താമരയുടെ ജന്മദേശം ഭാരതമെന്നാണ് കരുതുന്നത്. നമ്മുടെ കുളങ്ങളിലും തടാകങ്ങളിലും താമര ഒരു അലങ്കാര ജലസസ്യമായി വളർത്തി വരുന്നു. ജലാശയത്തിന്റെ ചെളിയിൽ പടർന്നു വളരുന്ന തണ്ടിൽ നിന്നുമാണ് താമരയിലകളും പൂക്കളും ഉത്പാദിപ്പിക്കുന്നത്. ഇലകളുടെയും പൂക്കളുടെയും തണ്ടുകൾ നീളമുള്ളതും ജലപ്പരപ്പിൽ അല്ലെങ്കിൽ ജലത്തിനു മുകളിൽ ഇവയെ ഉയർത്തി നിർത്തുവാൻ സഹായിക്കുന്നതുമാണ്.
ഇലകൾക്ക് വൃത്താകൃതിയാണ്. റോസ് അല്ലെങ്കിൽ വെള്ളനിറത്തിൽ ഉള്ളതും ധാരാളം ദളങ്ങളോടു കൂടിയതുമായ വലിയ പൂക്കളാണ് ഈ ജലസസ്യത്തിൽ ഉണ്ടായി വരിക. പൂക്കൾ പരാഗണം നടന്ന് കറുപ്പു നിറത്തിൽ വലുപ്പമുള്ള വിത്തുകൾ ഉത്പാദിപ്പിക്കും. വിത്തു വഴിയാണ് താമര സ്വാഭാവിക വംശവർദ്ധനവ് നടത്തുന്നത്. ജലാശയത്തിനടിയിൽ കാണുന്ന തണ്ടിന്റെ ഭാഗങ്ങളും വിത്തുകളും ഉപയോഗിച്ച് ഈ ജലഔഷധി വളർത്തിയെടുക്കാൻ സാധിക്കും. നേരിട്ടു സൂര്യപ്രകാശം കിട്ടുന്ന ജലാശയങ്ങളിലാണ് താമര സമൃദ്ധമായി വളരുകയും പൂവിടുകയും ചെയ്യുന്നത്.
ഔഷധപ്രാധാന്യം
താമരയല്ലിയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ചു സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതു മൂലമുള്ള വാക്കു ശുദ്ധിയില്ലായ്‌മയ്ക്ക് കുറവുണ്ടാകും. കുട്ടികളുടെ വയറ്റിൽ നിന്നും പച്ചനിറത്തിൽ മലം പോകുന്നതിന് പ്രതിവിധിയായി താമരയുടെ ഇല അരച്ച് വെണ്ണയിൽ ചേർത്തു കടഞ്ഞു കൊടുക്കണം.
ശരീരത്തിൽ ചുട്ടു നീറ്റൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പുരട്ടുന്നത് നല്ലതാണ്.
പാലിൽ താമരത്തണ്ട് അരച്ചു കുടിക്കുന്നത് ചൂട് അകറ്റുവാനും മൂത്ര കടച്ചിൽ മാറുവാനും സഹായകരമാണ്.
താമരപ്പൂവിൻ്റെ കേസരങ്ങളും അതിൻ്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം ഇവ ശമിക്കും.
പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിട വിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ നല്ലതാണ്.
താമരത്തണ്ട്, പുഷ്പവൃന്ദം ഇവ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് രക്തപിത്തം, രക്താർശസ്സ് ഇവയ്ക്ക് ശമനം നല്കും.