ഹിന്ദുക്കൾക്ക് ആരാധ്യമായ വൃക്ഷമാണ് കൂവളം. ഇതിൽ പല വിഷ വസ്തുക്കളും ഉണ്ടെങ്കിലും ഒരു വിഷലൗഷധമായി അംഗീകരിച്ചു വരുന്നുമുണ്ട്.
എന്നാൽ പഴുത്ത കൂവളക്കായുടെ ഗുണം സ്നിഗ്ദ്ധവും സരവും ശ്ലഷ്ണവുമാണ്.
നഞ്ച് കഴിച്ച് വിഷം മാറിക്കിട്ടാൻ കൂവളത്തിന്റെ വേരും മുത്തങ്ങയും പാലിൽ അരച്ചുകലക്കി കഴിക്കുന്നത് ഏറ്റവും നന്നാണ്. കൂവളം ചേർത്തുണ്ടാക്കുന്ന വില്വാദിഗുളിക എല്ലാ വിഷങ്ങൾക്കും സേവിപ്പിക്കുന്നതും കടിവായിൽ ലേപനം ചെയ്യുന്നതും വിശേഷമാണ്.
കൂവളക്കായുടെ മജ്ജ, അയമോദകം ഇവ സമം ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം ദിവസം മൂന്നുനേരം സേവിക്കുന്നത് അതിസാരത്തിനും പ്രവാഹികയ്ക്കും ഉദരജന്യമായ കൃമിക്കും നന്നാണ്. പഴുത്ത കൂവളക്കായുടെ മജ്ജ ദിവസം ഓരോ നേരം ഒരാഹാരമെന്നോണം കഴിക്കുന്നത് കൊക്കോപ്പുഴു തുടങ്ങിയ ഉദരകൃമികൾക്കു നന്നാണ്.
കൂവളത്തിലയിടിച്ചു പിഴിഞ്ഞ നീരിൽ വയമ്പും കൊട്ടവും വരട്ടുമഞ്ഞളും കല്ക്കമാക്കി എണ്ണയോ വെളിച്ചെണ്ണയോ കാച്ചി വെച്ചിരുന്ന് തുള്ളിക്കണക്കിന് ചെവിയിലൊഴിക്കുന്നത് കർണശൂലയ്ക്കും പഴുപ്പിനും വിശേഷമാണ്. കൂവളത്തിലനീര് 10 മില്ലി വീതം പ്രാതഃകാലത്തു കഴിക്കുന്നത് പ്രമേഹത്തിനു നന്ന്. കൂവളവേര് കഷായം വെച്ച് മലർപ്പൊടിയും തേനും മേമ്പൊടി ചേർത്തു കഴിക്കുന്നത്, അതിസാരത്തിനും പ്രവാഹികയ്ക്കും ഛർദ്ദിക്കും നന്നാണ്. (കുട്ടികൾക്ക് അതിവിശേഷം.)
മുലപ്പാലു കുടിച്ചാലുടൻ ഛർദ്ദിക്കുന്ന കൊച്ചു കുട്ടികൾക്ക് അമ്മയുടെ മുലയിൽ കൂവളത്തിന്റെ വേര് അരച്ചു പുരട്ടി ഉണങ്ങിക്കഴിഞ്ഞാലുടൻ മുല കഴുകി വൃത്തിയാക്കി പാലു കുടിപ്പിക്കുന്നത് പ്രയോജനകരമാണ്.
ഇളയ കൂവളക്കായുടെ മജ്ജ, ജാതിക്ക, അതിവിടയം, അയമോദകം, ഉപ്പുമാങ്ങയണ്ടിപ്പരിപ്പ്, മാതളത്തോട്, ജീരകം, ഗ്രാമ്പൂ, ചെറുതിപ്പലി, ഞാവൽക്കുരു എന്നിവ സമം വറുത്തു പൊടിച്ച് വെളുത്തുള്ളി നീരിലരച്ച് ഓരോ ഗ്രാം ഗുളികയാക്കി തേൻ, തൈര്, മോര് ഇതിലേതെങ്കിലും ചേർത്ത് സേവിപ്പിക്കുക; ഇത് എല്ലാവിധ അതിസാരത്തിനും ഗ്രഹണിക്കും നന്ന്.