പല ആളുകളെയും നിത്യവും അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. എന്നാല്‍ ശ്രദ്ധിച്ചോളൂ തലവേദനയ്ക്കുളള പരിഹാരം നിങ്ങളുടെ അടുക്കളയില്‍ത്തന്നെ കണ്ടെത്താം. പാചകാവശ്യങ്ങള്‍ക്ക് നമ്മള്‍ ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് പുതിനയില.
ഇതിന്റെ നീര് പുരട്ടിയാല്‍ വേദനയ്ക്ക് ആശ്വാസമാകും. തലവേദനയ്ക്ക് മാത്രമല്ല നമ്മുടെ കുറെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിനയില സഹായിക്കും.
പുതിനയിലയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായുളളതിനാല്‍ ദഹന പ്രശ്‌നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. അതുപോലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയതിനാല്‍ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സഹിയിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വായ്‌നാറ്റം അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും പുതിനയില മികവുറ്റ ഒന്നാണ്. പല്ലുവേദനയുളളവര്‍ക്ക് പുതിനയുടെ നീര് പഞ്ഞിയില്‍ മുക്കിവച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടും. ജലദോഷം, മൂക്കടപ്പ് എന്നിവയുളളവര്‍ക്ക് പുതിനയിലയിട്ട വെളളം കുടിച്ചാല്‍ ആശ്വാസം ലഭിക്കും. ചെറുനാരങ്ങാനീരും പുതിനനീരും തേനും തുല്യയളവിലെടുത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ ഗര്‍ഭകാലത്തെ ഛര്‍ദ്ദി കുറയും
പുതിനയിലയിട്ട വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. അണുനാശിനി കൂടിയായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ഏറെ ഗുണകരമാണ്.
പുതിന വളര്‍ത്താം
ഇനി മുതല്‍ പാചകാവശ്യങ്ങള്‍ക്കായി പുതിനയില വാങ്ങുമ്പോള്‍ നല്ല ആരോഗ്യമുള്ള തണ്ടുകള്‍ മാറ്റിവയ്ക്കാം. ഇവ നടാനായി ഉപയോഗിക്കാവുന്നതാണ്. ഒരു കുപ്പിയെടുത്ത ശേഷം അതിന്റെ അടപ്പില്‍ ചെറിയ ദ്വാരമിടുക. ഇതിലൂടെ പുതിനയുടെ തണ്ടുകള്‍ കുപ്പിയിലെ വെള്ളത്തില്‍ ഇറക്കിവെക്കുക. രണ്ടാഴ്ചയ്ക്കുളളില്‍ വേരുകള്‍ വരും. ഈ ചെടി പിന്നീട് മണ്ണിലേക്ക് മാറ്റി നടാം.