ഔഷധഗുണം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഏറെ ഗവേഷണം അര്‍ഹിക്കുന്നതുമായ ഒരു വൃക്ഷമാണ് ചെമ്മരം അഥവാ കരകില്‍. മഹാഗണിയും ആര്യവേപ്പും അടങ്ങുന്ന മെലിയേസി കുടുംബത്തിലെ അംഗമായ ചെമ്മരം ഇന്ത്യ, പാകിസ്ഥാന്‍,നേപ്പാള്‍,ഭൂട്ടാന്‍,ബംഗ്ലാദേശ്,മ്യാന്‍മാര്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്നു. ഇതിന്റെ തടി കപ്പല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. 20 മീറ്റര്‍ ഉയരം വരുന്ന ഇതിന്റെ തൊലി ചുവപ്പു കലര്‍ന്ന ബ്രൗണും പച്ചയും ചേര്‍ന്നതാണ്. സംയുക്ത ഇലകളും പോളിഗാമസ് പൂക്കളും 2- 3 വിത്തുകള്‍ ഉളക്കൊള്ളുന്ന മിനുസമുളള മഞ്ഞ കായകളുമാണ് ഇവയ്ക്കുള്ളത്. ഡിസംബര്‍-ജാനുവരി കാലത്ത് പൂക്കുന്ന ചെമ്മരം കേരളത്തില്‍ സാഹ്യാദ്രി മലനിരകളിലാണ് കാണപ്പെടുന്നത്.
വൈവിധ്യമാര്‍ന്ന രാസഘടനയിലുള്ള ഫൈറ്റോകെമിക്കലുകളാണ് ഇവയുടെ പ്രത്യേകത. ഓക്‌സിജന്‍ സംപുഷ്ടമായ പലതരം ആല്‍ക്കലോയിഡുകളും ലിമനോയ്ഡുകളും ടെര്‍പിനോയ്ഡുകളും അടങ്ങിയിട്ടുളളതിനാല്‍ ഒഷധഗുണം ഏറും.അഫനാമിക്‌സിസ് പോളിസ്റ്റാക്കിയ എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം.ഇംഗ്ലീഷ് നാമം രോഹിത്തുക ട്രീ എന്നും. കരള്‍, പ്ലീഹ എന്നിവയുടെ അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദത്തിലും ഹോമിയോപ്പതിയിലും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. സ്പലീനോമെഗലിയുടെ ചികിത്സയ്ക്കും മലേറിയയുടെ അനുബന്ധ ചികിത്സയ്ക്കും ഉത്തമമാണ്.വാതസംബന്ധമായ നീര്‍ക്കെട്ടും വേദനയും മാറ്റുന്നതിന് ഇലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചെറു ചൂടോടെ കുളിക്കുകയോ നീര്‍ക്കെട്ടുള്ളിടത്ത് ധാര കോരുകയോ ചെയ്യാം. തൊലി അരച്ചോ ഉണക്കിപൊടിച്ച് പേസ്റ്റാക്കിയോ നീരുള്ള ഭാഗത്ത് വയ്ച്ചുകൊട്ടുന്നതും നല്ലതാണ്. കായ,ഇല, തൊലി എന്നിവ കാന്‍സര്‍ ചികിത്സയ്ക്ക് ഉപകരിക്കുമോ എന്ന ഗവേഷണം നടന്നുവരുന്നു. വിത്തും എണ്ണയും കീടനാശിനിയായി ഉപയോഗിക്കുന്നുണ്ട്. വേപ്പുപോലെ പ്രചാരണം ലഭിക്കേണ്ട ഒരു വൃക്ഷമാണ് ചെമ്മരം.ഇത് നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡും ഔഷധ സസ്യ ഏജന്‍സിയും ശ്രമം നടത്തേണ്ടതുണ്ട്.