കുരുമുളകിന്റെ കുടുംബത്തിൽ പെട്ട (പിപ്പെറേസിയേയ്) എരുവുള്ള കുരുക്കൾ ഉണ്ടാാവുന്ന, ഔഷധഗുണമുള്ള ഒരു പടർപ്പൻ സസ്യമാണ് തിപ്പലി. പിപ്പലി എന്നും വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയ നാമം. Piper longum എന്നാണ്. ഇംഗ്ലീഷ്: ലോങ്ങ് പെപ്പർ (Long pepper)
കുരുമുളകിന്റെ രുചിയോട് കൂടിയതും ആയുർവേദ ഔഷധങ്ങളിൽ ധാരാളമായി ഉപയോഗിക്കാറുള്ളതുമായ തിപ്പലി. അസ്സം, ബംഗാൾ, എന്നിവിടങ്ങളിലും കേരളത്തിലും വളരുന്നു. പിപ്പലി എന്നും അറിയപ്പെടുന്നു.
ത്രീകടുകളിൽ ഒന്നായ് തിപ്പലി വാത കഫ ഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.
കാണ്ഡം മുറിച്ച് നട്ട് വളർത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടർന്ന് വളരുന്ന ഒരു സസ്യമാണ്. പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തിൽ വളരുന്നുമില്ല.
ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്. പക്ഷേ കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ് തിപ്പലിക്കുള്ളത്.
പുഷ്പങ്ങൾ ഏകലിംഗികളാണ്. ആൺ, പെൺ പുഷ്പങ്ങൾ വെവ്വേറെ സസ്യങ്ങളിൽ കാണപ്പെടുന്നു. ആൺ പൂങ്കുലയിൽ സഹപത്രങ്ങൾ വീതി കുറഞ്ഞതും, പെൺ പൂങ്കുലയിൽ സഹപത്രങ്ങൽ വൃത്താകാരവും ആയിരിക്കും. കൂടാതെ ബാഹ്യദളങ്ങളും ഉണ്ടാകില്ല. കേസരങ്ങൾ 2 മുതൽ 4 വരെ ഉണ്ടായിരിക്കും. വിത്തുകൾ 2.5 മില്ലീമീറ്റർ വ്യാസമുള്ളതും പുറം മാസളവുമായ കായ്കളിൽ കാണപ്പെടുന്നു. ഇവ കുരുമുളകിൽ നിന്നും വ്യത്യസ്തമായി 2 സെന്റീമീറ്റർ വരെ നീളമുള്ളതും മാസളമായതുമായ പഴങ്ങളുടെ ഉള്ളിൽ കാണപ്പെടുന്നു. വർഷകാലത്ത് പുഷ്പിക്കുകയും ശരത് കാലത്ത് കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു സസ്യമാണിത്.
കായ്കളിൽ പൈപ്‌യാർട്ടിൻ, പൈപ്പറിൻ എന്നീ ആൽക്കലോയിഡുകളും റേസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു. ഇതിന്റെ തൺറ്റിൽ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്റ്റൈറിനും സ്റ്റീറോയിഡും വേർതിരിക്കുന്നു.
കൃഷിരീതി
നല്ല നീർവാർച്ചയുള്ള ജൈവാംശമുള്ള മണ്ണാണ് തിപ്പലി കൃഷിചെയ്യാനുത്തമം. നനയ്ക്കാനുള്ള സൗകര്യവും വേണം.
മൂന്നോ നാലോ മുട്ടുകളുള്ള വള്ളികൾ വേരുപിടിപ്പിച്ച് തവാരണകളിൽ നടുന്ന രീതിയാണ് ഏറ്റവും ഫലപ്രദം. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ നിറച്ച പോളിത്തീൻ കൂടിൽ നാല് തലകൾ വരെ വേരുപിടിപ്പിച്ചെടുക്കാം.
മൂന്ന് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമുള്ള തവാരണകളുണ്ടാക്കി ഓരോ ചെടിയും തമ്മിൽ 60 സെന്റിമീറ്റർ അകലത്തിൽ കുഴിയെടുത്ത് നടണം. ഓരോകുഴിയിലും നൂറ് ഗ്രാം കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്കാം. തവാരണയിൽ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. അധികം പൊക്കം വയ്ക്കാത്തതിനാൽ തിപ്പലിക്ക് താങ്ങ് കൊടുക്കേണ്ടതില്ല.
മഴക്കാലത്തു വരുന്ന വാട്ടരോഗം തടയാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോകുഴമ്പ് തളിക്കുകയും മണ്ണിൽ ഒഴിച്ച് കൊടുക്കുകയും വേണം. ചൂടുകാലത്ത് ചെടിയുടെ അടിവശത്തും വേരിലും കാണുന്ന മീലിമൂട്ടയുടെ ആക്രമണം കുറയ്ക്കാൻ 0.5% വീര്യമുള്ള വേപ്പിൻ കഷായം തളിച്ചാൽ മതി.
തിപ്പലിയിൽ ആണ്, പെൺ ചെടികളുണ്ട്. പെൺചെടിയിലെ കായ്കൾ മാത്രമാണ് മൂപ്പെത്തിയാൽ പറിച്ചെടുക്കുക. ഇവ ആൺ ചെടിയിലുണ്ടാകുന്ന കായ്കളേക്കാൽ നീളം കുറഞ്ഞതും മുഴുത്തതുമായിരിക്കും. തിരികൾ ഉണ്ടായി രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക്കാം. കായ്കൾ മൂപ്പ് കുറഞ്ഞാലും കൂടിയാലും അത് ഔഷധഗുണത്തെ ബാധിയ്ക്കും.
പാകമായ തിരികൾ പറിച്ചെടുത്ത് നല്ല വെയിലിൽ അഞ്ചോ ആറോ ദിവസം ഉണക്കണം.അഞ്ച് കൊല്ലം കൂടുമ്പോൾ പഴയ ചെടികൾ പിഴുതുമാറ്റി പുതിയവ നടണം. പിഴുതുമാറ്റുന്ന ചെടികൾ കഷ്ണങ്ങളാക്കി നന്നായി ഉണക്കിയെടുത്താൽ തിപ്പലി മൂലമായി. ആയുർവേദത്തിൽ ഇതിനും ഉപയോഗമുണ്ട്.
ചില ഔഷധപ്രയോഗങ്ങൾ
കായ്, വേര് എന്നിവയാണ് തിപ്പലിയിൽ ഔഷധയോഗ്യമായ ഭാഗങ്ങൾ.
തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും.
പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.