കേരളത്തിൽ കടലോരപ്രദേശങ്ങളിലും ചൂടു കൂടുതലുള്ള ഇളകിയ മണ്ണിലും സ്വാഭാവികമായി കാണപ്പെടുന്ന ലഘുസസ്യമാണ് ഞെരിഞ്ഞിൽ. ഉഷ്ണമേഖലാകാലാവസ്ഥയിൽ ചിരസ്ഥായി പ്രകൃതമുള്ള ചെടിയായും ശീതോഷ്ണകാലാവസ്ഥയിൽ വാർഷികസസ്യമായും ഞെരിഞ്ഞിൽ വളരുന്നു.
നിലംപറ്റി വളരുന്ന പ്രകൃതമുള്ള ഈ ഔഷധിയുടെ കടയിൽ നിന്നും എല്ലാ വശങ്ങളിലേക്കും തണ്ടുകൾ ഉണ്ടായി വരും. തണ്ടുകൾ മണ്ണിനോടു ചേർന്നാണ് കാണപ്പെടുക.
ഔഷധപ്രാധാന്യം
ദശമൂലത്തിലുൾപ്പെടുന്ന ഒരു ഔഷധിയാണ് ഞെരിഞ്ഞിൽ.
ഞെരിഞ്ഞിൽ പൊടിച്ച് തേനിൽ ചാലിച്ചു കൊടുത്താൽ നവജാത ശിശുക്കളിലെ മൂത്രതടസ്സം മാറികിട്ടും.
ഞെരിഞ്ഞിൽ, ശതാവരികിഴങ്ങ്, ജീരകം, ചെറുളവേര്, ചുണ്ടവേര് ഇവ ഒരോ കഴഞ്ചു വീതം ഇടിച്ച് 32 തുടം പാൽ ചേർത്ത് കഷായം വെച്ച് 2 തുടമാക്കി അത്താഴത്തിനുശേഷം സേവിക്കുന്നത് ഉന്മാദരോഗം മാറുന്നതിനുള്ള ഔഷധമാണ്.
ഞെരിഞ്ഞിൽ, തഴുതാമവേര് ഇവ 15 ഗ്രാം വീതം വേപ്പിൻതൊലി, പടവലം, ചുക്ക്, കടുകുരോഹിണി, അമൃത്, മരമഞ്ഞൾതൊലി, കടുക്കാത്തോട് ഇവ 4 ഗ്രാം വീതം 12 ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ശമനമുണ്ടാകും.
ഞെരിഞ്ഞിൽ, തഴുതാമ, വയൽചുള്ളി ഇവ ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ ശമിക്കുകയും മൂത്രത്തിലെ കല്ല് മാറികിട്ടുകയും ചെയ്യും. ഗർഭിണികൾക്ക് കാലിലുണ്ടാകുന്ന നീരിന് ഉത്തമ ഔഷധമാണിത്.
സ്ത്രീകൾക്കുണ്ടാകുന്ന മൂത്രത്തിലെ പഴുപ്പിനും മൂത്രം കടച്ചിലിനും, മൂത്രതടസ്സത്തിനും ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളം നല്ല ഔഷധമാണ്.
ഞെരിഞ്ഞിൽ, ഓരിലവേര്, മൂവിലവേര്, വെള്ളോട്ടുവഴുതനവേര്, ചെറു വഴുതനവേര്, ചുക്ക് എന്നിവ കഷായമാക്കി സേവിച്ചാൽ ഹൃദ്രോഗത്തിന് പ്രതിവിധിയാണ്.