നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ആര്യവേപ്പ്, മലവേപ്പ്, കറിവേപ്പ് എന്നീ വേപ്പ് വൃക്ഷങ്ങളിൽ ഔഷധഗുണത്തിൽ ഒന്നാമൻ ആര്യവേപ്പ് തന്നെയാണ്. ഭാരതത്തിലുടനീളം പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയിൽ നന്നായി വളരുന്ന കണ്ടുവരുന്ന ഔഷധവൃക്ഷമാണ് ആര്യവേപ്പ്. വീട്ടുമുറ്റത്ത് നന്മയുടെ വൃക്ഷമായി പലരും ഈ മരം നട്ടു വളർത്താറുണ്ട്. വഴിയോരങ്ങളിൽ തണൽ വൃക്ഷമായും ആര്യവേപ്പ് പരിപാലിച്ചു വരുന്നുണ്ട്. നമ്മുടെ നാട്ടിൽ ആര്യവേപ്പ് ധാരാളമായി വളരുന്നുണ്ടെങ്കിലും വിത്ത് ഉത്പാദിപ്പിക്കാറില്ല.
ഔഷധപ്രാധാന്യം
ആര്യവേപ്പില അരച്ച് നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി ദിവസവും രാവിലെ കഴിക്കുന്നത് പ്രമേഹരോഗത്തിന് ഫലപ്രദമാണ്.
ആര്യവേപ്പില നീര് 10 മി.ലി.യും അത്രതന്നെ തേനും ചേർത്ത് രാവിലെയും വൈകിട്ടും 3 ദിവസം തുടർച്ചയായി കഴിച്ചാൽ ഉദരകൃമിക്ക് ശമനം കിട്ടും.
15 ആര്യവേപ്പിലയും 4-5 കുരുമുളകും നന്നായി അരച്ച് പുളിയുള്ള മോരിൽ കലക്കി 2 നേരം വീതം ഏതാനും ദിവസം കഴിച്ചാൽ വായ്‌പുണ്ണ് മാറും.
പ്രഭാതത്തിൽ കുറച്ച് ആര്യവേപ്പിലയും കൃഷ്ണതുളസിയിലയും ചൂടുവെള്ളത്തിലിട്ട് ആവി മുഖത്ത് കൊള്ളിച്ചാൽ കാര പഴുത്ത് പുറത്തേക്കു പോകും. ഈ വെള്ളത്തിൽ മുഖം കഴുകുന്നതും നല്ലതാണ്.
ആര്യവേപ്പെണ്ണ ചൂടാക്കിയശേഷം അതിൽ ഇന്തുപ്പ് ചേർത്ത് ചതവ്, ഉളുക്ക് പറ്റിയ ഭാഗത്ത് പുരട്ടുന്നത് രോഗശമനമുണ്ടാക്കും.
ആര്യവേപ്പെണ്ണയും കമ്പിപ്പാലനീരും പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടുന്നത് ആണിരോഗം മാറുവാൻ ഉപകരിക്കും.
ആര്യവേപ്പില പച്ചമഞ്ഞളും ചേർത്ത് നീരുള്ള ഭാഗത്ത് അരച്ചു പുരട്ടിയാൽ നീരിനു ശമനമുണ്ടാകും.
ആര്യവേപ്പില അരച്ച് ചെറിയ മുറിവുകളിൽ പുരട്ടിയാൽ മുറിവ് വേഗം ഉണങ്ങും
ആര്യവേപ്പെണ്ണ വളംകടിയുള്ള വിരലുകൾക്കിടയിൽ പുരട്ടുന്നത് വളംകടി മാറുന്നതിന് നല്ലതാണ്.
ആര്യവേപ്പിലയും മഞ്ഞളും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ വ്രണം കഴുകിയാൽ അത് വേഗം ഭേദമാകും.
ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തല കഴുകുന്നത് താരൻ പോകാൻ നല്ലതാണ്.
വയറ്റിലെ പുണ്ണിന് നല്ലൊരു ഔഷധമാണ് ആര്യവേപ്പ്, ആര്യവേപ്പില അരച്ചു കഴിച്ചാൽ വയറ്റിലെ പുണ്ണ് മാറികിട്ടും.
കന്നുകാലികളിൽ പനിയുടെ ചികിത്സയ്ക്കായി ആര്യവേപ്പില, കരിംജീരകം, കുരുമുളക്, ഉപ്പ്, മഞ്ഞൾ ഇവ ചേർത്ത് കഷായം വെച്ച് ചായപ്പൊടി ഇട്ട് കാൽകുപ്പിയാകുമ്പോൾ വാങ്ങി ആറ്റി കൊടുത്താൽ മതിയാകും.