മൂത്രാശയ സംബന്ധമായ രോഗങ്ങൾ, വിശിഷ്യാ മൂത്രവസ്തിയിലും വൃക്കകളിലും രൂപപ്പെടുന്ന കല്ല്, ഉള്ളിൽ മരുന്നു സേവിച്ച് ഭേദിച്ചുകളയാൻ പോലും ശക്തിയുള്ള ഒരു ഔഷധിയാണ് നീർമാതളം. ഇലയും പട്ടയും വാത കോപത്തിന് ശമനൗഷധമായി ഉപയോഗിക്കുന്നു. വരുണാദികഷായത്തിൽ നീർമാതളം ഒരു പ്രധാന ചേരുവയാണ്. സസ്യശാസ്ത്ര പ്രകാരം കപ്പാരി ഡേസീ കുടുംബത്തിൽപ്പെടുത്തിയാണ് ഈ ഔഷധിയെ വിവരിച്ചിട്ടുള്ളത്. കട്ടേവ റിലിജിയോസ, കട്ടേവ നർവാല എന്നീ ശാസ്ത്രനാമങ്ങളിൽ ഇത് അറിയപ്പെടുന്നു.
ഇംഗ്ലീഷിൽ "കട്ടേവ' എന്നാണ് പേര്. മഞ്ഞുവീഴുന്ന വനപർവതങ്ങളും ഉയർന്ന പ്രദേശങ്ങളും ഒഴിച്ച് സമതലപ്രദേശങ്ങളിൽ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും വന്യമായി വളരുന്ന ഒരു ഇല കൊഴിയും വൃക്ഷം. നദീതടങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും അരുവികളുടെ തീരത്തും സർവസാധാരണമായി കാണപ്പെടുന്നു. പരമാവധി 10 മീറ്ററോളം ഉയരത്തിൽ വളരുന്നു.
നൈസർഗികമായി വളരുന്ന ദിക്കുകളിൽ ആൺപൂക്കളും പെൺപൂക്കളും ഒരേ വൃക്ഷത്തിൽ വിരളമായി മാത്രമേ കാണാറുള്ളൂ. പക്ഷേ, ഒരു ഔഷധിയെന്ന നിലയ്ക്ക് ഒന്നോ രണ്ടോ വൃക്ഷങ്ങൾ വളർത്തുന്ന സാഹചര്യങ്ങളിൽ ഒരേ വൃക്ഷങ്ങളിൽത്തന്നെ ആൺ പൂക്കളും പെൺപൂക്കളും കണ്ടുവരുന്നതായി അഭിപ്രായപ്പെടുന്നു.
ഇതിന്റെ പട്ടയിൽ നിന്നും "സാപോണിൽ' വേർതിരിച്ചെടുത്ത് പഠന വിധേയമാക്കിയിട്ടുണ്ട്. രാസഘടകങ്ങളുടെ സാന്നിധ്യം, ഉപയോഗം എന്നീ മേഖലകളിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുളള ശക്തിയേറിയ ഔഷധിയാണിത്. ദഹനേന്ദ്രിയം, മൂത്രാശയം, വൃക്ക എന്നീ പ്രധാന അവയവങ്ങളുടെ ഹിതകരമായ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ മുഖ്യചേരുവയെന്ന പ്രാധാന്യം നീർമാതളത്തിനുണ്ട്.
ഉപയോഗം
നീർമാതളത്തില ഇടിച്ചു പിഴിഞ്ഞ് പത്തുമില്ലി ചാറെടുത്ത് പകുതി തേങ്ങാപ്പാലും ശുദ്ധമായ പശുവിൻ നെയ്യും ചേർത്തു കഴിക്കുന്നത് വാതത്തിന്റെ പ്രാഥമികാവസ്ഥയിൽ പ്രയോജനം ചെയ്യും.
നീർമാതളത്തിന്റെ പട്ടയും ഇലയും കൂടി അരച്ച് വാത സംബന്ധമായ നീർക്കെട്ടിനു മേൽ വെച്ചു കെട്ടുന്നതു വിശേഷമാണ്. നീർമാതളത്തിന്റെ വേരിലെ തൊലി കഷായം വച്ച് 25 മില്ലി വീതമെടുത്ത് കല്ലുപ്പും കായവും ചൂടാക്കി പൊടിച്ച് ലേശം വീതം മേമ്പൊടിയാക്കി കാലത്തും വൈകിട്ടും പതിവായി സേവിച്ചാൽ മൂത്രാശ്മരിക്കു കുറവു കിട്ടും.
നീർമാതളത്തിന്റെ വേരിലെ തൊലി, പഴമുതിര, കല്ലൂർ വഞ്ചിവേര്, ചെറുപൂള ഇവ കഷായം വച്ച് തുടരെ സേവിക്കുന്നത് മൂത്രാശയത്തിലും വൃക്കകളിലുമുണ്ടാകുന്ന അശ്മരിക്കു നന്നാണ്.
നീർമാതളത്തിന്റെ വേരിലെ തൊലി സമം തമിഴാമ വേരും കൂടി കഷായം വച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം വീതം കഴിക്കുന്നത് മടി ഭാഗത്തുണ്ടാകുന്ന നീർക്കെട്ടിനും വൃഷണവീക്കത്തിനും സ്തനവിദ്രധിക്കും നന്ന്. ഇതു തന്നെ അരച്ചു ലേപനം ചെയ്യുന്നതും വിശേഷമാണ്.
നീർമാതളത്തൊലി കഷായം വച്ചു കഴിക്കുന്നത് വാതജന്യമായ തലവേദനയ്ക്കു നന്ന്. കൂടാതെ കുരുമുളകു പൊടിച്ച് മുലപ്പാലിൽ കുറുക്കി തളം വയ്ക്കുകയും അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ടു തലയിൽ ധാര കോരുകയും ചെയ്യുന്നതു നന്നാണ്