ശരീരത്തിന്റെ ആരോഗ്യത്തിന് വ്യായാമം ചെയ്യുന്ന നിങ്ങൾ മാനസികാരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ? തുടർച്ചയായ രോഗങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളും നമ്മളെയെല്ലാം മാനസിക സമ്മർദത്തിലാക്കിയിരിക്കുകയാണ്. മൈൻഡ്ഫുൾനെസ് (Mindfulness) എന്ന വാക്ക് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിനർഥം വർത്തമാന കാലത്തെക്കുറിച്ച് പൂർണമായി അറിഞ്ഞിരിക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ്.
എന്നാൽ ഭക്ഷണവും കഴിക്കുന്ന സമയവും ആസ്വദിക്കാൻ സഹായിക്കുന്ന ഒരു പരിശീലനമാണ് മൈൻഡ്‌ഫുൾ ഈറ്റിംഗ് (Mindful Eating). ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്നതിന് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം എത്ര കഴിച്ചെന്നോ, രുചിയോ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ അത് അശ്രാദ്ധാപൂർവമായ ഭക്ഷണ രീതിയാണ്, അത് നിങ്ങളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചേക്കാം.
മൈൻഡ്‌ഫുൾ ഈറ്റിംഗ് (ശ്രദ്ധാപൂർവ്വമായ ഭക്ഷണരീതി)
മൈൻഡ്‌ഫുൾ ഈറ്റിംഗ് എന്ന ആശയം ഭക്ഷണത്തിലെ കലോറിയുടെ അളവിനോ ഡയറ്റിനോ (Diet) ഊന്നൽ നൽകുന്നില്ല. ഇത് നിങ്ങൾ എത്രമാത്രം ഭക്ഷണം ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും ഭക്ഷണം നിങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതിനും പ്രാധാന്യം നൽകുന്നു.
മൈൻഡ്‌ഫുൾ ഈറ്റിംഗിന് വിശപ്പ് (Hunger) പ്രധാനമാണ്. നിങ്ങൾക്ക് വിശക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസിലാക്കി ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. വിരസതയോ മറ്റ് മാനസിക പ്രശ്നങ്ങളോ മറക്കാൻ പലരും ഭക്ഷണം കഴിക്കാറുണ്ട് എന്നാൽ ഇത് എല്ലായ്പ്പോഴും ശരിയല്ല.
മൈൻഡ്‌ഫുൾ ഈറ്റിംഗിലൂടെ ജീവിതരീതി മാറ്റാം (Lifestyle changes can be made through Mindful Eating)
- ഭക്ഷണവും കഴിക്കുന്ന സമയവും ആസ്വദിക്കാൻ സാധിക്കുന്നു
- ഈറ്റിംഗ് ഡിസോർഡർ (Eating Disorder) ഉള്ളവർക്ക് വളരെ ഉത്തമം
- മാനസിക സമ്മർദം കുറച്ച് ഏകാഗ്രത ലഭിക്കാൻ സഹായിക്കുന്നു
- ദഹനപ്രക്രിയയെ സഹായിച്ച് അമിത ഭാരത്തെ നിയന്ത്രിക്കുന്നു
എങ്ങനെ മൈൻഡ്‌ഫുൾ ഈറ്റിംഗ് പരിശീലിക്കാം
നിങ്ങൾക്ക് ഏകാന്തത ലഭിക്കുന്ന എവിടെയെങ്കിലും ഇരിക്കുക. ഇഷ്ടമുള്ള ഏതെങ്കിലും ഭക്ഷണ പദാർഥം (ഉണക്കമുന്തിരി ഉത്തമം) കൈയ്യിലെടുത്ത് വച്ച് കണ്ണുകൾ അടയ്ക്കുക. വലത് കൈയ്യിലെ രണ്ട് വിരലുകൾക്ക് മുകളിൽ വച്ച് ഭക്ഷണത്തിന്റെ ആകൃതി തൊട്ട് നോക്കുക. ശേഷം സാവധാനം മണത്ത് നോക്കുക. പിന്നെയും രണ്ട് വിരലുകൾക്കുള്ളിൽ അത് വച്ച് തൊട്ട് നോക്കിയ ശേഷം വീണ്ടും മണത്തുനോക്കുക. ശേഷം അത് ചുണ്ടിൽ രണ്ടുവട്ടം ചെറുതായി ഉരസുക. പിന്നീട് ഭക്ഷണം വായിൽ ഇട്ടശേഷം നാക്ക് ഉപയോഗിച്ച് വായിലെ എല്ലാ ഭാഗത്തേക്കും ചലിപ്പിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും
ആദ്യം ഭക്ഷണം വലതുഭാഗത്തെ പല്ലുകൾ ഉപയോഗിച്ച് കടിച്ചശേഷം ഇടതുഭാഗത്ത് വച്ച് കടിക്കുക. വീണ്ടും വലതുഭാഗത്തെ പല്ലുകൾ ഉപയോഗിച്ച് കടിച്ചശേഷം വായിലെ എല്ലാ ഭാഗത്തും വീണ്ടും ചലിപ്പിക്കുക. ഈ സമയങ്ങളിൽ ഉമിനീര് കുടിച്ചിറക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം അത് സാവധാനം ചവച്ച് അതിന്റെ നീര് വായിൽ നിറച്ചതിനുശേഷം സാവധാനം തൊണ്ടയിൽ നിന്ന് ഇറക്കണം. ഈ സമയത്ത് മൊബൈലിൽ പാട്ടു കേൾക്കാനോ, മറ്റുള്ളവരോട് സംസാരിക്കാനോ പാടില്ല. പൂർണമായ ഏകാഗ്രത ഉണ്ടെങ്കിൽ മാത്രമാണ് കൃത്യമായ ഫലം ലഭിക്കുകയുള്ളൂ.