മണിതക്കാളി വഴുതനങ്ങയുടെ ഇനത്തിൽ പെട്ട ഒരു സസ്യമാണ്.
പച്ചനിറത്തിൽ ചെറിയ ചില്ലകളോട് കൂടിയ ഇത് പൂർണ്ണവളർച്ചയെത്തിയാൽ സുമാർ നാലടിയോളമേ വരികയുള്ളൂ. ഇലകൾ ഇടതൂർന്നിരിക്കും. കായ്കൾക്ക് വലിയ കുരുമുളക് മണിയുടെ വലിപ്പം. പൂക്കൾ ആകട്ടെ ചെറുതും വെള്ള നിറത്തിലുള്ളതും.
ഈ ചെടി രണ്ടുതരമുണ്ട്. ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവന്നിരിക്കും. മറ്റൊന്നിന്റേത് നീല കലർന്നു കറുപ്പ് ആയിരിക്കും. പച്ചക്കായക്ക് ചവർപ്പു രസമാണ്. പഴുത്താൽ കൈയ്പ്പ് കലർന്ന മധുരവും.
മുളകുതക്കാളി, കരിന്തക്കാളി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഈ ചെറു സസ്യം വളരെയധികം ഔഷധ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.
പ്രത്യൗഷധപരവും ശമനകരവും മൂത്ര സഹായകവുമാണ് ഇതിൻറെ പ്രകൃതി. വിയർപ്പ് ഉണ്ടാക്കുവാനുള്ള ശക്തിയുള്ളത് കൊണ്ട് ജ്വരത്തിൽ താപനില കുറയ്ക്കുവാൻ സഹായിക്കുന്നു.
ത്രിദോഷങ്ങൾക്കും ഉത്തമ ഔഷധമായി കാണുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നത്രേ മണിത്തക്കാളി. വിശേഷിച്ച് അർശസ്, ജ്വരം, വിഷം, കുഷ്ഠം, വീക്കം, പ്രമേഹം, എന്നിവയ്ക്ക് പ്രത്യേകിച്ചും ആശ്വാസദായനിയാണ്.
ഹൃദയത്തിന് ഉത്തേജനം നൽകുന്ന ഒരു പ്രത്യേക ഔഷധ ചേർച്ച ഈ ചെടിയിൽ ഉണ്ടെന്ന് വിദഗ്ധരുടെ അഭിപ്രായം.
സുഷിരങ്ങളിൽ നുഴഞ്ഞ് ഇറങ്ങി വിവിധ അവയവങ്ങൾക്ക് ഉന്മേഷം നൽകുവാനുള്ള കഴിവും ഇതിനുണ്ട്. കാലുകളുടെ വീക്കത്തോട് കൂടിയ ഹൃദ്രോഗത്തിന് ഇത് ഗുണപ്രദമായ ഔഷധമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കീഴാർനെല്ലി പോലെ മഞ്ഞപ്പിത്തത്തിനും വളരെ നല്ല മരുന്നാണ് മണിത്തക്കാളി. രോഗത്തിൻറെ ഏതെങ്കിലും പ്രാരംഭ ലക്ഷണം കണ്ടാൽ അവിപത്തിചൂർണം കൊണ്ടോ കല്യാണഗുളം കൊണ്ടോ വയറിളക്കാൻ ആയിരിക്കും വൈദ്യോപദേശം.
മണിത്തക്കാളി സമൂലം കഷായമാക്കി 2 ഔൺസ് വീതം രാവിലെയും രാത്രിയും തേനിൽ 7ദിവസം സേവിക്കുമ്പോഴേക്കും മഞ്ഞപ്പിത്തത്തിന് ആശ്വാസം ലഭിക്കും.
ഇതിൻറെ കഷായം കരൾ വീക്കത്തിനും ഉത്തമമാണ്.
വാതസംബന്ധമായ സന്ധിവേദനകൾക്കും ചർമ്മ ദോഷങ്ങൾക്കും ഇതിൻറെ ഇലകൾ അരച്ചു ലേപനമാക്കി ഉപയോഗിക്കാം.
തൊണ്ടയിൽ കഫം കെട്ടുക, തൊണ്ടവേദന, ശബ്ദം പുറത്തു വരാതിരിക്കുക, എന്നിവയ്ക്ക് ഇതിൻറെ ഇല ചവച്ചിറക്കിയാൽ സുഖം കിട്ടും. തടിച്ച ദേഹ പ്രകൃതികാർക്ക് മെലിയിക്കുവാൻ ഇതിൻറെ ചീര തുടർന്ന് കഴിക്കുന്നത് നന്നായിരിക്കും.
മണിത്തക്കാളി ആഹാരയോഗ്യമായ ഒരു സസ്യമാണ്.
ഇലകൾ ചീര പോലെ പരിപ്പ് ചേർത്ത് കറി വയ്ക്കാം. ഇത് വെണ്ടയ്ക്ക പോലെ ദഹനം ഉണ്ടാക്കുകയും ശരീരത്തിലെ അധിക ചൂട് കുറയ്ക്കുകയും മലശോധന ഉണ്ടാക്കുകയും കഫം ഇളക്കി വിടുകയും ചെയ്യും. വയറ്റിൽ പുണ്ണ് ഉള്ളവർക്കും ഇതൊരു ശമന ഔഷധം ആയിരിക്കും. പ്രേമി ഉപദ്രവം മാറ്റുകയും ചെയ്യും.
ഇലയുടെ ചാറ് മഹോദരത്തിന് ശമനമുണ്ടാക്കും. ഇലയും കായും കൊണ്ടുള്ള കഷായം ചുമ, ചൊറി എന്നിവയിലും ക്ഷയത്തിന്റെ ആരംഭത്തിലും നന്നാണ്.
ഭക്ഷണത്തിൽ വിറ്റാമിൻ b 2ന്റെ അഭാവം കൊണ്ടുണ്ടാകുന്ന ഒന്നാണ് വായുടെ കോണുകളിലും നാക്കിലും വിള്ളലുകൾ ഉണ്ടാക്കുക. മണിത്തക്കാളി ചീര കുറച്ചുനാൾ തുടർന്ന് കഴിച്ചാൽ ഈ അസുഖം പാടെ ഒഴിയും.
ഇതിൻറെ കായ്കൾ കറി വയ്ക്കുകയും മോരിൽ ഇട്ട് ഉണക്കി വറ്റൽ ഉണ്ടാക്കി വറുത്തു ഉപയോഗിക്കാം. അച്ചാർ ഇടാൻ കായ്കൾ ഉത്തമമാണ്. കായകൾ കരളിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കും. മൂലക്കുരുവിനും ആശ്വാസം നൽകും.
തിപ്പലി, ശർക്കര, തേൻ, മുളക് എന്നിവയോടു ചേർത്ത് മണിത്തക്കാളി ഭക്ഷിക്കുന്നതും മത്സ്യം വേവിച്ചിട്ടുള്ള പാത്രത്തിലോ ചുക്ക് തിളപ്പിച്ചിട്ടുള്ള പാത്രത്തിലോ പാകം ചെയ്തു ഭക്ഷിച്ചാലും, പാകം ചെയ്തതിനുശേഷം ഒരു രാത്രി കഴിഞ്ഞു ഭക്ഷിച്ചാലും ഗുണം വിരുദ്ധമാണെന്ന് അഭിപ്രായമുണ്ട്.