അക്കാന്തേസി സസ്യകുടുംബത്തിൽപ്പെട്ട കിരിയാത്തിന്റെ ശാസ്ത്ര നാമം ആൻഡ്രോഗ്രാഫിസ് പാനിക്കുലേറ്റ എന്നാണ്. 130 ദിവസത്തോളം മാത്രം വളർച്ചാകാലമുള്ള ഒരു ഹ്രസ്വകാല ഔഷധവിളയാണ് കിരിയാത്ത്. മഞ്ഞപ്പിത്തത്തിനും മലമ്പനിക്കും കരൾ സംബന്ധമായ രോഗങ്ങൾക്കും വിരശല്യത്തിനും ആമാശയ രോഗങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഔഷധങ്ങളുടെ തയാറെടുപ്പിന് ഔഷധനിർമാതാക്കൾക്കും ഗൃഹൗഷധങ്ങളുടെ തയാറെടുപ്പിനും കിരിയാത്ത് ആവശ്യമായി വരുന്ന ഒരു വിശിഷ്ടമായ ഔഷധിയാണ്. ശ്രീലങ്കയിലും ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇന്ത്യയിൽ മദ്ധ്യപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, അസം, ആന്ധ്രാ പ്രദേശ് കേരളം, തമിഴ്നാട് അതിർത്തികൾ എന്നിവിടങ്ങളിൽ നൈസർഗികമായി വളരുന്ന ഒരു ഔഷധിയാണ്. കൃഷിചെയ്യാൻ വളരെ എളുപ്പം.
പച്ചക്കിരിയാത്ത് ശരീരത്തിലെ താപനില നിയന്ത്രിക്കും കൂടാതെ ജ്വരത്തെ ശമിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും. നാടൻ പച്ചക്കിരിയാത്ത് ഇടിച്ചുപിഴിഞ്ഞ നീർ ടീ സ്പൂൺ കണക്കിനെടുത്ത് അര ടീസ്പൂൺ ചെറുതേനും ചേർത്ത് കാലത്തും വൈകിട്ടും സേവിക്കുന്നത് കരൾ വീക്കമെന്ന മഹാരോഗത്തിന് അത്യുത്തമമാണ്. പഥ്യമായിട്ട് ഉപ്പു കുറയ്ക്കുക.
പച്ചക്കിരിയാത്ത് ഇടിച്ചുപിഴിഞ്ഞ നീരിൽ ലേശം അയമോദകപ്പൊടി ചേർത്തു ദിവസവും കഴിക്കുന്നത് ശരീരം ചീർത്തിരിക്കുന്ന പ്രമേഹ രോഗികൾക്കു നന്നാണ്. മലകിരിയാത്ത്, കടുകുരോഹിണി, ചെറിയ ആടലോടകവേര് ഇവ സമമായെടുത്തു കഷായം വച്ച് 20 മില്ലി വീതം കാലത്തും വൈകിട്ടും കഴിക്കുന്നത്, ജ്വരകാസത്തിനും സ്ഥിരമായുണ്ടാകുന്ന ജ്വരത്തിനും ഔഷധമാകുന്നു.
മലകിരിയാത്ത്, ത്രിഫലത്തോട്, മുന്തിരിങ്ങ ഇവ കഷായം വെച്ച് പഞ്ചസാരയും ചേർത്ത് 30 മില്ലി വീതം കാലത്തും ഉച്ചയ്ക്കും വൈകിട്ടും കഴിക്കുന്നത് മഞ്ഞപ്പിത്തം തുടങ്ങിയ പത്തിക രോഗങ്ങൾക്കു വിശേഷമാണ്. കിരിയാത്ത്, ചിറ്റരത്ത, ചെറുതേക്ക്, ചുക്ക് ഇവ കഷായം വച്ച് 20 മില്ലി വീതമെടുത്ത് ലേശം ആവണക്കെണ്ണ ചേർത്ത് ദിവസം രണ്ടു നേരം വീതം കഴിച്ചാൽ ആമവാതം ശമിക്കും
കിരിയാത്ത്, മുന്തിരിങ്ങ, കടുക്കാത്തോട്, പുരാണകിട്ടും ഇവ കഷായം വെച്ച് 25 മില്ലി വീതം എടുത്തു ശർക്കര മേമ്പൊടിയാക്കി കഴിക്കുന്നത് പിത്താശയജന്യമായ രോഗങ്ങൾക്കും ശരീരമാസകലം ഉണ്ടാകുന്ന വിളർച്ചയ്ക്കും ഏററവും ഫലപ്രദമാണ്