കേരളത്തിലുടനീളം വേലിച്ചെടിയായി മൈലാഞ്ചി പണ്ടുകാലം മുതൽ വളർത്തി വരുന്നു. നിറയെ ശാഖകളുമായി വേഗത്തിൽ വളരുന്ന പ്രകൃതമുള്ളതു കൊണ്ടാണ് മൈലാഞ്ചി അതിർവേലി തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. നിറയെ ശാഖകളും ഉപശാഖകളുമായി 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് മൈലാഞ്ചി.
ഔഷധപ്രാധാന്യം
കൃത്രിമ ചായങ്ങൾ പ്രചാരത്തിലാകുന്നതിന് മുൻപ് പട്ടുതുണികളും കമ്പിളി വസ്ത്രങ്ങളും നിറം പിടിപ്പിക്കുവാൻ മൈലാഞ്ചി ഉപയോഗിച്ചിരുന്നു. സ്ത്രീകൾ കൈവെള്ളയും പാദവും മോടിയാക്കുവാൻ മൈലാഞ്ചി ധാരാളമായി ഉപയോഗിച്ചു വരുന്നു.
തലമുടി കറുപ്പിക്കുവാൻ ഉള്ള നാടൻ ചികിത്സയിൽ മൈലാഞ്ചിയില ഉണങ്ങിയത് ഒന്നര കപ്പ്, ഉണക്ക നെല്ലിക്കാപൊടി 1 ടീസ്‌പൂൺ, മുട്ട-1, കാപ്പിപൊടി ഒന്നര സ്‌പൂൺ, നാരങ്ങ-1, തൈര് അര കപ്പ്, വെളിച്ചെണ്ണ 10 തുള്ളി. മുട്ട ഒഴികെ മേൽ വിവരിച്ചവയെല്ലാം കൂടി നന്നായി കലക്കിയെടുത്ത് 12 മണിക്കൂർ വയ്ക്കുക. ഇതിനു ശേഷം നന്നായി അടിച്ചെ ടുത്ത മുട്ട ചേർത്ത് ബ്രഷ് ഉപയോഗിച്ച് തലമുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കണം. ഇത് മാസത്തിലൊരിക്കൽ ചെയ്താൽ മുടിക്ക് നല്ല കറുപ്പു നിറം കിട്ടും. കൂടാതെ താരനെ നിയന്ത്രിച്ച് മുടി സമൃദ്ധമായി വളരും.
മൈലാഞ്ചിയും മഞ്ഞളും ചേർത്തരച്ചെടുത്ത് നഖത്തിൽ നന്നായി പുരട്ടിയ ശേഷം നഖം തുണി ഉപയോഗിച്ചു പൊതിഞ്ഞു കെട്ടുന്നത് കുഴി നഖം മാറാൻ നല്ലതാണ്.
മൈലാഞ്ചിയുടെ ഇല പച്ചമഞ്ഞൾ ചേർത്തരച്ച് കുഴിനഖത്തിൽ ഇട്ടാലും കുഴിനഖം മാറും.
മൈലാഞ്ചിയില വെളിച്ചെണ്ണയിൽ മൂപ്പിച്ച് അരച്ചു പുരട്ടുന്നത് വളം കടി മാറാൻ നല്ലതാണ്.
മൈലാഞ്ചിയില ചെറുനാരങ്ങാനീരും ചേർത്ത് കുഴമ്പാക്കി തേച്ചാൽ വാതരോഗങ്ങൾക്ക് ഫലം ചെയ്യും.
മഞ്ഞപ്പിത്തത്തിന് മൈലാഞ്ചി സമൂലം കഷായം വച്ചു കുടിക്കുന്നത് നല്ലതാണ്.
കുഷ്‌ഠം, സിഫിലിസ് എന്നീ രോഗങ്ങൾക്ക് 50 ഗ്രാം മൈലാഞ്ചിയില 400 മി.ലി. വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മി.ലി. വീതം രാവിലെയും വൈകിട്ടും പതിവായി കുടിച്ചാൽ ശമനം കിട്ടും.
തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടിയ്ക്ക് മൈലാഞ്ചി നീര് പുരട്ടിയാൽ മതിയാകും.
തലച്ചോറിനുള്ള ദൗർബല്യം, ഉറക്കമില്ലായ്‌മ, മുടികൊഴിച്ചിൽ ഈ രോഗങ്ങൾക്ക് മൈലാഞ്ചിയുടെ പൂവരച്ച് 3 ഗ്രാം വീതം രാവിലെയും വൈകിട്ടും വെള്ളത്തിൽ കലക്കിക്കുടിക്കുന്നത് നല്ലതാണ്.
സിഫിലിസ്, കുഷ്ഠം എന്നീ അസുഖങ്ങൾക്ക് മൈലാഞ്ചിയുടെ ഇല 50 ഗ്രാം, 400 മി.ലി. വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മി.ലി. വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ മതി.