ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് മാർച്ച് 26 ന് നടന്ന തൃശ്ശൂർ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ജില്ലാതല വാർഷിക പൊതുയോഗത്തിൽ ആണ് ചെറുധാന്യ ഭക്ഷ്യമേള അരങ്ങേറിയത്. തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 22 ഓളം ടീമുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, വീട്ടമ്മമാർ, ആയുർവേദ കോളേജിലെ ഡോക്ടർമാർ തുടങ്ങി നിരവധി പേരാണ് ഈ ഭക്ഷ്യമേളയിൽ മത്സരാർത്ഥികളായി എത്തിയത്.
റാഗി, തിന, കുതിരവാലി, ചാമ, വരഗ് , കമ്പ് തുടങ്ങി നിരവധി ചെറുധാന്യങ്ങൾ കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഈ ഭക്ഷ്യമേളയ്ക്ക് കൊഴുപ്പേകി. തേങ്ങാപ്പാലും ശർക്കരയും ചേർത്ത് ഉണ്ടാക്കിയ വരഗ് പായസം, റാഗിയുടെ സ്റ്റീം പുഡ്ഡിംഗ്, പച്ചക്കറികളാൽ സമ്പുഷ്ടമായ ചാമ ഉപ്പുമാവ്, മാധുര്യമേറിയ ചാമയരി ഉണ്ട, റാഗി അടപ്രഥമൻ , മണിച്ചോളം വട, റാഗി ഹൽവ , ചാമയരി പായസം, വെജിറ്റബിൾ തിന കട്ട്ലറ്റ്, റാഗി, തിന, ചാമ എന്നിവ ചേർത്തുണ്ടാക്കിയ കിണ്ണത്തപ്പം, കുതിരവാലി പനിയാരപ്പം, റാഗി ബർഫി, അട, റാഗി ദോശയ്ക്ക് കൂട്ടായി കഞ്ഞിപ്പയർ മുളപ്പിച്ച സലാഡും ചങ്ങലംപരണ്ട ചമ്മന്തിയും എന്നിങ്ങനെ രുചിയേറിയതും കണ്ണിന് കുളിർമയേകുന്നതും ആയ വിവിധ വിഭവങ്ങൾ ഭക്ഷ്യമേളയ്ക്ക് നിറപ്പകിട്ട് നൽകി.
പ്രമുഖ ആയുർവേദ ന്യൂട്രീഷൻ ഡോ. വത്സലയുടെ നേതൃത്വത്തിൽ ഉള്ള ജഡ്ജിങ് കമ്മിറ്റി ഓരോ വിഭവങ്ങളെയും കണ്ടും രുചിച്ചും വിലയിരുത്തി.
തുടർന്ന് ആയുർവേദ സമ്മേളനത്തിന്റെ സമാപനവേളയിൽ മികച്ച മൂന്ന് പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നാലുമണി പലഹാരങ്ങളും ഒരു പായസവും എന്ന ആശയം അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികൾ വിഭവങ്ങൾ തയ്യാറാക്കിയത് . ഭക്ഷ്യ ക്ഷാമത്തിനും ഒരുപാട് ജീവിതശൈലി രോഗങ്ങൾക്കും വളരെയേറെ ഗുണം ചെയ്യും ചെറുധാന്യങ്ങൾ ജീവിതത്തിന്റെ ഭാഗം ആക്കുന്നതിലൂടെ എന്ന് ഡോ. വത്സല പറഞ്ഞു.
മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഡോ. വത്സല വിവരിച്ചു. ഊർജ്ജത്തിന്റെ കലവറയാണ് ചെറുധാന്യങ്ങൾ. ചെറുധാന്യങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് രോഗങ്ങൾ അങ്ങനെ ഉണ്ടാവുകയില്ല. ഇവ ഭക്ഷിക്കുന്നതിലൂടെ ഒരുപാട് നേരം ഊർജ്ജസ്വലനായി ഇരിക്കാൻ കഴിയും. മില്ലറ്റുകൾ ഊർജ്ജം പുറത്തേക്ക് വിടുന്നത് മെല്ലെ ആയതിനാൽ കൂടുതൽ നേരത്തേക്ക് വിശപ്പ് ഉണ്ടാവുകയില്ല.
ജലം നന്നായി വലിച്ചെടുക്കാൻ ശേഷിയുള്ളതിനാൽ നന്നായി വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം വേണം പാചകം ചെയ്യാൻ.
രണ്ടുപ്രാവശ്യം പാചകം ചെയ്യണം. അതായത് ഇറക്കുക വേവിക്കുക അല്ലെങ്കിൽ കുതിർത്തു വെച്ച് പാചകം ചെയ്യുക.
അരി കഴിക്കുന്നവർ പെട്ടെന്ന് മില്ലറ്റ് ഭക്ഷണരീതി ആക്കി മാറ്റരുത്. ഒന്നെങ്കിൽ ഒരു നേരം മില്ലറ്റ് കഴിക്കുക അല്ലെങ്കിൽ ആഴ്ചയിൽ മൂന്നുപ്രാവശ്യം ഭക്ഷണമാക്കുക.
ഈ രീതിയിൽ മെല്ലെ മെല്ലെ മാത്രമാണ് ഭക്ഷണ രീതിയിൽ മാറ്റം വരുത്തേണ്ടത്. മില്ലറ്റിന്റെ കൂടെ ജലാംശം കൂടുതലുള്ള പച്ചക്കറികളായ പടവലം, ചുരയ്ക്ക എന്നിവ കൂടുതൽ ഉപയോഗിക്കുന്നത് മില്ലറ്റിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കും എന്ന് ഡോ. വത്സല പറഞ്ഞു.
സമാപന സമ്മേളനത്തിൽ തൃശ്ശൂരിന്റെ നിയുക്ത ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു .
നിയുക്ത ജില്ലാ പ്രസിഡന്റ് ഡോ. നേത്രദാസ്, ഡോ.അർജുൻ, ഡോ. കേസരി എന്നിവർ സമാപന സമ്മേളനത്തിൽ നിയുക്ത ഭാരവാഹികളെ അനുമോദിച്ചു.