നത് ഏററവും ഫലപ്രദമാണ്. പൂവൻപഴവും പാലും ദിവസവും കഴിക്കുന്നത് ലൈംഗികമായ ക്ഷീണം ഇല്ലാതാക്കും.