ആയുർവേദത്തിൽ അഗ്നിയെ വർദ്ധിപ്പിക്കുന്നതിനുള്ള ഒരുത്തമ ഔഷധമാണ് കൊടുവേലി. , കൊടുവേലി വെളുത്തതും ചുവന്നതും നിലയും മഞ്ഞയും കാണുന്നുണ്ട്. എന്നാൽ ചുവന്ന കൊടുവേലിയാണ് ഔഷധങ്ങൾക്കുപയോഗിച്ച വരുന്നത്. രസത്തിൽ എരിവും ഗുണത്തിൽ ലഘുവും രൂക്ഷവും തീക്ഷ്ണവും വീര്യത്തിൽ ഉഷ്ണവുമാണ്. വിപാകത്തിൽ എരിവായും മാറുന്നു.
കൊടുവേലി ശുദ്ധി ചെയ്യാതെ ഉള്ളിലേക്കു കൊടുക്കുന്ന ഔഷധങ്ങളിൽ പ്രയോഗിക്കരുത്. അധികമായാൽ കുടൽ പൊള്ളും. ശരീരം മുഴുവൻ പുകച്ചിൽ അനുഭവപ്പെടും. രക്താതിസാരത്തിനും ഭ്രമത്തിനും ഗർഭാശയ സ്രാവത്തിനും ഇടയാക്കും. ഈ അവസ്ഥയിൽ ചന്ദനം, രാമച്ചം ഇവ പച്ചവെള്ളത്തിലോ പാലിലോ കഴിക്കണം
ഉപയോഗിക്കേണ്ട വിധം
ചതച്ച് നാരെടുത്തു കളഞ്ഞ് ചുണ്ണാമ്പു കലക്കിയ വെള്ളത്തിലിടുക. അതിന്റെ ചുവപ്പുനിറം വെളുക്കുന്നതുവരെ ചുണ്ണാമ്പുവെള്ളം മാറിമാറി ഒഴിച്ചു കൊടുക്കണം; പിന്നീട് ഔഷധങ്ങളിൽ ചേർക്കാം. ചതച്ചു മോരിൽ കഴുകിയാലും ശുദ്ധമാകും; പലതരത്തിൽ വൃദ്ധവൈദ്യന്മാർ ശുദ്ധി ചെയ്യുന്നുണ്ട്.
ആഹാരം കഴിച്ചാലുടൻ മലം പോകുന്ന ഗ്രഹണി രോഗത്തിന് ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് അരച്ച് 100 മില്ലി മോരിൽ കലക്കി രാവിലെയും വൈകിട്ടും കഴിക്കുന്നതു വിശേഷമാണ്. മന്തിനും, വെള്ളപ്പാണ്ടിനും കൊടുവേലി ശുദ്ധി ചെയ്യാതെ അരച്ചു പുരട്ടിയാൽ തൊലിപ്പുറം പൊള്ളി വെള്ളം ഊർന്ന് ശുദ്ധമാകും. കൈ പൊള്ളാതെ കല്ലിൽ വെച്ചരച്ച് പനയോലകൊണ്ടു സൂക്ഷിച്ച് എടുത്തുകൊളളണം.
ശുദ്ധി ചെയ്ത കൊടുവേലിയും അമൃതും കഷായം വച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് പ്രമേഹത്തിനു നന്നാണ്. ത്വക്ക് രോഗങ്ങൾക്ക് കൊടുവേലി അരച്ചു വെളിച്ചെണ്ണ കാച്ചി പുരട്ടുന്നതു പ്രയോജനം ചെയ്യും.
കൊടുവേലി 10 ഗ്രാം ശുദ്ധി ചെയ്യാതെ അരച്ച് പുതിയ മൺകലത്തിനകത്തു തേച്ച് വെയിലത്തുണക്കി അതിൽ രണ്ടു ലിറ്റർ മോരൊഴിച്ചു വെച്ചിരുന്ന് ഒരു രാത്രി കഴിഞ്ഞ് കുറേശ്ശേ കഴിക്കുന്നത് എല്ലാവിധ അർശസ്സിനും അഗ്നിമാന്ദ്യം ഉണ്ടാകാതിരിക്കാനും നന്നാണ്. ആസിഡ് അടങ്ങിയിട്ടുള്ള കൊടുവേലി ഔഷധങ്ങളിൽ ചേർക്കുന്നതിന് വൃദ്ധവൈദ്യനിർദ്ദേശം ആവശ്യമാണ്