സാധാരണ ആയുസിന്റെ മധ്യഭാഗം പിന്നിടുന്നതോടെയാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആർത്തവാനന്തര കാലത്തെ ആരോഗ്യരക്ഷ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. ആർത്തവ വിരാമകാലത്തുണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങളെ മനസിലാക്കുകയും അതനുസരിച്ചു ജീവിതക്രമം മാറ്റുകയും ചെയ്യണം. മാനസികവും ശാരീരികവുമായ പല മാറ്റങ്ങളും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ആര്‍ത്തവ വിരാമം. 50 കളിലാണ് സാധാരണയായി ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉൽപ്പാദനം നില്‍ക്കുകയും ചെയ്യുന്നതാണ് ഇതിൻറെ പ്രധാന കാരണം. യൗവ്വനം നിലനിര്‍ത്തുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് ഇതില്‍ പ്രധാനം. അണ്ഡോല്പാദനം നിലയ്ക്കുകയും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. 40 വയസ്സ് ആകുമ്പോള്‍ തന്നെ ഇതിൻറെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആർത്തവ വേദനയ്ക്ക് ആശ്വാസമേകാൻ ചില നാട്ടുവിദ്യകൾ
സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍
മാസമുറ ക്രമംതെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു. ചിലര്‍ക്ക് പൊടുന്നനേ നില്‍ക്കുകയും ചെയ്യുന്നു. മാസമുറ ക്രമം തെറ്റുന്നത് മൂലം ചിലര്‍ക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നു. ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമാണിതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു കാരണങ്ങളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ശരീരത്തിൽ ഉഷ്ണം തോന്നുക (hot flushes) 50% സ്ത്രീകളിലും ഉണ്ടാകാറുണ്ട്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത് ഈ പ്രശ്‌നമാണ്. ആര്‍ത്തവവിരാമത്തിന്റെ ആദ്യഘട്ടത്തിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടാറുള്ളത്. ശരീരത്തില്‍ പെട്ടെന്ന് ചൂട് കൂടുകയും വിയര്‍ക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. തുടർന്ന് അമിതമായ ദാഹവും ഉണ്ടാകുന്നു. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ അനുഭവപ്പെടാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മക്കുറവ് ഉണ്ടോ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ...
ജനനേന്ദ്രിയങ്ങളും യോനിയിലും വരള്‍ച്ച അനുഭവപ്പെടാം. ലൈംഗികബന്ധം വേദനാജനകമായിത്തീരാന്‍ സാദ്ധ്യതയുണ്ട് കൂടാതെ മൂത്രം പിടിച്ചു നിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്യുന്നു. അസ്ഥിഭംഗമാണ് മറ്റൊരു പ്രധാനമായ പ്രശ്‌നം. ആര്‍ത്തവ വിരാമത്തോടൊപ്പം കാല്‍സ്യത്തിന്റെ അളവ് കുറയുന്നു. ഇതുമൂലം അസ്ഥി അഥവാ എല്ലുതേയ്മാനം എന്ന അസുഖമായി മാറുന്നു. ഇതുമൂലം കൈകാലുകള്‍ക്ക് വേദനയും നീരും ചെറിയ വീഴ്ചയില്‍ തന്നെ എല്ലൊടിയാന്‍ സാധ്യതയും ഉണ്ട്. ആര്‍ത്തവ വിരാമത്തോടെ ഹൃദ്രോഗങ്ങള്‍ക്കും സാധ്യതയേറുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഹൃദയത്തിന് ഒരു രക്ഷാകവചമാണ് അത് നഷ്ടപ്പെടുമ്പോള്‍ ഹൃദ്രോഗങ്ങളും കൂടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയം പണിമുടക്കാതിരിക്കാൻ വീട്ടിലുള്ള ഔഷധങ്ങൾക്ക് കഴിയും
പരിഹാരങ്ങള്‍
ശാരീരിക മാനസിക വ്യതിയാനങ്ങള്‍ സ്വന്തമായി മനസ്സിലാക്കുകയും ജീവിതരീതികള്‍ അതിനനുസരിച്ച് മാറ്റം വരുത്തുകയും വേണം. ഭക്ഷണരീതികള്‍ ക്രമീകരിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യണം. ഭക്ഷണത്തില്‍ പഞ്ചസാരയുടെയും ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കണം. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. കാല്‍സ്യം ഗുളികകള്‍ ശീലമാക്കുന്നതും നല്ലതാണ്. ഈസ്ട്രജന്‍ അടങ്ങിയ നാടന്‍ ഭക്ഷ്യവസ്തുക്കള്‍ ചേന, ചേമ്പ്, കാച്ചില്‍ എന്നിവയും സോയബീനും നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ഒരു പരിധിവരെ ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
ഉഷ്ണ പറക്കലിനും അസ്ഥിഭംഗത്തിനും ഈസ്ട്രജന്‍ അടങ്ങിയ ഹോര്‍മോണ്‍ ഗുളികകള്‍ പ്രയോജനം ചെയ്യും. ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ചെറിയ ഡോസില്‍ ചുരുങ്ങിയ കാലയളവിലേക്ക് ഗുളികകള്‍ കഴിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു
ആര്‍ത്തവ വിരാമം ആകുന്നതോടെ റെഗുലര്‍ മെഡിക്കല്‍ ചെക്ക് അപ്പ്, ബ്ലഡ് ഷുഗര്‍, ബി.പി, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുക. അതോടൊപ്പം വര്‍ഷംതോറും പാപ്‌സ്മിയര്‍, മാമോഗ്രാം എന്നിവ ചെയ്യുന്നത് കാന്‍സര്‍ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമാകും. വയറിന്റെ സ്‌കാന്‍ ചെയ്യുന്നത് അണ്ഡാശയത്തിന്റെ മുഴകള്‍ കണ്ടുപിടിക്കാന്‍ സഹായകമാകുന്നു.
ആര്‍ത്തവ വിരാമ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അസ്വാസ്ഥ്യങ്ങളെക്കുറിച്ചും ശരിയായ അറിവ് നേടി അവയെ നമുക്ക് പ്രതിരോധിക്കാനും മറികടക്കാനും സാധിക്കും.