നമ്മുടെ നാട്ടിൽ ഒരു ദീർഘകാലവിളയായി കുടംപുളി തീരദേശ പ്രദേശങ്ങളിൽ ധാരാളമായി വളർത്തി വരുന്നു. പണ്ടു കാലത്ത് കുടംപുളിയുടെ ലഭ്യത വനപ്രദേശങ്ങളിൽ വളരുന്ന മരങ്ങളിൽ നിന്നുമായിരുന്നു. നിത്യഹരിത വൃക്ഷമായി കുടംപുളി മറ്റ് ഫലവൃക്ഷങ്ങളെന്ന പോലെ വീട്ടുവളപ്പുകളിൽ നട്ടു പരിപാലിക്കുവാൻ യോജിച്ചതാണ്. കുടംപുളിയിൽ ആൺപെൺ വൃക്ഷങ്ങൾ വെവ്വേറെയുണ്ട്.
ഔഷധപ്രാധാന്യം :
കുടംപുളിയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്കാ വലുപ്പത്തിൽ കഴിക്കുന്നത് ദഹനക്കേടിന് പ്രതിവിധിയാണ്.
1-2 തുള്ളി കുടംപുളി സത്തെടുത്ത് തൊണ്ടയുടെ പുറംഭാഗത്ത് പുരട്ടുകയും ചെറുചൂടിൽ ചോറ് ഉരുളകളായി കുടംപുളിസത്ത് അതിന്റെ പുറത്തു തേച്ചു വിഴുങ്ങുന്നതും തൊണ്ടവേദനയ്ക്ക് നല്ലതാണ്.
കുടംപുളി തീക്കനലിൽ ചുട്ടെടുത്ത് ഉപ്പു ചേർത്ത് വെളിച്ചെണ്ണയിൽ ചാലിച്ച് കുട്ടികളുടെ പൊക്കിളിൽ പുരട്ടിയാൽ പൊക്കിൾ പഴുപ്പു മാറും.
കുടംപുളിയുടെ ചുള കൈയിലിട്ട് ഞെരടി തിരിയാക്കിയ ശേഷം ആവണക്കെണ്ണയിൽ മുക്കിയെടുത്ത് തിരി രോഗിയുടെ ഗുദത്തിലേക്ക് തള്ളി വെയ്ക്കുക. എതാനും മിനിറ്റു കഴിയുമ്പോൾ തിരി പുറത്തുവരും. മലബന്ധം മാറാൻ ഈ പ്രയോഗം നല്ലതാണ്.
കുടംപുളി ചുട്ടു പൊടിച്ച് ഉപ്പുപൊടിയും ചേർത്ത് ദിവസവും പല്ലുതേച്ചാൽ മോണപഴുപ്പു മാറിക്കിട്ടും.
കുടംപുളി കാടി വെള്ളത്തിൽ അരച്ചു തേച്ചാൽ പൊള്ളൽ ഉണങ്ങിക്കിട്ടും.
അധികം രക്തം വാർന്നുപോകുന്ന അർശസ്സിന് പ്രതിവിധിയായി കുടംപുളി ഉണക്കിപൊടിച്ച് 1-3 ഗ്രാം വരെ എടുത്ത് തൈരിൽ കലക്കി ദിവസം 2-3 നേരം കഴിക്കുന്നത് ഗുണംചെയ്യും.
കുടംപുളിയും ഉപ്പും ചേർത്ത് വെള്ളം തിളപ്പിച്ചത് ആറ്റിയെടുത്ത് വായിൽ കൊണ്ടാൽ ടോൺസലൈറ്റിസ് മാറി കിട്ടും.