കൂവളത്തിന്റെ ഔഷധപ്രാധാന്യമാണ് അതിന്റെ മേന്മ വർധിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ, ആയുർവേദം ആയിരം നാവോടെയാണ് കൂവള മാഹാത്മ്യം പ്രകീർത്തിക്കുന്നതും. ആയുർവേദത്തിലെ ദശമൂലകങ്ങളിലൊന്നാണ് കൂവളം.
വിഷഹരങ്ങളായ പല വസ്തുക്കളും ഉൾക്കൊള്ളുന്ന ഇതിന്റെ തൊലി, വേര്, പഴം, വിത്ത് എന്നിവയിലെ ഔഷധ വീര്യം കൂവളത്തെ ശക്തമായ ഒരു വിഷലൗഷധമായി മാറ്റുന്നു. നന്നായി പഴുത്ത പഴം മലശോധന വർധിപ്പിക്കുമ്പോൾ മൂപ്പെത്താത്ത കായ, അതിസാരം, വയറിളക്കം ഇവയെ ശമിപ്പിക്കാൻ സമർഥമായിട്ടുള്ളതാണ്. മാർമലോസിൻ എന്ന രോഗഹരമായ വസ്തുവായിരിക്കാം അതിന്റെ ഔഷധഗുണത്തിനു നിദാനമെന്നു കരുതുന്നു.
വൃക്ഷത്തിന്റെ ടി, മരപ്പട്ട, ഇല, വേര്, എന്നിവയിൽ നിന്നും പലതരം ആൽക്കലോഡുകൾ, സ്റ്റീറോയ്ഡുകൾ, കുമറീനുകൾ ഇവ വേർതിരിച്ചെടുത്തിട്ടുണ്ട്. ഇലകളിൽ നിന്ന് വീര്യമുള്ള എസൻഷ്യൽ ഓയിലുകൾ വേർതിരിച്ചെടുത്തു പശകൾ, വാട്ടർ പ്രൂഫിങ്, ഓയിൽ ഇമൽഷൻ വസ്തുക്കൾ എന്നിവ നിർമിക്കാനും സാധ്യമാണെന്നും പഠനങ്ങൾ കാണിക്കുന്നു.
മരപ്പട്ടച്ചാറ്, അല്പം ജീരകവും ചേർത്തു കഴിക്കുന്നത് ശുക്ലവർധകമാണ്. വേരിന്റെ മേൽ തൊലി കൊണ്ടുള്ള കഷായം ഹൃദ്രോഗത്തിന് ഉത്തമമാണെന്നു കാണുന്നു. ഇല, വേര്, ഫലം ഇവയ്ക്ക് ആന്റിബയോട്ടിക് ഗുണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഏതുതരം പുഴുക്കടിയെയും ശമിപ്പിക്കാനാവും, കൂവളവേര് മുഖ്യചേരുവയായി ഉണ്ടാക്കുന്ന വിലാദി ഗുളിക എന്ന ആയുർവേദ ഔഷധം വിഷഹരമായി സർവാംഗീകാരം നേടിയിട്ടുള്ളതാണ്. വിഷം ഉള്ളിൽ ചെന്നതിനെ നിർവീര്യമാക്കാൻ കൂവളവേരും മുത്തങ്ങകിഴങ്ങും പാലിൽ അരച്ചു കുടിക്കാൻ നിർദേശിച്ചുകാണുന്നു.