നിക്കോട്ടിൻ എന്നറിയപ്പെടുന്ന ഏറ്റവും വിഷമുള്ള ഘടകം പുകയില ചെടിയുടെ എല്ലാ ഭാഗങ്ങളിലുമുണ്ടെങ്കിലും ഇലകളിലാണ് കൂടുതൽ കാണുന്നത്. കേന്ദ്രനാഡീവ്യൂഹത്തെയാണ് പുകയിലയുടെ വിഷം ബാധിക്കുന്നത്. ആദ്യം അൽപ്പം ഉത്തേജനം തോന്നുമെങ്കിലും പിന്നീട് മരവിപ്പും തളർച്ചയും ഉണ്ടാകും. രക്തസമ്മർദം കുറയും കൂടുതലായി വിഷഘടകം ഉള്ളിൽച്ചെന്നാൽ ഹൃദയത്തിന് വിഷബാധ ഏൽക്കുക മൂലം അധികമായ വിയർക്കൽ, ഓക്കാനം, ഛർദി, ശ്വാസവൈഷമ്യം, തലകറക്കം, മോഹാലസ്യം എന്നിവയുണ്ടാകുന്നു. ശ്വാസോച്ഛ്വാസ രോഗം മൂലമായിരിക്കും മരണം സംഭവിക്കുന്നത്. രക്ഷപ്പെടുന്നവരിൽ ചിലർക്ക് കാഴ്ചയും കേൾവിയും കുറയുന്നു. വൃക്കയുടെ പ്രവർത്തനത്തിലൂടെയാണ് വിഷഘടകം പുറത്തുപോകുന്നത്.
ദീർഘനാളത്തെ പുകവലിശീലം കൊണ്ട് വിട്ടുമാറാത്ത ചുമയും ശ്വാസകോശകലകളിൽ വീക്കവും ഉണ്ടാകുക സാധാരണയാണ്. രക്തക്കുഴലുകളിൽ രോഗം ഉണ്ടാക്കുന്ന ഹൃദ്രോഗം പുകവലിക്കാരിൽ കൂടുതലാണ്. പുകയില ഫാക്ടറിയിൽ തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് ഇപ്പറഞ്ഞ അസുഖങ്ങളും ചില ത്വക്ക് രോഗങ്ങളും കാഴ്ചക്കുറവും ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. മൂക്കുപ്പൊടി ശക്തിയായ തുമ്മലിനും ക്ഷീണത്തിനും ഇടയാക്കും. ചവയ്ക്കുന്ന പുകയില വായിലെ സുഷ്കലയെ നശിപ്പിക്കുകയും അധികമായ ഉമിനീർ സ്രാവം ഉണ്ടാക്കുകയും ചെയ്യുന്നു. 15 മുതൽ 30 ഗ്രാം വരെ പുകയില ഉള്ളിൽ കഴിക്കുന്നതു കൊണ്ട് മരണം സംഭവിക്കും. 2 തുള്ളി നിക്കോട്ടിൻ ആണ് പ്രായപൂർത്തിയായ ആളിന്റെ മാരകമാത്ര, മരണം 15 മിനിറ്റ് കൊണ്ടോ ചിലപ്പോൾ ഏതാനും മണിക്കൂർ കൊണ്ടോ സംഭവിക്കും.
ചികിത്സയും പ്രത്യയവും
പുകയില ഉള്ളിൽ കഴിച്ചുണ്ടാകുന്ന വിഷബാധയിൽ ആദ്യമായി കരി, ടാനിൻ തുടങ്ങിയവ ചേർത്ത് ചെറുചൂടുവെള്ളം കൊണ്ട് ആമാശയക്ഷാളനം ചെയ്യണം. ഛർദിപ്പിക്കുവാനുള്ള മരുന്നു കൊടുക്കാം. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. നാഡീ ഉത്തേജ നൗഷധങ്ങളും കൊടുക്കണം. പ്രത്യൗഷധമായി വേപ്പില ഇടിച്ചു പിഴിഞ്ഞ നീര് കഴിപ്പിക്കാവുന്നതാണ്. പിന്നാലെ തേങ്ങാപ്പാലോ പശുവിൻപാലോ കരിക്കിൻ വെള്ളമോ കുടിപ്പിക്കുന്നതും ആശ്വാസപ്രദമാണ്.