മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലും കൃഷി ചെയ്‌തു വരുന്ന സുഗന്ധവ്യഞ്ജന വൃക്ഷമാണ് ജാതി. നമ്മുടെ നാട്ടിൽ വീടിൻ്റെ തൊടിയിൽ നട്ടു പരിപാലിച്ചു വരുന്ന ഈ മരം ചിലയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തി വരുന്നുണ്ട്. 20 മീറ്ററോളം ഉയരത്തിൽ വളരുന്ന ജാതി മരത്തിന്റെ ലംബമായി വളരുന്ന മുഖ്യ തണ്ടിൽ നിന്നും വശങ്ങളിലേയ്ക്ക് ധാരാളം ശാഖകളും ഉപശാഖകളും കാണാം.
പുറംതൊലിക്ക് ചാരനിറം കലർന്ന പച്ചനിറമാണ്. നിത്യഹരിത പ്രകൃതമുള്ള ഈ മരത്തിൻ്റെ ഇലകൾ ഇരുണ്ട പച്ചനിറത്തിലാണ് കാണപ്പെടുന്നത്.
ഔഷധപ്രാധാന്യം
ജാതിക്ക പൊടിച്ചത് പഞ്ചസാര ചേർത്തു സേവിച്ചാൽ ചുമയും ശ്വാസതടസ്സവും ഭേദമാകും.
ജാതിക്ക ഉരച്ച് അല്പം പച്ചവെള്ളത്തിൽ ചേർത്ത് 3 നേരം കഴിക്കുന്നത് ദഹനക്കേടിന് പ്രതിവിധിയാണ്.
ജാതിക്ക ഉരച്ച് അല്‌പം തേൻ ചേർത്ത് സേവിച്ചാൽ അഗ്നിമാന്ദ്യം കുറച്ച് ദഹനപ്രക്രിയ സുഗമമാകും; വിശപ്പ് വർദ്ധിക്കുകയും ചെയ്യും.
കുഞ്ഞുങ്ങളിലുണ്ടാകുന്ന വയറിളക്കത്തിനും ഛർദ്ദിക്കും പരിഹാരമായി ജാതിക്ക മുലപ്പാലിൽ ഉരച്ചു കൊടുത്താൽ മതിയാകും.
ജാതിക്കയും ഇന്തുപ്പും കൂടി പൊടിച്ച മിശ്രിതം ഉപയോഗിച്ച് പല്ലു തേച്ചാൽ പല്ലുവേദനയ്ക്ക് ശമനമുണ്ടാകും.
ഉറക്കമില്ലായ്മ വന്നിട്ട് പിച്ചും പേയും പറയുന്ന അവസ്ഥയിൽ ജാതിക്ക ചൂർണ്ണം അരഗ്രാം എടുത്ത് പാലിൽ കലക്കി കൊടുത്താൽ രോഗി ശാന്തമായി ഉറങ്ങും.
ജാതിക്ക ചുട്ടുപൊടിച്ച് തൈരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിന് നല്ലൊരു ഔഷധമാണ്.
ജാതിക്കകുരു, ജീരകം, അയമോദകം ഇവ വറുത്തു പൊടിച്ച് പുളിയില്ലാത്ത മോരിൽ ചേർത്തു കഴിക്കുന്നത് വയറുവീക്കം മാറാൻ നല്ലതാണ്.
തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്ക നല്ലതു പോലെ അരച്ച് വേദനയുള്ളിടത്ത് പുരട്ടിയാൽ വേദന മാറിക്കിട്ടും.
ദുർഗന്ധമുള്ള വ്രണത്തിൽ ജാതിക്ക പൊടിച്ച ചൂർണ്ണം വിതറിക്കൊടുക്കുന്നത് നല്ലതാണ്.