ആയുർവേദയോഗങ്ങളിൽ കടുക്കയുടെ സ്ഥാനം അദ്വിതീയമാണ്. ഇത് സംസ്കൃതത്തിൽ ഹരീതകി എന്ന പേരിൽ അറിയപ്പെടുന്നു. കടുക്ക ഒരു വിരേചനഔഷധമാണ്. കടുക്കപ്പൊടി ആറു ഗ്രാംവീതം ചൂടുവെള്ളത്തിൽ കഴിക്കുന്നത് വിരേചനത്തിനു നന്നാണ്. നാലു കടുക്കാ എടുത്ത് 50 മില്ലി മോരിലിട്ടിരുന്ന് ഒരു രാത്രി കഴിഞ്ഞ് ഞെരടിപ്പിഴിഞ്ഞ് അരിച്ചു വൃത്തിയാക്കി അതിരാവിലെ കഴിക്കുന്നതും വിരേചനത്തിനു നന്നാണ്.
തൊണ്ടമുഴയ്ക്ക് കടുക്കാ ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം തേനിൽ ചാലിച്ചു ദിവസവും കഴിക്കുന്നതു നന്നാണ്. ഒരു രാത്രി മുഴുവൻ കടുക്കാ ഗോമൂത്രത്തിലിട്ടു വെച്ചിരുന്ന് അതിരാവിലെ എടുത്ത് അരച്ച് അപ്പോൾ തന്നെ കഴിച്ചു ശീലിക്കുന്നത് അർശസ്സ്, മഹോദരം, ദുർമ്മേദസ് എന്നീ രോഗങ്ങൾക്കു നന്നാണ്. വൃഷണവീക്കത്തിന് 100 കടുക്കാ പതിനാറിടങ്ങഴി ഗോമൃതത്തിലിട്ടു വറ്റിച്ച് പിന്നീട് വെയിലത്തുണക്കിപ്പൊടിച്ച് അഞ്ചു ഗ്രാം വീതം എടുത്ത് ആവണക്കെണ്ണയും ശർക്കരയും ചേർത്തു കഴിക്കുന്നത് വിശേഷമാണ്.
നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ 50 ഗ്രാം വീതവും ഇരട്ടിമധുരം 25 ഗ്രാമും എടുത്ത് ഉണക്കിപ്പൊടിച്ച് ഓരോ ടേബിൾസ്പൂൺ വീതം വൻതേനിലോ ശർക്കരയിലോ നെയ്യിലോ ചാലിച്ച് രാത്രിഭക്ഷണത്തിനു ശേഷം സേവിക്കുന്നത് എല്ലാവിധ നേത്രരോഗങ്ങൾക്കും കുടൽശുദ്ധിക്കും ജരാനരകൾ ബാധിക്കാതിരിക്കുന്നതിനും നന്നാണ്.
മുഖക്കുരുക്കളുടെ ആമാവസ്ഥയിൽ കുരുവില്ലാക്കടുക്ക തേനിൽ അരച്ചുപുരട്ടുന്നത് നന്നാണ്. പഴകിയ ദുഷ്ട വണങ്ങളിലും മുറിവുകളിലും പൊള്ളൽ കൊണ്ടു മാറാതെ നില്ക്കുന്ന വ്രണങ്ങളിലും കടുക്കാ ചേർത്തുണ്ടാക്കുന്ന വെളിച്ചെണ്ണ ലേപനം ചെയ്യുന്നതു നന്നാണ്. ക്ഷീണിച്ചവരും പരുപരുപ്പുള്ള ശരീരികളും കുശന്മാരും പട്ടിണികിടക്കുന്നവരും പിത്തം വർദ്ധിച്ചവരും ഗർഭിണികളും കടുക്കാ പ്രത്യേകം കഴിക്കാൻ പാടുള്ളതല്ല.