ചിലപ്പോഴൊക്കെ വേദന അസഹനീയമായി തോന്നുമ്പോൾ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാറില്ലേ? എന്നാൽ, ഇത്തരം വേദനസംഹാരി ഗുളികകളുടെ അമിതവും ദീർഘകാലവുമായ ഉപയോഗം ശരീരത്തിന് പലവിധ ദോഷങ്ങൾ ഉണ്ടാക്കുന്നു. ഇത് ശരീരത്തിൽ ഒരുപാട് പാർശ്വഫലങ്ങൾ വരുത്തി വയ്ക്കുമെന്നതിൽ സംശയമില്ല.
ബന്ധപ്പെട്ട വാർത്തകൾ: 40 കഴിഞ്ഞവർക്കും BP നിയന്ത്രണത്തിലാക്കാം, ഈ രണ്ട് ഔഷധക്കൂട്ടുകൾ മതി
മാത്രമല്ല, ആരോഗ്യവാനായ ഒരാൾ ഇങ്ങനെ വേദനസംഹാരി ഗുളികകൾ കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ട് തന്നെ പല്ലുവേദനയോ വയറുവേദനയോ നടുവേദനയോ വന്നാലുടൻ തന്നെ വേദന ശമിപ്പിക്കുന്നതിനുള്ള ഗുളികകൾ അന്വേഷിച്ചു പോകുന്നതിനു പകരം ഇതിന് പ്രതിവിധിയായുള്ള പ്രകൃതിദത്ത മാർഗങ്ങളെ (Natural pain killers) ആശ്രയിക്കാം. കാരണം യാതൊരു രീതിയിലും ഇത് ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയല്ല.
നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായി ലഭിക്കുന്ന പദാർഥങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വീട്ടുമുറ്റത്ത് സ്ഥിരമായി കാണപ്പെടുന്ന തുളസി മുതൽ നമ്മുടെ വീടുകളിൽ മിക്ക പാചക കാര്യങ്ങൾക്കും ഉപയോഗിക്കുന്ന മഞ്ഞൾ വരെ ഇതിൽ ഉൾപ്പെടുന്നു.
-
തുളസി (Tulsi/ Holy basil)
ഔഷധഗുണങ്ങളാൽ സമ്പന്നമായ തുളസി ഇംഗ്ലിഷ് മരുന്നുകളിൽ പോലും ഉപയോഗിക്കുന്ന ഒരു കൂട്ടാണ്. വേദന ശമിപ്പിക്കാൻ തുളസി വളരെ ഫലപ്രദമാണെന്ന കാര്യം ചിലപ്പോൾ നിങ്ങൾക്ക് അറിയില്ല. തുളസി ദഹനവ്യവസ്ഥയോ മെച്ചപ്പെടുത്തുകയും, നമ്മുടെ പേശികളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന വയറുവേദന വരെ തുളസിയില ഉപയോഗിച്ച് കുറയ്ക്കാം.
-
റോസ്മേരി (Rosemary)
ശരീരത്തിലെ സന്ധികളിൽ വേദനയുണ്ടെന്ന് പരാതി പറയുന്നവർക്ക് ആശ്രയിക്കാവുന്ന പ്രകൃതിദത്ത ഉപാധിയാണ് റോസ്മേരി. റോസ്മേരിയുടെ ഓയിൽ ഉപയോഗിച്ച് സന്ധികളിൽ മസാജ് ചെയ്താൽ വേദന ഒരു പരിധി വരെ കുറയ്ക്കാം. റോസ്മേരിയുടെ ഔഷധ ഗുണങ്ങൾ സന്ധികൾക്കുള്ളിൽ കടന്ന് വേദന നീക്കം ചെയ്യുന്നു. കൂടാതെ, നിങ്ങൾക്ക് തലവേദനയുണ്ടെങ്കിലും ഇത് ഫലവത്തായ പരിഹാരമാകുന്നു.
-
ഇഞ്ചി (Ginger)
ധാരാളം ആന്റിഓക്‌സിഡന്റുകളാലും ആൻറി ബാക്ടീരിയൽ ഗുണങ്ങളാലും സമ്പന്നമാണ് ഇഞ്ചി. നമ്മുടെ മുത്തശ്ശിമാർ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇഞ്ചിയെ മരുന്നായി ഉപയോഗിച്ചിരുന്നു. ആർത്തവ സമയത്ത് ഇഞ്ചി ചായ കുടിച്ചാൽ വയറു വേദനയും നടുലവേദനയും കുറയ്ക്കാൻ സാധിക്കും. വേദന സഹിക്കാനാകാതെ ആർത്തവ ദിവസങ്ങളിൽ പെയിൻ കില്ലർ ഗുളികകൾ തെരഞ്ഞെടുക്കുന്നവർ ഇനിമുതൽ ഈ ഉപാധി സ്വീകരിച്ചാൽ മതി. ഇതുകൂടാതെ, വെളുത്തുള്ളി അല്ലി തൊലിച്ച് പഞ്ചസാരയ്ക്കൊപ്പം ചേർത്ത് തിന്നുന്നതും ആർത്തവ വേദന ശമിപ്പിക്കാൻ നല്ലതാണെന്ന് മുത്തശ്ശി വൈദ്യത്തിൽ പറയുന്നു.
-
മഞ്ഞൾ (Turmeric)
എല്ലാ അടുക്കളയിലും ഉറപ്പായും കാണുന്ന ഔഷധ വസ്തുവാണ് മഞ്ഞൾ. ആയുർവേദ ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ പല രോഗങ്ങൾക്കും പ്രതിവിധിയാണ്. മഞ്ഞളിന് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ട്. കൂടാതെ, അണുബാധയെ ഇല്ലാതാക്കാനും മഞ്ഞളിന് കഴിയും.
ശരീരത്തിൽ മുറിവോ ക്ഷതമോ ഉണ്ടെങ്കിൽ അവിടെ മഞ്ഞൾ പുരട്ടുകയോ അതുമല്ലെങ്കിൽ മഞ്ഞൾ പാൽ കുടിക്കുകയോ ചെയ്താൽ വളരെ പെട്ടെന്ന് ഫലം കാണാം.
വേദന സംഹാരിയായും മഞ്ഞൾ ഗുണകരമാണ്. ആന്തരിക മുറിവുകളെ ഭേദമാക്കാനും മഞ്ഞളിലെ ആയുർവേദ ഗുണങ്ങൾക്ക് സാധിക്കും.