'കൊട്ടംചുക്കാദി തൈലം' മിക്കവർക്കും പരിചിതമായിരിക്കും. ഈ തൈലത്തിലെ പ്രധാന ചേരുവയാണ് കൊട്ടം. 'സസ്സൂറിയ ലാപ്പ ( Saussurea lappa) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കൊട്ടം ഇംഗ്ലീഷിൽ കാസ്റ്റസ് എന്ന പേരിൽ അറിയപ്പെടുന്നു
കാശ്മീർ ഭാഗങ്ങളിൽ കൂടുതൽ കാണപ്പെടുന്നതു കൊണ്ട് കാശ്മീരജം എന്നും പുഷ്കരമൂലത്തി നോട് സാദൃശ്യമുള്ളതിനാ പുഷ്കര എന്നും പേരുണ്ട്. ഹിന്ദിയിലും മറാഠിയിലും കുഠ് എന്നാണ്. തമിഴിലും മലയാളത്തിലും കൊട്ടം എന്നും അറിയപ്പെടുന്നു. കാശ്മീരിലും മറ്റു ഹിമാലയ പ്രാന്തങ്ങളിലും കാണപ്പെടുന്നു
'saussuorea lappa' എന്നു ഇംഗ്ലീഷിൽ അറിയപ്പെടുന്നു.'കുഷ്ഠം' എന്നു സംസ്‌കൃതത്തിലും കൊട്ടം അറിയപ്പെടുന്നു. 'കുഷ്ഠം' എന്ന പദത്തിന്റെ തദ്ഭവമാണ് 'കൊട്ടം' എന്നത്. പണ്ട് യുദ്ധകാലത്തു ധാരാളം 'കൊട്ടണ്ണ വിളക്കുകൾ' തെളിയിച്ചതിനെക്കുറിച്ചുള്ള പരമാർശ്ശങ്ങൾ ചരിത്ര പുസ്തകങ്ങളിൽ കാണാൻ കഴിയും. ഇതിന്റെ തൈലം വായു നാശകവും രോഗാണുനാശിനിയും മൂത്ര വർധകവുമാണ്. അകത്തു കഴിച്ചാൽ വയറ്റിൽ ചൂട് വർധിക്കും. പ്രധാനമായും കൊട്ടത്തിന്റെ വേര് ഔഷധ ഉപയോഗത്തിന് എടുക്കുന്നു.
ആയുർവേദ ഗുണങ്ങൾ:
"കുഷ്ഠം കടൂഷ്ണം തിക്തം സ്യാത് കഫമാരുത രക്തജിത്
ത്രിദോഷവിഷകണ്ഡൂംശ്ച കുഷ്ട
രോഗാംശ്ച നാശയേത് "
കൊട്ടത്തിന്റെ കടു തിക്ത രസങ്ങളും ഉഷ്ണവീര്യവും കൊണ്ട് കഫവും മധുര രസവും ഉഷ്ണവീര്യവും കൊണ്ട് വാതവും ശമിക്കുന്നു. അഗ്നിദീപ്തി ഉണ്ടാക്കുന്നു. ശ്വാസരോഗങ്ങൾ, കാസം (ചുമ), ചർമ്മ രോഗങ്ങൾ, അലർജി ഇവ ശമിപ്പിക്കുന്നു. ശുക്ലാർത്തവങ്ങളെ ശുദ്ധീകരിക്കുകയും ഗർഭാശയവൈകല്യങ്ങൾ അകറ്റുകയും ചെയ്യുന്നുവെന്നു ഭാരതീയ ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു.
കൊട്ടം,കായം,വയമ്പ്, ദേവതാരം, ചതകുപ്പ, ചുക്ക്, ഇവ കല്ക്കമായി ഇന്തുപ്പ് പാത്രപാകത്തിൽ അജമൂത്രത്തിൽ കാച്ചിയ എണ്ണ ചെവിയിലെ നാറ്റം(പൂതികർണം) ശമിക്കാൻ ആയുർവേദം നിർദ്ദേശിക്കുന്നു.ശരീരത്തിന് അഴകും സുഗന്ധവും ഉണ്ടാകാൻ കൊട്ടം, മഞ്ഞൾ,കടുക്, രാമച്ചം, ചന്ദനം, ഇവ സമമായി പനിനീരിൽ അരച്ചു ശരീരത്തിൽ പുരട്ടി ചെറു ചൂട് വെള്ളത്തിൽ പതിവായി സ്നാനം ചെയ്താൽ മതിയാകുന്നതാണ്. കുട്ടികളുടെ(ജാതമാത്രന്റെ) പൊക്കിൾ പഴുത്താൽ കൊട്ട തൈലം പുറമെ പുരട്ടുന്നത് ഉണങ്ങാൻ സഹായിക്കുന്നു.
"കുഷ്ഠ തൈലേന സേചയേൽ" എന്നാണ് അഷ്ടാംഗഹൃദയം പറയുന്നത്.
കൊട്ടം,രാമച്ചം, ചന്ദനം, ഇവ സമം മോരിൽ അരച്ചു കുറുക്കി വറ്റിച്ചു കുഴമ്പാക്കി ലലാടത്തിൽ(നെറ്റിയിൽ) പുരട്ടിയാൽ തലവേദന ശമിക്കും. ചൈനക്കാരും മറ്റും കൊട്ടത്തിനു മുടിയുടെ നര മാറ്റാൻ കഴിയുമെന്ന് രേഖപെടുത്തിയിട്ടുണ്ട്. കടുകെണ്ണയിൽ കൊട്ടം അരച്ചു പുരട്ടുന്നത് മുടിയിലെ നര മാറാൻ സഹായിക്കുന്നു.കൊട്ടം കൊണ്ടുള്ള തൈലം ഗുരുതരമായ വ്രണങ്ങളും ചർമ്മ രോഗങ്ങളും സുഖപ്പെടാൻ ഉപകരിക്കുന്നു.കൊട്ടം മൂത്രവർധകവും വിരസംഹാരിയുമാണെന്നു യുനാനി ചികിൽസകർ അഭിപ്രായപ്പെടുന്നു.
കടപ്പാട്.