ജീവിതശൈലിക്കൊണ്ട് ഉണ്ടാകുന്നതാണല്ലോ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, എന്നീ രോഗങ്ങൾ. അതിനാൽ പ്രായഭേദമെന്യേ എല്ലാ പ്രായക്കാരിലും വരാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ജീവിത ചിട്ടകള്‍ എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾക്ക് സഹായിക്കുന്ന ചില പ്രത്യേക ഡയറ്റുകളുണ്ട്. ഇതിനെ ഡാഷ് ഡയറ്റ് എന്നാണ് പറയുന്നത്. ഇതിനെകുറിച്ച് വിശദമായി അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!
-
ബിപി കുറയ്ക്കാന്‍, ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ, ഹാര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍, ലിവര്‍ പ്രശ്‌നം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്‌ക്കെല്ലാം ഉപകാരപ്രദമായ ഒന്നാണ് ഡാഷ് ഡയറ്റ്. ഇതില്‍ ഉപ്പ് വളരെ കുറവാണ് ഉപയോഗിയ്ക്കുന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് ബേക്കറിയാണെങ്കിലും അല്ലാത്തതും എല്ലാം പെടും. ഇത്തരം വസ്തുക്കളില്‍ സോഡിയം തോത് ഏറെ കൂടുതലാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തും.
-
കൊഴുപ്പ് വളരെ കുറവാണ് ഈ ഡയറ്റിൽ ഉപയോഗിയ്ക്കുക. നെയ്യ്, ബട്ടര്‍ പോലുളള ആരോഗ്യകരമായ കൊഴുപ്പുകള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലാണ് ഉപയോഗിക്കേണ്ടത്. ചുവന്ന ഇറച്ചി ഡയറ്റില്‍ ഒഴിവാക്കണം. പോര്‍ക്ക്, മട്ടന്‍, ബീഫ് എന്നിവയെല്ലാം കഴിവതും ഒഴിവാക്കുക. ടര്‍ക്കി, ചിക്കന്‍, ഫിഷ് എന്നിവ ഉള്‍പ്പെടുത്താം. ഉപ്പ് കുറവെന്നത് ഉറപ്പാക്കുക. അല്‍ഫാം, ബാര്‍ബെക്യൂ എന്നിവയെല്ലാം തന്നെ കൂടുതല്‍ സോഡിയമുള്ളവയാണ്. ഇത് വല്ലപ്പോഴും എന്ന രീതിയില്‍ വേണമെങ്കില്‍ ഉപയോഗിയ്ക്കാം. ഇതു പോലെ ഉണക്കമീന്‍ പോലുള്ളവ വല്ലപ്പോഴും മാത്രം കഴിയ്ക്കുക. ഇതെല്ലാം ദോഷമുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള 5 പച്ചക്കറികൾ അടുക്കളയിലുണ്ട്; ശീലമാക്കാം
-
തവിട് കളയാത്ത ധാന്യങ്ങള്‍ ഈ ഡയറ്റില്‍ പെടുന്നു. തവിടുള്ള അരി, ഗോതമ്പ് എന്നിവയെല്ലാം തന്നെ. വറുത്തവയും ബേക്കറി സാധനങ്ങളും ഈ ഡയറ്റില്‍ പെടുന്നില്ല. പകരം ഫ്രൂട്‌സ് ആണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഈ പ്രത്യേക ഡയറ്റില്‍ മുട്ട, മീന്‍, ചിക്കന്‍, പച്ചക്കറികള്‍, ഫ്രൂട്‌സ്, ഇലക്കറികള്‍, ചെറിയ അളവില്‍ ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിയ്ക്കാം. ഉപ്പ്, മധുരം, എണ്ണ എന്നിവയെല്ലാം തന്നെ കഴിവതും ഒഴിവാക്കുക. വല്ല കാലത്തും കൊതി മാറ്റാന്‍ കഴിയ്ക്കുന്നത് കൊണ്ട് വിരോധമില്ല.
-
പല ജീവിതശൈലീ രോഗങ്ങളും അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണിത്. നിലവിലെ ഭക്ഷണക്രമത്തെ ഡാഷ് ഡയറ്റായി മാറ്റിയെടുക്കാൻ കഴിയും. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൊഴുപ്പ് കുറഞ്ഞ ഉൽപ്പന്നങ്ങളും പ്രോട്ടീനുകളും തിരഞ്ഞെടുക്കുക, സംസ്കരിച്ചതും ഉയർന്ന കൊഴുപ്പും പഞ്ചസാരയുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. ഈയൊരു ഭക്ഷണ രീതി പിന്തുടരുന്നത് ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഡാഷ് ഡയറ്റിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് മിതമായ അളവിൽ കാപ്പിയും മദ്യവും കുടിക്കുന്നതിൽ തെറ്റില്ല. ഡാഷ് ഡയറ്റ് രീതി പിന്തുടരുന്നതിനോടൊപ്പം മതിയായ വ്യായാമങ്ങളും കൂട്ടിച്ചേർക്കുന്നത് കൂടുതൽ ഫലപ്രദമാക്കും.