ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഔഷധസസ്യമായ മൂവില ഫാബേസിയേ എന്ന സസ്യകുടുംബത്തിൽ പെടുന്നു. തിപതകങ്ങൾ ഉള്ളതിനാലാണ് ഈ സസ്യത്തിന് മൂവില എന്ന് വിളിക്കുന്നത്. ഔഷധയോഗ്യഭാഗമായ വേരിൽ സാതിൻ എന്ന രാസപദാർത്ഥമാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്.
ദശമൂലം, ഹ്രസ്വപഞ്ചമൂലം എന്നീ ഔഷധയോഗങ്ങളിലെ ഒരംഗമാണ് മൂവില, പനി, വാതം, ഹൃദ്രോഗം എന്നിവക്ക് പ്രതിവിധിയായും ശ്വാസതടസ്സത്തിനെതിരായും ലൈംഗികഉത്തേജനത്തിനും ഉപയോഗിക്കുന്നു.
കൃഷിരീതി
വിത്തുമുളപ്പിച്ചാണ് മൂവിലയുടെ തൈകൾ ഉണ്ടാക്കുന്നത്. വിത്ത് നേരിട്ട് കൃഷിസ്ഥലത്ത് വിതക്കുകയോ നഴ്സറിയിൽ തയ്യാറാക്കിയ തൈകൾ വച്ചുപിടിപ്പിക്കുകയോ ആകാം. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു ഏക്കറിന് 4 ടൺ എന്ന തോതിൽ കാലിവളമോ 15 ടൺ എന്ന തോതിൽ കമ്പോസ്റ്റോ ഇട്ട് മണ്ണിളക്കണം.
വരികൾ തമ്മിൽ 40 സെന്റിമീറ്ററും ചെടികൾ തമ്മിൽ 20 സെന്റിമീറ്ററും അകലത്തിൽ തൈകൾ നടാവുന്നതാണ്. 3-4 മാസം കഴിയുമ്പോൾ കളകൾ പറിച്ച് മണ്ണ് കയറ്റികൊടുക്കണം. മഴ കുറവുള്ള മാസങ്ങളിൽ നനച്ചുകൊടുക്കുന്നത് നല്ലതാണ്.
വിളവെടുക്കലും സംസ്ക്കരണവും
നട്ട തൈകൾ 9-10 മാസം കഴിയുമ്പോൾ വിളവെടുപ്പിന് തയ്യാറാകും, ഒരു ഏക്കർ സ്ഥലത്തുനിന്ന് ഏകദേശം 200-280 കി.ഗ്രാം മൂവിലവേര് വാർഷിക വിളവായി ലഭിക്കും.
ചെടികൾ വേരോടെ പിഴുതെടുത്ത് തണ്ടും ഇലയും നീക്കിയ ശേഷം നന്നായി കഴുകിയെടുത്ത് വെയിലിൽ ഉണക്കി സൂക്ഷിക്കാം