കൊഴുപ്പ് അധികമുള്ള ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ, രക്തവാതം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം, രക്തസമ്മർദ്ദം തുടങ്ങി വിവിധങ്ങളായ കാരണങ്ങളാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ പൊതുവേ ഹൃദ്രോഗബാധ അധികരിച്ചു വരികയാണ്. ആധുനികശാസ്ത്രം ഹൃദ്രോഗ ചികിത്സയുടെ കാര്യത്തിൽ നവം നവങ്ങളായ പല സങ്കേതങ്ങളും ഔഷധങ്ങളും വികസിപ്പിച്ചെടുത്ത് പ്രചാരത്തിലെത്തിച്ചിട്ടുണ്ടെന്നതു ശരി തന്നെ.
പക്ഷേ, ഇതനുസരിച്ചുള്ള ചികിത്സാച്ചെലവ് സാധാരണക്കാർക്കെന്നല്ല സാമാന്യം സമ്പന്നരായിട്ടുള്ളവർക്കു പോലും താങ്ങാവുന്നതല്ല. പ്രത്യേകിച്ചും സർജറിയും മറ്റും ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ. ഈ സാഹചര്യത്തിലാണ് പൗരാണിക കാലം മുതൽ ഹൃദ്രോഗത്തിന് സിദ്ധൗഷധമായി ഉപയോഗിച്ചു വരുന്ന നീർമരുത് എന്ന അത്ഭുത വൃക്ഷം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ആയുർവേദത്തിൽ അർജ്ജുന എന്ന പേരിലാണ് നീർമരുത് ഇത് അറിയപ്പെടുന്നത്. ഔഷധ മൂല്യത്തിൽ കഫപിത്ത വികാരങ്ങൾ ശമിപ്പിക്കും
ഹൃദയപേശികളുടെ ശക്തി വർദ്ധിപ്പിച്ച് അതിന്റെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുന്നു; മൂത്രളമാണ്. ചർമ്മരോഗം, വിഷം ജ്വരം ഇവ ശമിപ്പിക്കുന്നു. മുറിവു കൂടാനും ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിക്കാനും ഈ ഔഷധത്തിനു ശക്തിയുണ്ട്. ഹൃദ്രോഗത്തിന് ഇത്ര മഹത്തായ ഒരൗഷധം ഇല്ലെന്നു തന്നെ പറയാം.
നീർമരുതിൻ തൊലി കഷായമാക്കി ദിവസവും കാലത്തും വൈകിട്ടും കഴിച്ചു ശീലിച്ചാൽ ഹൃദ്രോഗം ഉണ്ടാകുകയില്ല. ത്വക്ക് രോഗം, വിഷജന്യമായ രോഗം. സ്ഥിരമായുണ്ടാകുന്ന ഹൃദയഭാഗത്തെ ചൂട് ഇവ ഇല്ലാതാക്കും. മുറിവുണക്കാനും ഒടിഞ്ഞു പൊട്ടലുണ്ടായിട്ടുള്ള അസ്ഥിസന്ധികളെ സംയോജിപ്പിക്കാനും ഇതിനു കഴിയും.
നീർമരുതിന്റെ പട്ട (തൊലി) ആണ് മുഖ്യമായും ഔഷധാവശ്യത്തിനു പയോഗിക്കുന്നത്. പട്ടയുടെ ഉപയോഗം ഹൃദയപേശികളുടെ ശക്തി വർദ്ധി പ്പിക്കുന്നു; ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിച്ച് ഹൃദയത്തിന് ആരോഗ്യം നല്കുന്നു; രക്തസമ്മർദ്ദത്തെ ക്രമീകരിക്കുവാനും നീർമരുതിൻ പട്ടയ്ക്ക് സവിശേഷമായ കഴിവുണ്ട്.
ഹൃദ്രോഗ ചികിത്സയ്ക്ക് പല പ്രകാരേണയും നീർമരുതിൻ പട്ട ഔഷധമായി ഉപയോഗിക്കാം. എളുപ്പ മാർഗ്ഗം പട്ട തനിച്ച് കഷായം വച്ചു കഴിക്കുകയാണ്. ഇതിന് 60 ഗ്രാം നീർമരുതിൻ പട്ട 1200 മില്ലി വെള്ളത്തിൽ ചതച്ചിട്ട് 240 മില്ലിയാക്കി വറ്റിക്കുക. ഇതിൽ നിന്നും 60 മില്ലി കഷായം വീതം എടുത്ത് ദിവസേന രണ്ടുനേരം എന്ന കണക്കിൽ കഴിക്കുക. ഔഷധസേവ എത്രനാൾ തുടരണമെന്നത് രോഗതീവ്രതയെയും രോഗിയുമായി ബന്ധപ്പെട്ട ഇതര സംഗതികളെയും ആശ്രയിച്ചിരിക്കുന്നു.
നീർമരുതിൻ പട്ട സൂക്ഷ്മചൂർണ്ണമാക്കി (ശീലപ്പൊടി അഥവാ തുണിയിലരിച്ചെടുക്കാവുന്ന വിധമാക്കി) നെയ്യിലോ, പാലിലോ, ശർക്കരയിലോ ചേർത്തു കഴിക്കുന്നതും ഹൃദ്രോഗത്തിന് ഉത്തമമാണ്.
960 ഗ്രാം നീർമരുതിൻപട്ട ഇരുപത്തിയൊന്നര ലിറ്റർ വെള്ളത്തിൽ വെന്ത് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുത്തതിനൊപ്പം 125 ഗ്രാം നീർമരുതിൻ പട്ട നന്നായി അരച്ചു കലക്കി ഒരു ലിറ്റർ പശുവിൻ നെയ്യും ചേർത്ത് പാകത്തിന് അരിച്ചെടുക്കുക. അർജ്ജുനനൃതം എന്നറിയപ്പെടുന്ന ഈ ഔഷധവും ഹൃദ്രോഗങ്ങൾക്ക് ഫലപ്രദം തന്നെ.
കഷായം വെക്കാൻ പ്രയാസമുള്ളപ്പോൾ നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം ദിവസവും പാലിൽ കഴിക്കുന്നതും നന്നാണ്.
നീർമരുതിൻ തൊലി ചതച്ച് പൊട്ടിയിട്ടുള്ള അസ്ഥി ഭാഗത്തു വെച്ചു കെട്ടുന്നതും വിശേഷമാണ്. നീർമരുതിൻ തൊലി ചതച്ച് കഷായം വെച്ച് വ്രണം കഴുകുന്നതു നന്നാണ്.
നീർമരുതിൻ തൊലി 25 ഗ്രാം 250 മില്ലി വെള്ളത്തിൽ കഷായം വെച്ച് 60 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം എടുത്തു തേൻ മേമ്പൊടിയാക്കി ദിവസം രണ്ടു നേരം വീതം പതിവായി കഴിച്ചാൽ ഹൃദ്രോഗം, വിളർച്ച, നീര്, രക്തസ്രാവം മററു പൈത്തികവികാരങ്ങൾ ഇവ ശമിക്കും.
നീർമരുതിൻ പട്ട 15 ഗ്രാം ചതച്ചിട്ട് പാൽകാച്ചി കുടിക്കുന്നതും ഹൃദ്രോഗത്തിന് ഹിതകരമാണ്. നീർമരുതിൻ പട്ട മുഖ്യമായും ചേർത്തുണ്ടാക്കുന്ന അർജ്ജുനാസവം അഥവാ പാർത്ഥാരിഷ്ടവും ഏറെ ശ്രേഷ്ഠം തന്നെ.
സർവാംഗം കേടു തട്ടി നീരായാൽ നീർമരുതിൻ പട്ട അരച്ചു ദേഹത്തു ലേപനം ചെയ്യുന്നതു നന്നാണ്.