Health & Herbs

സ്‌നേഹിക്കാം നമുക്കീ ഔഷധികളെ

സോഷ്യല്‍ മീഡിയയുടെ ജനപ്രീതി വര്‍ദ്ധിച്ചപ്പോള്‍ നമ്മള്‍ പല കാര്യങ്ങളും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ചിലതൊക്കെ തെറ്റായ സന്ദേശങ്ങളാണെങ്കിലും ചിലതൊക്കെ നാം അറിയേണ്ടതുതന്നെ. അതില്‍ ഏറ്റവും പ്രധാനം നമ്മുടെ ആഹാരവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു കണ്ട ഒരു വീഡിയോ ക്ലിപ്പിലെ കാഴ്ച നടുക്കുന്നതായിരുന്നു. തോട്ടത്തില്‍ നിന്നും പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചായത്തില്‍ മുക്കിയെടുക്കുന്നു, വെള്ളരി പോലുള്ള പച്ചക്കറികളുടെ തണ്ടില്‍ ഹോര്‍മോണുകള്‍ കുത്തിവെയ്ക്കുന്നു, രണ്ടുദിവസത്തിനുള്ളില്‍ അത് വളര്‍ന്ന് വലുതാവുന്നു. ഇത്തരം നൂറുകണക്കിന് വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. 

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമയുടെ ചില കണ്ടെത്തലുകള്‍ കേരള മനസ്സാക്ഷിക്കു മുന്‍പില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. കേരളം പൂര്‍ണ്ണമായും ഒരു ഉപഭോക്തൃ സംസ്ഥാനമായിത്തീര്‍ന്നിരിക്കുന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാടകയിലും നിന്നുമൊക്കെ വരുന്ന എന്തും നാം വാങ്ങിക്കഴിക്കുമെന്ന യാഥാര്‍ത്ഥ്യം അവര്‍ക്കും മനസ്സിലായി. ശ്വസിച്ചാല്‍ പോലും വിഷമേല്‍ക്കുന്ന തരത്തിലുള്ള, നിരോധിച്ചിട്ടുള്ള വിഷങ്ങള്‍ വാരി വിതറിയ പച്ചക്കറികള്‍ കേരളജനതയ്ക്കുവേണ്ടി അവര്‍ കയറ്റി അയച്ചു. നാമതൊക്കെ വാങ്ങി ഉപയോഗിക്കുകയും ചെയ്തു. നാം മറ്റു സംസ്ഥാനങ്ങളിലെ ആളുകളേക്കാള്‍ രോഗപീഡിതരും രോഗഗ്രസ്തരുമായി.

പക്ഷേ, ഈ കാലഘട്ടം കേരളത്തെപ്പറ്റി അഭിമാനിക്കാന്‍ വകനല്‍കുന്നുണ്ട്. വിഷമില്ലാത്ത ആഹാരസാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കണമെന്നുള്ള ചിന്ത ഉടലെടുത്തിരിക്കുന്നു. കേരളചരിത്രമെടുത്തു നോക്കിയാല്‍ ഇവിടെ ഉല്പാദിപ്പിച്ചിരുന്ന പച്ചക്കറികളായിരുന്നു അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. ഭാരതത്തിലെ നെല്ലുല്‍പാദനത്തില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് നാം പൂര്‍ണ്ണമായും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്ന അരി ഒന്നിനും തികയുന്നില്ല. ആലപ്പുഴയില്‍ നിന്നും കിട്ടുന്ന പൊക്കാളിയരി വാങ്ങാന്‍ ചെന്നാല്‍ നിറം പിടിപ്പിച്ചു മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പൊക്കാളിയാണ് കിട്ടുന്നത്. നമ്മുടെ പൊക്കാളി കമ്പോളത്തില്‍ വന്നാല്‍ അന്നുതന്നെ തീരും. പച്ചക്കറിക്കടയില്‍ ചെന്നാല്‍ നാടനാണോ എന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. പുഴുക്കുത്തുള്ളതും കേടുള്ളതുമായ പച്ചക്കറികള്‍ നോക്കി വാങ്ങാന്‍ ശ്രമിക്കുന്നു. അതേതായാലും നല്ലതുതന്നെ. അത്യാവശ്യം ചില പച്ചക്കറികളും പലരും വീട്ടില്‍ തന്നെ ഉല്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, അത് പോരാ. ഇനിയും നാം വളരെ മുന്നേറേണ്ടിയിരിക്കുന്നു. ഞാനീ ലേഖനത്തില്‍ കുറിയ്ക്കാന്‍ ഉദ്ദേശിക്കുന്ന് പോഷകക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ്. 

നാം നേരിടുന്ന വലിയ വിപത്താണ് പ്രോട്ടീന്‍ എനര്‍ജി മാല്‍ ന്യൂട്രീഷന്‍, പ്രോട്ടീന്‍ കലോറി മാല്‍ ന്യൂട്രീഷന്‍ എന്നിവയുടെ കുറവ്. വിറ്റാമിന്‍ എ യും അയഡിനും ഇരുമ്പുമാണ് പോഷകക്കുറവിന് കാരണം. ഭക്ഷ്യസുരക്ഷ പ്രതിപാദിക്കുന്നത് ആവശ്യത്തിന് ഭക്ഷണം കിട്ടിയാല്‍ പോര, ഭക്ഷണം, ശുദ്ധവും സുരക്ഷിതവും പോഷകസമൃദ്ധവുമായെങ്കില്‍ മാത്രമേ ഭക്ഷ്യസുരക്ഷ പൂര്‍ണ്ണമാകൂ എന്നാണ്. മരണങ്ങള്‍ പട്ടിണി മൂലമല്ല സംഭവിക്കുന്നത്. മറിച്ച് പോഷകക്കുറവുമൂലം ശരീരത്തിന്റെ ബലം നഷ്ടപ്പെട്ട് പ്രതിരോധശക്തി നശിച്ച് രോഗങ്ങള്‍ വന്നുചേരുന്നു. 

ലോകത്ത് പോഷകാഹാരം കുറവുള്ളവരില്‍ നാലിലൊന്ന് ഇന്ത്യയിലാണ്. ലോകത്തിലെ പോഷകക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്ന് ഭാഗം ഇന്ത്യയിലാണ്. ഇവിടത്തെ 46-47 ശതമാനം കുട്ടികള്‍ക്കും പോഷകക്കുറവും വളര്‍ച്ചാതകരാറുമുണ്ട്. ഏതു വീട്ടിലെ കുഞ്ഞുങ്ങള്‍ക്കാണ് പോഷകാഹാരം  നാം കൊടുക്കാത്തത്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ അറുപതു ശതമാനത്തിലധികവും കാല്‍സ്യത്തിന്റെ കുറവുള്ളവരാണ്. ഇവര്‍ കഴിക്കുന്ന ആഹാരത്തില്‍ കാല്‍സ്യമില്ലേ? പച്ചക്കറികള്‍ കഴിക്കാത്തവരായി ആരുണ്ട്? എന്തുകൊണ്ട് അവര്‍ക്ക് ഇരുമ്പിന്റെ കുറവുണ്ടായി അനീമിയ വരുന്നു? നാം ഭാരതീയര്‍ പട്ടിണി കിടന്നല്ല. മറിച്ച് അമിതാഹാരം കഴിച്ചാണ് മരിക്കുന്നത്. കാരണം നാം കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ പലതും നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നില്ല. അവയെ വലിച്ചെടുക്കാനുള്ള ശക്തി നമ്മുടെ കുടലുകള്‍ക്കില്ല. അത് വിസര്‍ജ്ജിച്ച് പുറത്തു കളയുന്നു. കാരണം നമ്മുടെ മാറിയ ഭക്ഷ്യസംസ്‌കാരം തന്നെ. 

ആയുര്‍വേദശാസ്ത്രപ്രകാരം നാം നാക്കില്‍ അനുഭവിക്കുന്ന രുചികള്‍ ആറാണ്. അവ ഷഡ്‌രസങ്ങള്‍ എന്നറിയപ്പെടുന്നു. മധുരരസം, പുളിരസം, ഉപ്പ്‌രസം, കയ്പുരസം, എരിവ്‌രസം, കഷായരസം അഥവാ ചവര്‍പ്പ്‌രസം എന്നിവ. നാം കഴിക്കുന്ന ആഹാരം, അത് എങ്ങനെ വേണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നുണ്ട്. കാണുമ്പോഴും സ്പര്‍ശിക്കുമ്പോഴും നാവിലെത്തി രുചി അറിയുമ്പോഴും നമ്മുടെ ആന്തരാവയവങ്ങളില്‍ വലിയ ചലനങ്ങള്‍ നടക്കുന്നു എന്നാണ് അതിലൊന്ന്. ചില രുചികള്‍ നമ്മുടെ നാക്കില്‍ തട്ടുമ്പോള്‍ അതിലുള്ള പോഷകം ആഗിരണം ചെയ്യാന്‍ കുടലിലെ ചില സ്ഥലങ്ങള്‍ തയ്യാറെടുക്കും. അതിന്റെ രുചി നാക്കില്‍ തട്ടിയില്ലെങ്കില്‍ അതിനാസ്പദമായ കുടല്‍ഭാഗങ്ങള്‍ ചില പോഷകങ്ങളെ ആഗിരണം ചെയ്യില്ല. കയ്പ്‌രസവും കഷായരസവും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മറ്റുള്ള രസങ്ങള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെട്ടിട്ടു ണ്ട്. കയ്പും ചവര്‍പ്പും നാം അധികം ഉപയോഗിക്കാതായി. കാശ് കൊടുത്ത് ആരെങ്കിലും കയ്പും ചവര്‍പ്പുമുള്ള സാധനങ്ങള്‍ വാങ്ങുമോ? 
നമ്മുടെ കഴിഞ്ഞ കാലത്തെപ്പറ്റിയൊന്ന് ഓര്‍ത്തുനോക്കൂ. പറമ്പിലും തോട്ടത്തിലും നാം വളര്‍ത്തിയിരുന്ന ചെടികള്‍ - ചാമ്പയ്ക്ക, പുളിഞ്ചിയ്ക്ക, കാരയ്ക്ക, അമ്പഴങ്ങ, മുള്ളാത്ത, അത്തിപ്പഴം, കൊരണ്ടിപ്പഴം, തെറ്റിപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ നാടന്‍ പഴങ്ങള്‍ നാം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പ്രകൃതി കനിഞ്ഞുതന്ന ഇതിനൊക്കെ ചവര്‍പ്പ് രുചിയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും യഥേഷ്ടം ഇതൊക്കെ കഴിച്ചിരുന്നു. ഇന്ന് മാര്‍ക്കറ്റില്‍ പല പഴയകാല പഴങ്ങള്‍ തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ, വലിയ വില നല്‍കേണ്ടിവരുന്നു. ഈ പഴങ്ങളും മറ്റു പല സസ്യങ്ങളും നാം കഴിച്ചാല്‍ കാല്‍സ്യവും ഇരുമ്പും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരം ആഗിരണം ചെയ്യും. അങ്ങനെയുള്ള ചില ചെടികളെപ്പറ്റിയാണ് ഇനി സൂചിപ്പിക്കുന്നത്. ഇവയെപ്പറ്റിയൊക്കെ നമുക്കറിയാമെങ്കിലും വേണ്ട വിധത്തിലല്ല നാം ഉപയോഗിക്കുന്നത് എന്നുമാത്രം.

അഗത്തിച്ചീര

AGATHIKEERA
പാപ്പിലയോണേസി സസ്യകുടുംബത്തിലുള്ള, പോഷകസമ്പുഷ്ടവും ഔഷധമൂല്യങ്ങളുമുള്ള അഗത്തിച്ചീര (ശാസ്ത്രനാമം -സെസ്ബാനിയ ഗ്രാന്റിഫ്‌ളോറ) ആയുര്‍വേദ-സിദ്ധ ചികിത്സയില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. മുരിങ്ങയോട് സാദൃശ്യമുള്ള ഈ ചെടി പൂക്കളുടെ നിറമനുസരിച്ച് വെളുപ്പ്, നീല, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നാലു തരമുണ്ട്. ഇവയുടെ കായ മുരിങ്ങക്കായ പോലെയിരിക്കും. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവകളാല്‍ സമ്പുഷ്ടമായ അഗത്തിച്ചീര വിറ്റാമിന്‍ എ യുടെ കലവറയാണ്. പനി, കഫം, ചുമ, പീനരസം, തലവേദന തുടങ്ങിയ രോഗങ്ങളെ ആശ്വസിപ്പിക്കുന്നതോടൊപ്പം ഗര്‍ഭാശയത്തിലെ നീരിനെ ശമിപ്പിക്കുകയും ചെയ്യും. ബുദ്ധിയെ വികസിപ്പിക്കും. നേത്രരോഗങ്ങള്‍ക്ക് ഉത്തമമാണ്. ചര്‍മ്മരോഗങ്ങളെ അകറ്റും. ഇല വെളളത്തില്‍ പുഴുങ്ങി ആ വെള്ളം കുടിച്ചാല്‍ മൂത്രക്കല്ല് അലിഞ്ഞുപോകും. ഉള്ളിയും മഞ്ഞള്‍പ്പൊടിയും പച്ചമുളകും ചേര്‍ത്ത് തോരന്‍ വച്ചുകഴിച്ചാല്‍ വയറ് തണുക്കും, പ്രസവിച്ച സ്ത്രീകള്‍ക്ക് ക്ഷീണം കുറഞ്ഞ് മുലപ്പാല്‍ വര്‍ദ്ധിക്കും. ഇലയും പൂവുമാണ് ഭക്ഷ്യയോഗ്യം. ഇത് നല്ല മലശോധനയുണ്ടാക്കും. വായ്പുണ്ണ് മാറിപ്പോകും. കൂടാതെ അള്‍സറിന് ഉത്തമം. ഇതിന്റെ ഇല എണ്ണയില്‍ കാച്ചി തേച്ചാല്‍ കാല്‍വെടിപ്പ്, ത്വക്കിലുണ്ടാകുന്ന മൊരിച്ചില്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. ഇതിന്റെ തൊലി കുടലിലുണ്ടാകുന്ന ഇറിട്ടബിള്‍ ബവല്‍ സിന്‍ട്രോം (ഐ.ബി.എസ്) എന്ന അസുഖത്തിന് വളരെ ഫലപ്രദമാണ്. വേരിന്റെ തൊലി 'ഗൗട്ട്' എന്ന രോഗത്തിന് ഉത്തമം. ഇതിന്റെ ഇല കരിക്കിന്‍ വെള്ളത്തില്‍ അരച്ചു കലക്കിി കഴിച്ചാല്‍ തൈറോയ്ഡിന് ശമനമുണ്ടാകും. വിത്ത് മുളപ്പിച്ചു നമ്മുടെ പറമ്പുകളില്‍ നട്ടാല്‍ യഥേഷ്ടം വളരുന്ന ഈ ചെടിക്ക് വലിയ പരിചരണത്തിന്റെ ആവശ്യമില്ല.

കുപ്പച്ചീര (മുള്ളന്‍ചീര)

KUPAAKEERA

ഒരുകാലത്ത് സാധാരണക്കാരന്റെ തീന്‍മേശയിലെ സ്ഥിരം വിഭവമായിരുന്നു കുപ്പച്ചീര (സസ്യകുടുംബം -അമരാന്തേസി, ശാസ്ത്രനാമം - അമരാന്തസ് സ്‌പൈനോസസ്.) ഇത്രയേറെ ഔഷധമൂല്യമുള്ള അവഗണിക്കപ്പെട്ട ഒരു ചെടി വേറെയില്ല ഇന്ത്യയിലുടനീളം വിജനപ്രദേശത്തും കുപ്പകളിലും തഴച്ചുവളരുന്ന ഈ ചെടിയെ നാം ഗൗനിക്കേണ്ടതാണ്. വിശപ്പുണ്ടാക്കും. നന്നായി ശോധനയുണ്ടാക്കും. നന്നായിട്ട് മൂത്രവും ഉണ്ടാക്കും. ഒരുകാലത്ത് ഗുഹ്യരോഗമായ ഗൊണോറിയയുടെ പ്രതിവിധിക്ക് ഇതിന്റെ വേര് അരച്ച് തുടര്‍ച്ചയായി കഴിച്ചിരുന്നു. ഇതിന്റെ ഇലയിലും തണ്ടിലും സ്‌പൈനോസ്റ്റെറോള്‍, ഹെന്‍ട്രിയാ കോണ്‍ടേന്‍ എന്നീ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്‌പൈനോസ്റ്റെറോള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹൃദയത്തിന്റെ സംരക്ഷണത്തിനും കരളിന്റെ സംരക്ഷണത്തിനും ഈ ചീര ഉത്തമമാണ്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ ശുദ്ധമാക്കുന്ന ഒരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന സ്തനവീക്കത്തിന് ഇതൊരു അത്ഭുത ഔഷധമാണ്. ഇല അരച്ച് സ്തനങ്ങളില്‍ പുരട്ടുകയും കഷായം വച്ച് ഉള്ളില്‍ കഴിക്കുകയും വേണം. പൊള്ളലേറ്റ സ്ഥലത്ത് ഇതിന്റെ ഇല, തണ്ട്, വേര് എന്നിവ അരച്ച് പുരട്ടിയാല്‍ നല്ല ശമനമുണ്ടാകും. ഉദരകൃമികള്‍ക്കും വിരകള്‍ക്കും ഇത് ഉത്തമമാണ്. വൈറസിനെതിരെയുള്ള ഈ ചെടിയുടെ പ്രവര്‍ത്തനം അപാരമാണ്. ആയുര്‍വേദത്തില്‍ പ്രമേഹത്തിനും വയറിളക്കത്തിനും പാമ്പ്, തേള്‍ ഇവയുടെ വിഷത്തിനും മുഖക്കുരുവിനും സോറിയാസിസ്, എക്‌സിമ എന്നിവയ്ക്കും ഈ ചെടിയെ ഉപയോഗിക്കുന്നു. ഈ ചെടി കിട്ടാന്‍ വിഷമമുള്ളതല്ല. റോഡിന്റെ ഇരുവശങ്ങളിലും തഴച്ചുവളരുന്നതായി കാണാം. ഇന്നത്തെ പല രോഗങ്ങളെയും ഇത് പ്രതിരോധിക്കും. നമ്മുടെ ആഹാരത്തിലെ പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ കുപ്പച്ചീര സഹായിക്കും. ഇതിന്റെ വിത്ത് പാകി ചീരയെപ്പോലെ വളര്‍ത്തി പൂക്കുന്നതിനു മുന്‍പ് ഭക്ഷണത്തിനായി ഉപയോഗിക്കാം. 

ചേന

അറേസിയ സസ്യകുടുംബത്തിലെ അമോര്‍ഫോഫാലസ് പൈയോനി ഫോളിയസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചേന അര്‍ശസിന് ഉത്തമമാണ്. പണ്ടൊക്കെ ആഹാരത്തില്‍ ഇതിന്റെ തണ്ടും ഉള്‍പ്പെട്ടിരുന്നു. തണ്ട് കൊത്തിയരിഞ്ഞ് ചെറുപയറോ വന്‍പയറോ ചേര്‍ത്ത് തോരന്‍ വയ്ക്കും. ഇത് വിശിഷ്ടമാണ്. ചേന രണ്ടുതരമുണ്ട്. നാട്ടുചേനയും കാട്ടുചേനയും. കാട്ടുചേന കരുണക്കിഴങ്ങ് എന്നറിയപ്പെടും. ഇത് ആയുര്‍വേദത്തില്‍ അര്‍ശസിനുള്ള മരുന്നായി ഉപയോഗിക്കുന്നു. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്നത് കാല്‍സ്യം  ഓക്‌സലേറ്റ് പരലുകളാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യയിലുമാണ് ചേന സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നത്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ധാരാളം ഫൈബറുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നില്ല. ഒമേഗ 3, ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. നമ്മുടെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. ഇത് ശരിയായി വേവിച്ച് കഴിച്ചാല്‍ പൊണ്ണത്തടിമാറും. നമ്മുടെ പ്രതിരോധശക്തിയെ ഉയര്‍ത്താന്‍ വളരെ നന്ന്. ലോ ഗ്ലൈസീമിക് ഇന്‍ഡക്‌സ് ആയതിനാല്‍ ശരീരത്തിലെ ഗ്ലൂക്കോസിനെ പെട്ടെന്ന് ഉയര്‍ത്തില്ല. അതിനാല്‍ പ്രമേഹത്തിന് നല്ല ഭക്ഷണത്തിന്റെ കൂട്ടത്തിലാണ്. സ്ത്രീകള്‍ക്ക് ഉത്തമമായ ഭക്ഷണമാണ്. ചേന ഈസ്ട്രജനെ ഉയര്‍ത്തും. ബി 6 ധാരാളമുള്ളതിനാല്‍ ആര്‍ത്തവത്തിനു മുന്‍പുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. പ്രസവിച്ചുകഴിഞ്ഞ സ്ത്രീകള്‍ക്ക് ഉള്ളിയും ചേനയും ചേര്‍ത്ത് തീയലുണ്ടാക്കി കൊടുക്കാം. ഡയോസ്ജനിന്‍ എന്നൊരു ഘടകം ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രായമുണ്ടാക്കുന്ന പ്രക്രിയ ഇത് കുറയ്ക്കും. ഹൃദ്രോഗത്തെയും സ്‌ട്രോക്കിനെയും തടയും. കരളിന് ബലവും വാതരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും. ചേന ത്രികോണാകൃതിയില്‍ മുറിച്ച് ചാമ്പലിലോ ചാണകത്തിലോ മുക്കി ഒരാഴ്ച വച്ചശേഷം കൃഷിക്ക് ഉപയോഗിക്കാം. 

മാതളം

POMO
കമ്പോളത്തില്‍ വിലപിടിപ്പുള്ള പഴവര്‍ഗ്ഗത്തിലാണ് മാതളം ഉള്‍പ്പെടുന്നത്. പണ്ടുകാലത്ത് അത്ര പ്രാധാന്യം ഇതിന് കൊടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ഇതിന്റെ ഗുണങ്ങളെപ്പറ്റി നമുക്കൊന്നു നോക്കാം. ലിത്രേസിയേ സസ്യകുടുംബത്തിലെ പ്യൂണിക്കാ ഗ്രനേറ്റം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മാതളം ഒരു വിദേശിയാണ്. ഇറാക്കില്‍നിന്നും ഡല്‍ഹിയില്‍ എത്തിയതാണിത്. വെളുത്തതും ചുവന്നതുമായി രണ്ടിനങ്ങളുണ്ട്. ഇതിന്റെ തൊലി, കായ, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യമാണ്. ആയുര്‍വേദത്തിലും യുനാനിയിലും ഹൃദയ ആമാശയ ചികിത്സയില്‍ അത്ഭുതസിദ്ധി കണ്ടിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. രക്തധമനിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് 90 ശതമാനവും കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ചുമ, വാതം, അരുചി, ശ്വാസംമുട്ടല്‍, അര്‍ശസ്, കൃമി, മലബന്ധം, ഉദരരോഗങ്ങള്‍ ഇവയെ ശമിപ്പിച്ച് ശരീരപുഷ്ടി വര്‍ദ്ധിപ്പിയ്ക്കുന്നു. വയറുകടിയ്ക്ക് അത്ഭുതകരമായ ഫലം തരുന്നു. സംസ്‌കൃതത്തില്‍ ഡാഡിമം എന്നും ഹിന്ദിയില്‍ അനാര്‍ എന്നും അറിയപ്പെടുന്ന മാതളത്തിന്റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ആരോഗ്യദായകമാണ്. തൊലി യൗവ്വനം നിലനിര്‍ത്താനുത്തമമാണ്. വരണ്ട ചര്‍മ്മത്തിനും ചൊറിക്കും സോറിയാസിസിനും അത്ഭുതകരമായ ഫലം നല്‍കുന്നു. റേഡിയേഷന്‍, കീമോ തെറാപ്പി മൂലമുള്ള തൊലിയുടെ പ്രശ്‌നങ്ങള്‍ക്ക് ഇത് ഉത്തമമാണ്. തൊലിയുടെ പുറംഭിത്തി വളരാനുള്ള കെറാറ്റിനോസൈഡ്‌സ് എന്ന ഒരു ഘടകം ഇത് ഉല്പാദിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എണ്ണയില്‍ പ്യൂണിക് ആസിഡ് എന്നൊരു ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ത്വക്കിന്റെ നാശത്തെ തടയുന്നു. സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് കാന്‍സറിനെയും തടയുന്ന ഘടകങ്ങള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാനുള്ള ഘടകങ്ങളും മാതളത്തിലുണ്ട്. മുഖത്തിന്റെയും മുടിയുടെയും തിളക്കം കൂട്ടും. ഹൃദയാഘാതം മസ്തിഷ്‌കാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അല്‍ഷിമേഴ്‌സിനും പൈല്‍സിനും നന്ന്. ഹീമോഗ്ലോബിന്റെ അളവ് കൂടുന്നു. ഗര്‍ഭിണികള്‍ കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി കുഞ്ഞിന് ഓര്‍മ്മശക്തി മെച്ചമാക്കാന്‍ സഹായിക്കും. സന്ധികളിലെ കാര്‍ട്ടിലേജിന്റെ ആരോഗ്യത്തിന് നല്ലതായതിനാല്‍ മുട്ടിലെയും മറ്റു സന്ധികളിലെയും തേയ്മാനത്തെ പ്രതിരോധിയ്ക്കാന്‍ കഴിയും. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ തകര്‍ക്കാന്‍ മാതളത്തിന്റെ തൊലിക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. കുടലിന്റെ പോഷകാഹാര ആഗീകരണ ശക്തി ഉയര്‍ത്താന്‍ മാതളത്തെപ്പോലെ മറ്റൊരു ചെടിയില്ല. വീടുകളിലും തോട്ടങ്ങളിലും മാതളം നട്ടുവളര്‍ത്തേണ്ടത് അത്യാവശ്യമാണ്. തോട്ടത്തില്‍ ഭംഗിയുള്ള ചെടിയാണ്. ഒപ്പം നമ്മുടെ ആരോഗ്യത്തിന്റെ കാവലാളും. 

ശതാവരി

shatavari
അങ്ങാടിക്കടയില്‍ പോലും പലപ്പോഴും കിട്ടാത്ത വസ്തുവാണ് ശതാവരി. വന്നാല്‍ തന്നെ പെട്ടെന്ന് തീര്‍ന്നുപോകും. സ്ത്രീകളുടെ ആരോഗ്യത്തിനും രോഗനിവാരണത്തിനും ഇത്രയും ഗുണപ്രദമായ മറ്റൊരു ചെടിയില്ല. ലില്ലിയേസി സസ്യകുടുംബത്തില്‍പ്പെട്ട ശതാവരി കേരളത്തില്‍ രണ്ടുതരത്തില്‍ കണ്ടുവരുന്നു. ഉയരത്തില്‍ വളരുന്ന അസ്പരാഗസ് ഗോണോക്ലാഡസ് ഇനവും ഉയരം കുറഞ്ഞ അസ്പരാഗസ് റസിമോസ് ഇനവും. ഈര്‍പ്പവും ഫലപുഷിടിയുമുള്ള ഏതു സ്ഥലത്തും ഈ സസ്യം കൃഷിചെയ്യാം. ഇതിന്റെ ഇലകള്‍ ചെറുമുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. നെല്ലിയുടെ ഇലകള്‍ പോലെ ചെറുതായിക്കാണുന്നത് ഇതിന്റെ ശാഖകളാണ്. സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളെ പരിപോഷിപ്പിക്കുന്ന കാര്യത്തില്‍ ശതാവരി ഒന്നാംസ്ഥാനത്താണ്. സ്ത്രീശരീരത്തിലെ ഹോര്‍മോണുകളെ ഇത് നിയന്ത്രിച്ചു നിര്‍ത്തും. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായി തുടങ്ങുമ്പോള്‍ തന്നെ ശതാവരിയുടെ പരിചരണമുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കേണ്ട. ഗര്‍ഭപാത്രത്തെ സംരക്ഷിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാല്‍ പാലുല്പാദനത്തിനും ഇത് ഒന്നാംസ്ഥാനത്തു തന്നെ. ആയുര്‍വേദത്തില്‍ ധാരാളം ഔഷധങ്ങളില്‍ ഇത് ചേരുന്നുണ്ട്. അപസ്മാരം, മൂത്രച്ചൂട്, മൂത്രതടസ്സം, അസ്ഥിസ്രാവം, വാതരോഗങ്ങള്‍, ഉള്ളംകാലിലെ നീര്, മഞ്ഞപ്പിത്തം, രക്തപ്പിത്തം, വെള്ളപോക്ക്, ആര്‍ത്തവകാലത്തെ അമിത രക്തസ്രാവം, പുളിച്ചുതികട്ടല്‍, വയറ്റിനകത്തെ പുകച്ചില്‍, അര്‍ശസ്, അതിസാരം, സ്ത്രീകളിലെ വന്ധ്യത തുടങ്ങി ഇതിന്റെ ഉപയോഗം നീളുന്നു. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതിലൂടെ ആഗീകരണം ചെയ്യും. ഇത് വീട്ടുപരിസരത്തില്‍ നട്ടുവളര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. 
ഡോ. ബി. രാജ്കുമാര്‍
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, വെഞ്ഞാറമൂട്, തിരുവനന്തപുരം
(ഡോ. ബി. രാജ്കുമാര്‍, 9496440775)

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox