ഗർഭാശയമുഴകൾ രൂപംകൊള്ളുന്നതിൽനിന്നും ചില ഘടകങ്ങൾ സ്ത്രീകളെ സംരക്ഷിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതാനും സ്ത്രീകളിൽ നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് കുട്ടികളുള്ള സ്ത്രീകൾക്ക് കുട്ടികളൊന്നും ഇല്ലാത്ത സ്ത്രീകൾക്കുള്ളതിന്റെ പകുതിമാത്രമേ സാധ്യതയുള്ളൂ എന്നാണ്. എങ്കിലും കുട്ടികളുണ്ടായിരിക്കുന്നത് ഗർഭാശയമുഴകൾ ഉണ്ടാകുന്നതിൽനിന്ന് സംരക്ഷിക്കുമെന്നോ കുട്ടികളില്ലാത്ത സ്ത്രീകളുടെ വന്ധ്യതയ്ക്ക് ഗർഭാശയമുഴകൾ കാരണമാണെന്നോ ശാസ്ത്രജ്ഞർക്ക് തീർച്ചയൊന്നുമില്ല. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവുമായി നിലകൊള്ളുന്ന ആരോഗ്യ ഗവേഷണ സ്ഥാപനങ്ങൾ ഈ വിഷയത്തിലും ഗർഭാശയമുഴകളുടെ രോഗനിർണ്ണയത്തിലും ചികിത്സയിലും അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളിലും കൂടുതൽ ഗവേഷണങ്ങൾ നടത്തിവരുന്നു.
സ്ത്രീകളിൽ ഗർഭാശയത്തിൽ ഏറ്റവും സാധാരണയായി കാണുന്ന മുഴകളാണ് ഫൈബ്രോയ്ഡ്സ് . അഞ്ചിൽ ഒരു സ്ത്രീയ്ക്ക് ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാകാം . ഇത് മാസമുറ നിൽക്കുന്നത് വരെ ഉണ്ടാകാനും വളരാനുമുള്ള സാധ്യതയുണ്ട് .
മുഴകൾ വരാനുള്ള സാധ്യത
ഭൂരിഭാഗം സ്ത്രീകളിലും ഇതിന് പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടികാണിക്കാനാവില്ല . ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് . ചില പ്രത്യേക വിഭാഗം സ്ത്രീകളിൽ , അതായത് അമിതവണ്ണം ഉള്ളവർ , വളരെ നേരത്തെ ആർത്തവം തുടങ്ങിയവർ , വളരെ വൈകിയ പ്രായത്തിൽ ആർത്തവം , പൂർണ്ണമായി നിന്നവർ , അമിതമായി മാംസാഹാരം കഴിക്കുന്നവർ എന്നിവരിൽ ഗർഭാശയമുഴകൾ കൂടുതലായി കാണുന്നു . പാരമ്പര്യം - അതായത് അമ്മയ്ക്കോ , സഹോദരങ്ങൾക്കോ മുഴകൾ ഉണ്ടെങ്കിൽ , വരാനുള്ള സാധ്യത കൂടുന്നു .
ലക്ഷണങ്ങൾ
മിക്കവാറും സ്ത്രീകളിൽ വേറെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് സ്കാൻ ചെയ്യുമ്പോഴാണ് ഗർഭാശയത്തിലെ മുഴകൾ കണ്ടുപിടിക്കപ്പെടാറുള്ളത് . മിക്കവാറും ഇത് ചെറുതുമായിരിക്കും . ഏറ്റവും പ്രധാന ലക്ഷണം ആർത്തവസമയത്തെ അമിത രക്തസ്രാവം ആണ് . കൂടുതൽ ദിവസം രക്തസ്രാവം ഉണ്ടാകുകയോ , രക്തം കട്ടയായിപോകുന്നതോ ഇതിൽപ്പെടാം . ആർത്തവസമയത്തെ അമിതമായ വയറുവേദന , നടുവുവേദന , വന്ധ്യത , മുഴകൾ മൂത്രസഞ്ചിയെയോ കുടലിനെയോ അമർത്തുന്നതുമൂലമുള്ള മൂത്രതടസ്സം , മലബന്ധം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ .
എല്ലാ ഗർഭാശയമുഴകളും ക്യാൻസർ ആണോ?
അല്ല . ഒരു ശതമാനത്തിലും താഴെ സ്ത്രീകളിൽ മാത്രമേ ഗർഭാശയമുഴകൾ ക്യാൻസർ ആയി രൂപാന്തരപ്പെടാറുള്ളു . ഇത് മിക്കവാറും കാണുന്നത് മുഴകൾ പെട്ടെന്ന് വലുതാകുകയോ , മാസമുറ പൂർണ്ണമായി നിന്നതിനു ശേഷം ഗർഭപാത്രമുഴ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് .
മുഴയുടെ വലുപ്പം കുറയുന്നത് എപ്പോൾ
മാസമുറ പൂർണ്ണമായി നിന്നതിനുശേഷം ശരീരത്തിൽ ഈസ്ട്രജന്റെ അളവ് വളരെ അധികം കുറയുന്നതിനാൽ മുഴയുടെ വലുപ്പം കുറയുന്നതായും , ചെറിയ മുഴകൾ ഒന്ന് രണ്ടു വർഷം കൊണ്ട് പൂർണ്ണമായി ഇല്ലാതാകുകയും ചെയ്യുന്നത് കാണാറുണ്ട് . അല്ലാത്തപക്ഷം സ്ത്രീകളിൽ ഒന്നുകിൽ ഇത് അതേ വലുപ്പത്തിൽ കുറെക്കാലം നിൽക്കുകയോ , ചുരുക്കം ചിലരിൽ വലുപ്പം കൂടി രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യാം .