മയിലാഞ്ചി ഭാരതത്തിലെ ഘോഷാസ്ത്രീകൾ പുരാതന കാലം മുതൽ മൈലാഞ്ചി അരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും അംഗുലികളിലും വെച്ചുകെട്ടുക പതിവായിരുന്നു. കാരണം തലച്ചോറിലെ ധമനികളും അംഗുലികളുമായി ബന്ധമുള്ളതുകൊണ്ട് ഈ ഔഷധലേപനം രക്തശുദ്ധിക്കും മനഃശാന്തിക്കും ഇടയാക്കുന്നു; വിശേഷിച്ച് രജസ്വലയായ സ്ത്രീകൾക്കുണ്ടാകുന്ന മാദകവികാരത്തെ ശമിപ്പിക്കുന്നു.
മയിലാഞ്ചിവേരും എള്ളും ചുക്കും കൂടി 50 ഗ്രാം 400 മില്ലി വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലി വീതം കല്ലുപ്പു മേമ്പൊടിയാക്കി കാലത്തും വൈകിട്ടും കഴിക്കുന്നത് ദുഷ്ടാർത്ത വത്തിനും കഷ്ടാർത്തവത്തിനും നന്നാണ്. മയിലാഞ്ചിയുടെ പൂവ് അരച്ച് മൂന്നു ഗ്രാം വീതം കാടിവെള്ളത്തിൽ കഴിക്കുന്നത് തലച്ചോറിനുള്ള ദൗർബല്യത്തിനും ഉറക്കമില്ലായ്മയ്ക്കും മുടി കൊഴിച്ചിലിനും നന്നാണ്.
മയിലാഞ്ചി സമൂലം കഷായം വെച്ച് 25 മില്ലി വീതം ലേശം ഏലക്കാപ്പൊടിയും തേനും മേമ്പൊടി ചേർത്ത് കാലത്തും വൈകീട്ടും സേവിക്കുന്നത് നേത്രരോഗത്തിനും കുഷ്ഠരോഗത്തിനും സിഫിലിസിനും പൂമേഹത്തിനും വിശേഷമാണ്.
മയിലാഞ്ചി സമൂലം അരച്ച് പാലിൽ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്താൽ എത്ര പഴക്കമേറിയ മഞ്ഞപ്പിത്തവും കുറയും. മയിലാഞ്ചി ഇടിച്ചുപിഴിഞ്ഞ നീരിൽ മയിലാഞ്ചിവേര് കലമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചിലിനും കറുപ്പുവരണം ഉണ്ടാകുന്നതിനും വിശേഷമാണ്.