കേരളം, തമിഴ്‌നാട്, കർണാടകം തുടങ്ങി ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്ന ചെറുനാരകം വീട്ടുവളപ്പുകളിൽ ഫലവൃക്ഷമായും പരിപാലിച്ചു വരുന്നു. ശാഖകളും ഉപശാഖകളുമായി രണ്ടര മീറ്ററോളം ഉയരത്തിൽ വളരുന്ന ചെറുവൃക്ഷമാണ് നാരകം. കട്ടിയുള്ള മുള്ളുകൾ ചെടി നിറയെ കാണാം. മുള്ളുകൾ ഇലകളുടെ ചുവട്ടിലാണ് ഉണ്ടായി വരിക.
ഔഷധപ്രാധാന്യം
അരഗ്ലാസ് കട്ടൻചായയിൽ പകുതി ചെറുനാരങ്ങയുടെ നീരു ചേർത്തു കഴിച്ചാൽ വയറിളക്കം മാറി കിട്ടും
ചെറുനാരങ്ങാനീരിൽ വെളിച്ചെണ്ണ ചേർത്തു കഴിച്ചാൽ വയറുവേദനയ്ക്ക് ശമനം ലഭിക്കും.
ചെറുനാരങ്ങ നീരും പച്ചവെള്ളവും ചേർത്തു പലവട്ടം കവിൾ കൊണ്ടാൽ വായ്‌പുണ്ണ് ഭേദമാകും.
ഒരു സ്‌പൂൺ തേൻ ചെറുനാരങ്ങാനീരു ചേർത്തു കഴിച്ചാൽ അമിത വണ്ണം കുറയും
ചെറുനാരങ്ങാനീരും ഇലയും തലയിലെ താരന് നല്ലതാണ്. നാരങ്ങാ നീര് തലയിൽ പുരട്ടി കുറച്ചു സമയം കഴിഞ്ഞ് കഴുകികളയുക. നാരങ്ങ ഇല അരച്ച് തലയിൽ പുരട്ടി കുറച്ച് സമയം കഴിഞ്ഞ് കളയുന്നത് താരൻ ശമിക്കുന്നതിന് പ്രയോജനം ചെയ്യും,
തേനീച്ച കുത്തിയാൽ ചെറുനാരങ്ങാ നീരെടുത്ത് അതിൽ ശർക്കര ചാലിച്ചു പുരട്ടിയാൽ ഫലം കിട്ടും.
ഒരു ചെറുനാരങ്ങയുടെ നീരിൽ അത്രയും ഇഞ്ചിനീര് ചേർത്ത് നാല് ഏലക്കയും പൊടിച്ചിട്ട് ഒരു ടീസ്‌പൂൺ പഞ്ചസാര ചേർത്തിളക്കി തുള്ളി തുള്ളിയായി വായിൽ ഇറ്റിച്ചിറക്കുക. ദഹനക്കുറവ് മാറുന്നതിനും വിശപ്പുണ്ടാകുന്നതിനും ഇത് നല്ലതാണ്.
ചെറുനാരങ്ങക്കുരു വറുത്ത് കഷായം വെച്ച് കുരുമുളകും ഉപ്പും ചേർത്തു സേവിച്ചാൽ വർദ്ധിച്ച ദാഹം ശമിക്കും.
പാൽപ്പാടയിൽ നാരങ്ങനീരു ചേർത്ത് മുഖക്കുരുവിലും, മുഖത്തെ ചുളിവുകളിലും പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിൽ മുഖം കഴുകുക. ദിവസവും ഇത് ആവർത്തിച്ചാൽ മുഖക്കുരുവും ചുളിവുകളും മാറിക്കിട്ടും.
ഉപ്പും ഉമിക്കരിയും നാരങ്ങാനീരും കൂടി കലർത്തി ദിവസവും രാവിലെയും രാത്രിയും പല്ലുതേച്ചാൽ പല്ലിന് നല്ല വെളുപ്പുനിറം കിട്ടും.
ചെറുനാരങ്ങാനീര് 15 മി.ലി., നല്ല ആവണക്കെണ്ണ 20 മി.ലി, കരിനൊച്ചി യില നീര് 15 മി.ലി, ഇഞ്ചിനീര് 15 മി.ലി. എന്നിവയിൽ ഇന്തുപ്പ് വറുത്ത് പൊടിച്ച് കാൽസ്‌പൂൺ ചേർത്തിളക്കി ചൂടുവെള്ളത്തിൻ്റെ മുകളിൽ വെച്ച് ചൂടാക്കി രാവിലെ വെറും വയറ്റിൽ കഴിച്ച് വയറിളക്കിയാൽ നടുവേദന മാറികിട്ടും.
കുട്ടികൾക്ക് പതിവായി ചെറുനാരങ്ങനീര് കൊടുത്താൽ ശരിയായ മലശോധനയും രക്തപ്രസാദവും ലഭിക്കും.