നാട് ചുറ്റാനും വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ആസ്വദിക്കാനും ഏറെപ്പേർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. സ്വാദിലും ഗുണത്തിലും കേരളത്തിലെ വിഭവങ്ങൾ എവിടെയും മുന്നിൽ തന്നെ നിൽക്കും. എന്നാൽ ആരോഗ്യം, ഫിറ്റ്നസ്, ഡയറ്റ് എന്നീ മേഖലകളിൽ നമ്മളെല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു. ഇക്കാര്യങ്ങളിൽ എന്ത് കഴിക്കണം, എങ്ങന കഴിക്കണം എന്ന കൺഫ്യൂഷനിൽ ആയിരിക്കും നമ്മൾ. ഡയറ്റ് എന്തായാലും, എങ്ങനെ ആയാലും ഭക്ഷണക്രമത്തിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചില വിഭവങ്ങളുണ്ട്. ശരീരത്തെ പോഷക ഗുണങ്ങളാൽ സമ്പന്നമാക്കുന്ന ഈ വിഭവങ്ങളെ പരിചയപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ വാഴപ്പഴം കഴിയ്ക്കാമോ?
മഞ്ഞൾ (Turmeric)
ഒട്ടേറെ ഔഷധ ഗുണമുള്ള ചേരുവയാണ് മഞ്ഞൾ. നിറത്തിനും മണത്തിനും വേണ്ടിയാണ് പ്രധാനമായും മഞ്ഞൾ പൊടി കറികളിൽ ചേർക്കുന്നത്. പ്രോട്ടീൻ, വിറ്റാമിൻ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയും ധാരാളമായി മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. ശാസ്ത്രം പറയുന്നത് പ്രോസ്റ്റേറ്റ് കാൻസർ ചെറുക്കാൻ മഞ്ഞളിന് സാധിക്കും എന്നാണ്. മുറിവ് ഉണക്കാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ട്. ചർമരോഗങ്ങൾക്കുള്ള പരിഹാരം കൂടിയാണ് മഞ്ഞൾ.
അശ്വഗന്ധ (Ashwagandha)
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ അശ്വഗന്ധ ഉത്തമമാണ്. അശ്വഗന്ധ പൊടിയാക്കി ഭക്ഷണത്തിൽ കലർത്തി കഴിയ്ക്കാം. അശ്വഗന്ധയുടെ വേരും കായും ഔഷധ കൂട്ടുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ക്ഷീണം, ഉറക്കമില്ലായ്മ, വിഷാദം എന്നിവയ്ക്ക് അശ്വഗന്ധ നല്ലതാണ്.
ചിറ്റമൃത് (Giloy)
ദഹനപ്രക്രിയ സുഗമമായി നടക്കാനും പ്രമേഹം, മാനസിക സമ്മർദം എന്നിവ അകറ്റുന്നതിനും ഈ ആയുർവേദ ചെടിയുടെ പങ്ക് വളരെ വലുതാണ്. ശ്വാസകോശ പ്രശ്നങ്ങൾ, ചുമ എന്നീ രോഗങ്ങൾക്ക് മരുന്ന് തയ്യാറാക്കാനും ചിറ്റമൃത് ഉപയോഗിക്കുന്നു. മാത്രമല്ല ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളെ ചെറുക്കാനും ചിറ്റമൃതിന് കഴിയുന്നു. ആന്റി ആർത്രൈറ്റിക് ഗുണമുള്ളതിനാൽ ചിറ്റമൃതിന്റെ തണ്ട് പൊടിച്ച് പാലിൽ ചേർത്ത് തിളപ്പിച്ച് കഴിയ്ക്കുന്നത് സന്ധിവേദന അകറ്റാൻ സഹായിക്കും.
നെല്ലിക്ക (Gooseberry)
ചർമത്തിന്റെ ആരോഗ്യത്തിന് നെല്ലിക്ക നല്ലൊരു മരുന്നാണ്. വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും ഫൈബറും കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസായും, അച്ചാറിനും, ചമ്മന്തിയായും ഒക്കെ നമ്മുടെ വീട്ടിൽ വിളമ്പാറുണ്ട്. എന്നാൽ പച്ച നെല്ലിയ്ക്ക ചവച്ച് കഴിയ്ക്കുന്നത് വലിയ രീതിയിൽ ശരീരത്തിന് ഗുണം ചെയ്യുന്നു.
ചക്ക (Jackfruit)
കാഴ്ചശക്തിക്കും, ഹൃദയാരോഗ്യത്തിനും, ദഹനത്തിനും ചക്ക വലിയ രീതിയിൽ ഗുണം ചെയ്യും. ചക്ക പച്ചയ്ക്കും വിവിധ രീതിയിൽ പാകം ചെയ്തും കഴിയ്ക്കാൻ ഏറെ പേർക്കും വലിയ ഇഷ്ടമാണ്. പഴുത്ത ചക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീര ഭാരം കുറയ്ക്കാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.