സൗന്ദര്യവർധക വസ്തുവായ മൈലാഞ്ചി പ്രകൃതിയുടെ സൗന്ദര്യദായിനി ആയിട്ടാണ് കരുതപ്പെടുന്നത്. കേരളത്തിലുടനീളം പ്രത്യേക പരിചരണമൊന്നുമില്ലാതെ മൈലാഞ്ചി സമൃദ്ധമായി വളരുന്നു. കുറ്റിച്ചെടിയായ ഇതിനു രണ്ടു മീറ്ററിലധികം ഉയരവും അനേകം ശാഖോപശാഖകളുമുണ്ടാകും. പൂക്കൾ വളരെ ചെറുതും സുഗന്ധമുള്ളതും, കുല കുലയായി കാണപ്പെടുന്നതും പച്ച കലർന്ന വെള്ളനിറത്തോടു കൂടിയതുമാണ്. ഇലകളും ചെറുതാണ്.
ഇംഗ്ലീഷിൽ ഹെന്ന എന്നും സംസ്കൃതത്തിൽ മദയന്തിക, രാഗാംഗി എന്നീ പേരുകളിലും ഹിന്ദി, ബംഗാളി ഭാഷകളിൽ മെഹന്ദി എന്നും തമിഴിൽ ഐബണം എന്നും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോസോണിയ ഇനേർമിസ് എന്നാണ്. ലിത്രേസി സസ്യകുടുംബത്തിലെ അംഗമാണ്. വിത്തുകൾ വീണാണ് തൈകൾ കിളിർക്കുന്നത്.
മൈലാഞ്ചിയുടെ ഇല, തൊലി, കുരു, പൂവ്, വേര് എന്നിവ ഔഷധ യോഗ്യമാണ്. തലമുടി കറുപ്പിക്കാനും നഖ സൗന്ദര്യത്തിനും മുഖകാന്തി വർധിപ്പിക്കാനും മുടി കൊഴിച്ചിൽ മാറാനും ഉറക്കമില്ലായ്‌മ നേത്രരോഗം, കുഷ്‌ഠം, സിഫിലിസ് എന്നീ രോഗങ്ങൾ മാറാനും മൈലാഞ്ചി ഉപയോഗിക്കുന്നു.
മൈലാഞ്ചി അരച്ച് കൈത്തലത്തിലും കാലിൻ്റെ വെള്ളയിലും വിരലുകളിലും വച്ച് കൊട്ടുന്നതു രക്തശുദ്ധിക്ക് നല്ലതാണ്. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവ 50 ഗ്രാമും 400 മില്ലി ലിറ്റർ വെള്ളത്തിൽ കഷായം വച്ച് കാൽ ഭാഗമാക്കി വറ്റിച്ച് 25 ഗ്രാം കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിച്ചാൽ ആർത്തവ തകരാറുകൾ മാറും. രണ്ടു മൂന്നു മൈലാഞ്ചിയില ഒരു കഷണം പച്ച മഞ്ഞൾ എന്നിവ അരച്ച് മുഖത്തിട്ടാൽ മുഖസൗന്ദര്യം വർധിക്കും.
നഖസൗന്ദര്യം വർധിപ്പിക്കാൻ പച്ചമഞ്ഞളും മൈലാഞ്ചി ഇലയും തുല്യ അളവിൽ അരച്ചു വൈകുന്നേരം നഖത്തിൽ പതിച്ചു വയ്ക്കുക. രാവിലെ കഴു കിക്കളയുക. മൈലാഞ്ചിപൊടി, നീര് എന്നിവ പല പേരുകളിൽ വിപണിയിൽ ലഭ്യമാണ്.