കാഞ്ഞിരം അധികമായി ഉപയോഗിച്ചാൽ വിശേഷിച്ച് കേന്ദ്രനാഡിവ്യൂഹത്തിലും പേശികളിലും വിഷപ്രവൃത്തി ഉണ്ടാകും. അസ്വാസ്ഥ്യം, മാംസത്തിന് ശിഥില, തലച്ചുറ്റ്, ശ്വാസവൈഷമ്യം, വേദനയോടുകൂടിയ പേശീസങ്കോചം (ശരീരം വില്ലുപോലെ വളഞ്ഞു കൊച്ചുന്ന അവസ്ഥ അഥവാ കൺവൾഷൻ) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രക്തസമ്മർദം ഉയരുന്നു, വിശേഷിച്ച് കഴുത്തിലുള്ള പേശികൾക്ക് അധികം സങ്കോചവും, വായിൽ നിന്നും പത വരികയും രണ്ടു മൂന്നു മിനിറ്റിടവിട്ട് ശരീരഭാഗങ്ങൾ കോച്ചുകയും ചെയ്യുന്നു. ഏകദേശം 10 മുതൽ 30 മിനിറ്റിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ശ്വാസോച്ഛ്വാസരോധത്താൽ മരണമുണ്ടാകും.
30 മുതൽ 120 വരെ മില്ലിഗ്രാം ആൽക്കലോയ്ഡ് (സിട്രിക്ക്നിൻ) ഉള്ളിൽ ചെന്നാൽ മരണമുണ്ടാകും. കാഞ്ഞിരത്തിന്റെ ഒരു വിത്ത് പൊടിച്ച പരിപ്പ് മതിയാകും മരണത്തിന്, കാഞ്ഞിരവിഷബാധയിൽ കുട്ടികൾ പ്രായമായവരെ അപേക്ഷിച്ച് കുറവായിട്ടേ മരണത്തിനു വിധേയമാകുന്നുള്ളു.
കാഞ്ഞിരക്കുരുവിന് ദഹിക്കാത്ത ആവരണമുള്ളതിനാൽ മുഴുവനായി വിഴുങ്ങിയാൽ അത് സാധാരണയായി വിഷലക്ഷണം ഉണ്ടാക്കാതെ പുറത്തുപോകും. എന്നാൽ ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസരോധം മൂലം മരണം സംഭവിക്കാം. വെള്ളത്തിൽ കാഞ്ഞിരവിഷബാധ ഉണ്ടായാൽ മത്സ്യങ്ങൾ ചത്തുപോകും. കാഞ്ഞിരത്തിന്റെ ഇല ഭക്ഷിക്കുന്നതും മാരകമായേക്കാം. കാഞ്ഞിരമരത്തിൽ ഉണ്ടാകുന്ന ഇത്തിൾ ഭക്ഷിക്കുന്ന മൃഗങ്ങൾക്കും വിഷബാധയുണ്ടാകും.
കാഞ്ഞിരമരത്തിന്റെ വേര് മറ്റു വൃക്ഷങ്ങളുടെ വേരിൽ പ്രവേശിക്കുന്നതായാൽ അതിലുണ്ടാകുന്ന ഫലങ്ങൾക്ക് കയ്പ്പുരസം കാണും.
ശുദ്ധി ചെയ്യേണ്ട വിധം
കാഞ്ഞിരക്കുരു 7 ദിവസം ഗോമൂത്രത്തിൽ (ദിവസവും ഗോമൂത്രം പുതിയതെടുക്കണം) വച്ചിരുന്ന ശേഷം തോടിളക്കി പശുവിൻ പാലിലിട്ട് നിഴലിൽ വച്ച് ഉണക്കണം. അത് പശുവിൻ നെയ്യ് ചേർത്ത് ഉപയോഗിച്ചാൽ ദോഷകരമല്ല. കാഞ്ഞിരക്കുരു തോടു കളഞ്ഞ് ചെറുതായി നുറുക്കി നെയ്യിൽ വറുത്താലും ശുദ്ധിയാകുന്നതാണ്. പുറമേ ഉപയോഗിക്കുന്നതിന് ശുദ്ധിചെയ്യണമെന്നില്ല.