നിര്‍ജ്ജലീകരണം പലരേയും ബാധിക്കാറുണ്ട്. ചെറിയ തലകറക്കം, ക്ഷീണം തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്ന രക്തത്തിലെ വ്യതിയാനം വരെ നിര്‍ജ്ജലീകരണം മൂലമുണ്ടാകാം. പനി, ഛര്‍ദ്ദി, വയറിളക്കം, വിയര്‍പ്പ് അമിതമാകുന്ന അവസ്ഥ, മൂത്രം അധികമായി പോകുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിലെല്ലാം നിര്‍ജ്ജലീകരണം സംഭവിക്കാം. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് കൊണ്ടുണ്ടാകുന്ന നിര്‍ജ്ജലീകരണം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അത് ക്രമേണ പല അസുഖങ്ങളിലേക്കും നയിക്കും. മൂത്രാശയ- വൃക്ക സംബന്ധമായ അസുഖങ്ങളൊക്കെ ഇതിനുദാഹരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചൂടുകാലത്തെ നിർജ്ജലീകരണം മൂലമുണ്ടാകുന്ന കാലവേദനയ്ക്ക് ഇവ പരീക്ഷിച്ചു നോക്കൂ
എന്നാല്‍ പലപ്പോഴും ശരീരം നിര്‍ജ്ജലീകരണത്തിലൂടെ കടന്നുപോകുകയാണെന്ന് മനസിലാക്കാന്‍ പോലും പലര്‍ക്കും കഴിയാറില്ല. ശരീരം തന്നെ പല ലക്ഷണങ്ങളിലൂടെ ഇത് കാണിക്കാം. ഇടവിട്ടുള്ള തലവേദന, മൂത്രം കടും നിറത്തിലാകുന്നത്, മൂത്രത്തിന്റെ അളവ് കുറയുന്നത്, ശ്വാസവ്യത്യാസം, ക്ഷീണം, അസ്വസ്ഥത, തലചുറ്റല്‍ ഇങ്ങനെ പല ലക്ഷണങ്ങളും നിര്‍ജലീകരണം മൂലം ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: അറിയൂ… അമിതമായ ദാഹം ചില രോഗലക്ഷണങ്ങളാകാം!
ഇതിനോടൊപ്പം തന്നെ നിര്‍ജലീകരണം നേരിടുന്നവരുടെ ചര്‍മ്മവും ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇത് അധികമാരും അറിഞ്ഞുവയ്ക്കാത്ത, ശ്രദ്ധിക്കാത്ത ഘടകങ്ങളാണ്. ആരോഗ്യത്തിന്റെ ആകെ അവസ്ഥ ചര്‍മ്മത്തിലൂടെ മനസിലാക്കാനാകും. അതുപോലെ തന്നെയാണ് ജലാംശത്തിന്റെ തോതും ചര്‍മ്മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ മനസിലാക്കാനാവുന്നത്.
ചര്‍മ്മം അസാധാരണമായി പരുക്കനായി കാണപ്പെടുന്നത്, ചര്‍മ്മത്തില്‍ നിറവ്യത്യാസം കാണുന്നത്, ചര്‍മ്മം വരണ്ടുപൊട്ടുന്നത്, പ്രായമായവരിലെപ്പോലെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നത് എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. എല്ലായ്‌പ്പോഴും ഈ പ്രശ്‌നങ്ങള്‍ നിര്‍ജലീകരണം മൂലം സംഭവിക്കുന്നതാകണമെന്നില്ല. പക്ഷേ, ഇതിന്റെ ലക്ഷണമായും ഇവയെല്ലാം സംഭവിച്ചേക്കാം.
ചിലരില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്താത്ത സാഹചര്യത്തില്‍ ചര്‍മ്മത്തില്‍ 'ഡാര്‍ക് സര്‍ക്കിള്‍സ്' രൂപപ്പെട്ട് കണ്ടേക്കാം. അതുപോലെ ചര്‍മ്മം ഉണങ്ങി വരണ്ട്- പിന്നീട് അവിടങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതും 'ഡീഹൈഡ്രേഷന്‍' മൂലമാകാം.
മറ്റ് ചിലരിലാണെങ്കില്‍ ചര്‍മ്മം എപ്പോഴും തിളക്കമറ്റ് മങ്ങിയിരിക്കും. അതുപോലെ വേണ്ടത്ര വെള്ളം കിട്ടാതെ വിഷാംശങ്ങള്‍ പുറത്തുപോകാന്‍ ബുദ്ധിമുട്ടുന്നത് മൂലം മുഖക്കുരുവും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങളെല്ലാം നിര്‍ജലീകരണവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. എല്ലായ്‌പോഴും അങ്ങനെയാകണമെന്നില്ല, എങ്കിലും ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അല്‍പം കരുതലെടുക്കുക. ശരീരത്തിന് വേണ്ട അളവില്‍ വെള്ളം ലഭ്യമായില്ലെങ്കില്‍ അത് ആദ്യം സൂചിപ്പിച്ചത് പോലെ നിസാരമായ രോഗങ്ങളല്ല ഉണ്ടാക്കുകയെന്ന് എപ്പോഴും ഓര്‍ക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.