ആവശ്യമായ ഫൈബർ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തിന് ഗുണം ചെയ്യുമെന്നും വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും വർദ്ധിച്ചുവരുന്ന പഠനങ്ങൾ തെളിയിക്കുന്നു. നാരുകൾ കൂടുതലായി നമ്മുക് ലഭിക്കുന്നത് സസ്യാഹാരങ്ങളിൽ നിന്നാണ്. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ നാരുകൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജലത്തിൽ ലയിക്കുന്നവ ലയിക്കാത്തവ എന്നിങ്ങനെയാണ് നാരുകളെ തരം തിരിച്ചിരിക്കുന്നത്. ദൈനം ദിന ജീവിതത്തിൽ ഇത്തരത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാലേ ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്താനാവൂ.
വിവിധ പച്ചക്കറികൾ, പഴങ്ങൾ, സസ്യാഹാരങ്ങൾ എന്നിവയിലും നാരുകൾ ധരാളമായി കാണപ്പെടുന്നു. ഇവ കുടലിനെ ആരോഗ്യകരമായി നിലനിർത്തുന്നുകയും ഇത് നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും. നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനും ഇതിലൂടെ അമിത ഭാരം നിയന്ത്രിച്ചു നിർത്താനും കഴിയും. പ്രമേഹമുള്ളവർ നിർബന്ധമായും കഴിക്കേണ്ടത് നാരുകളടങ്ങിയ ഭക്ഷണങ്ങളാണ്.
മുളപ്പിച്ച ചെറുപയർ
പ്രതിരോധശേഷി കൂട്ടാനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും മുളപ്പിച്ച പയർ കഴിക്കുന്നത് ഗുണം ചെയ്യും. ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാനും മുളപ്പിച്ച ചെറുപയറിനു കഴിയും. നാരുകളുടെ അളവ് ധാരാളമായുള്ളതിനാൽ ഇവ കഴിക്കുമ്പോൾ വിശപ്പ് അധികമായി അനുഭവപ്പെടാതിരിക്കുകയും, കൂടിയ അളവിൽ കാണപ്പെടുന്ന എൻസൈമുകൾ ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
പച്ച പയർ
ഒരു കപ്പ് വേവിച്ച പയറിൽ 15 ഗ്രാമിൽ കൂടുതൽ നാരുണ്ട്. 100 ഗ്രാം പയറിൽ ഏകദേശം 7.3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിൽ ചിലത് ലയിക്കുന്ന നാരുകളാണ്. ലയിക്കുന്ന ഫൈബർ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം. രക്തസമ്മർദ്ദം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
നേന്ത്രപ്പഴം
നാരുകൾ ധാരാളമടങ്ങിയ ഒരു പഴമാണ് നേന്ത്രപ്പഴങ്ങൾ. ദിവസേന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ നല്ലതാണ്.ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ നേന്ത്രപ്പഴം വിശപ്പിനെ കുറയ്ക്കുകയും വിശപ്പിനെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യും. ദഹനം മെച്ചപ്പെടുത്തുകയും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്ന നേന്ത്രപ്പഴങ്ങൾ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ്. പ്രധാനപ്പെട്ട പല വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ വാഴപ്പഴത്തിൽ ഏകദേശം 3.1 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളി
100 ഗ്രാം ബ്രൊക്കോളിയിൽ 2.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.ബ്രോക്കോളിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.