കോവിഡിന്റെ ആശങ്കകള്‍ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുന്നത്. അനാവശ്യമായ ഭീതിയെക്കാള്‍ ഇപ്പോഴാവശ്യം ജാഗ്രതയാണ്.
നിപ രോഗത്തെക്കുറിച്ചും നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമുളള കൂടുതല്‍ കാര്യങ്ങളിലേക്ക്.
ലക്ഷണങ്ങള്‍
സാധാരണ വൈറല്‍ പനികള്‍ക്കുണ്ടാകാറുളള ലക്ഷണങ്ങള്‍ തന്നെയാണ് നിപയുടെ ആരംഭഘട്ടത്തിലും ഉണ്ടാവുക. ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തവുമായിരിക്കും. വൈറസ് ശരീരത്തിലെത്തി വംശവര്‍ധനവ് ആകുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക.
പനി അവഗണിക്കരുത്
നിപ രോഗത്തിന്റെ പ്രധാന ലക്ഷണമായി പറയുന്നത് പനി തന്നെയാണ്. അതോടൊപ്പം തലവേദന, തലകറക്കം, ചുമ, വയറുവേദന, മനംപിരട്ടല്‍ കാഴ്ചമങ്ങല്‍, ഛര്‍ദ്ദി, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കും. നിപ രോഗം തലച്ചോറിനെ ബാധിക്കുമ്പോള്‍ എന്‍സഫലൈറ്റിസ് ഉണ്ടാകാനുമിടയുണ്ട്. ഇതുണ്ടാകുമ്പോള്‍ പനി കൂടുതലായിരിക്കും. അപസ്മാര സമാനമായ ലക്ഷണങ്ങള്‍ക്കും സാധ്യതയുണ്ട്.
സൂക്ഷിയ്‌ക്കേണ്ട കാര്യങ്ങള്‍
വൈറസ് ബാധിച്ച വവ്വാലുകളുടെ കാഷ്ഠം മനുഷ്യരുടെ ശരീരത്തിലെത്തിയാല്‍ രോഗബാധയേല്‍ക്കും. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കാം. നിലത്ത് വീണുകിടക്കുന്ന പഴങ്ങളും അരുത്. കിണറുകള്‍ ഉള്‍പ്പെടെയുളള ശുദ്ധജല സ്രോതസ്സുകളില്‍ വവ്വാലുകളുടെ വിസര്‍ജ്യം വീഴാതിരിക്കാനും ശ്രദ്ധിക്കണം. വെളളം നന്നായി തിളപ്പിച്ച ശേഷം ഉപയോഗിക്കണം. അതുപോലെ വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന കളള് ഒഴിവാക്കണം.
കോവിഡും നിപയും ?
പ്രാഥമിക ലക്ഷണങ്ങള്‍ കോവിഡിന്റേതിന് സമാനമായതിനാല്‍ ജാഗ്രത കാട്ടണം. നിലവിലെ സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയ ശേഷവും ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ ശ്രദ്ധിയ്ക്കാം. തുടര്‍പരിശോധനയ്ക്ക് വിധേയരാകാം. രോഗലക്ഷണങ്ങളുളളവരില്‍ നിന്ന് ശാരീരിക അകലം പാലിയ്ക്കാനും കോവിഡിനെതിരെ നിലവില്‍ തുടരുന്ന ജാഗ്രത തുടരാനും ശ്രദ്ധിയ്ക്കാം. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. അതുപോലെ വൈറസ് പോലെ പടര്‍ന്നുപിടിക്കുന്ന വ്യാജപ്രചരണങ്ങള്‍ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.