ഗുണമേന്മ കുറഞ്ഞ പിണ്ണാക്ക് രാസവസ്തുക്കൾ ചേർത്ത് വീണ്ടും ആട്ടി വെളിച്ചെണ്ണയെടുക്കുന്ന രീതി ആരോഗ്യത്തിനും നാളീകേരമേഖലയ്ക്ക് മൊത്തത്തിലും ഭീഷണി ആകുന്നു. നാളികേര കർഷകരെയും വെളിച്ചെണ്ണയുടെ ഉത്പാദനത്തെയും ഇത് വലിയ രീതിയിൽ ബാധിക്കും.
രാസവസ്തുക്കൾ ഉപയോഗിച്ച് പിണ്ണാക്ക് വീണ്ടും ആട്ടി വെളിച്ചെണ്ണയെടുക്കുന്ന രീതി ആരോഗ്യത്തിനും നാളീകേരമേഖലയ്ക്ക് മൊത്തത്തിലും ഭീഷണിയാണെന്നു കാണിച്ച് കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് (സി.എ.സി. പി) കേന്ദ്ര കൃഷിമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.
വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ ഇറക്കുമതി നിയന്ത്രണത്തെ മറികടക്കാൻ തേങ്ങാപ്പിണ്ണാക്കിനെ മറയാക്കുന്നു. വെളിച്ചെണ്ണ എടുത്ത ശേഷമുള്ള അവശിഷ്ടമായ പിണ്ണാക്കിൽ 10 മുതൽ 15 ശതമാനംവരെ വെളിച്ചെണ്ണ അംശം നിലനിർത്തിയാണ് ശ്രീലങ്ക, ഇൻഡൊനീഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഇറക്കുമതി ചെയ്യുന്ന ഒരു ടൺ തേങ്ങാപ്പിണ്ണാക്ക് വീണ്ടും ആട്ടുമ്പോൾ 100 മുതൽ 150 ലിറ്റർവരെ വെളിച്ചെണ്ണ കിട്ടും. കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത തേങ്ങാപ്പിണ്ണാക്കിന്റെ പകുതിയിൽ നിന്നു മാത്രം ചുരുങ്ങിയത് 6000 ടൺ വെളിച്ചെണ്ണ ലഭിക്കും. തീരുവ നൽകി കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തതാകട്ടെ, വെറും 94 ടൺ വെളിച്ചെണ്ണ.
രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 45.8 ശതമാനവും കൊപ്ര നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. കാലിത്തീറ്റയ്ക്കാവശ്യമുള്ള തേങ്ങാപ്പിണ്ണാക്ക് ക്ഷാമത്തിന് അതു കൊണ്ടു തന്നെ സാധ്യതയില്ല. എന്നിട്ടും ഇറക്കുമതി വർധിക്കുന്നതിനു പിന്നിൽ മറ്റ് താത്പര്യങ്ങളാണെന്ന് വ്യക്തം. ആഭ്യന്തരവിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് പിണ്ണാക്ക് വിദേശത്തു നിന്ന് കിട്ടും.
നാളികേര മേഖലയിലെ കുത്തക കമ്പനികൾ ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് പിണ്ണാക്ക് ഇറക്കുമതി ചെയ്യുമ്പോൾ ആഭ്യന്തര വിപണനത്തിന് വലിയ തിരിച്ചടിയാണ്.
നാളികേര കർഷകരുടെ പക്കൽ നിന്ന് തേങ്ങ എടുത്ത് വെളിച്ചെണ്ണ ആട്ടുന്ന ചെറുകിട കമ്പനികൾ വമ്പൻ നഷ്ടത്തിലേക്ക് ഇത് കാരണം കൂപ്പുകുത്തും.