കൈപ്പക്ക എന്നറിയപ്പെടുന്ന പാവയ്ക്ക പലർക്കും ഇഷ്ടമല്ല അതിന് കാരണം മറ്റൊന്നുമല്ല അതിന്റെ കായ്ക് തന്നെയാണ് .എന്നാൽ പച്ചക്കറികളിൽ ഏറ്റവും ഔഷധ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് പാവയ്ക്ക . ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് പാവയ്ക്ക. ഒരു ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
പ്രമേഹത്തെ ഇല്ലാതാക്കാൻ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്ക്ക നീര്. പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള ഇൻസുലിൻ പോലുള്ള രാസവസ്തുക്കൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നു. പാവയ്ക്ക നീരിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രക്രിയ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.കൂടാതെ പാവയ്ക്കയുടെ ഇലയോ, കായോ വെള്ളത്തിലിട്ട് തിളപിച്ച് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഔഷധഗുണത്തിൽ അർശസ്സ്, പ്രമേഹം ഇവ ശമിപ്പിക്കും; കൃമിവികാരങ്ങളും വിളർച്ചയും കുറയ്ക്കും. പാവയ്ക്കാ നീരു കുടിക്കുന്നതും പാവയ്ക്കാ അരിഞ്ഞ് തൈരിലിട്ട് ലേശം ഉപ്പും ഒഴിച്ചു ചവച്ചരച്ചു തിന്നുന്നതും പ്രമേഹത്തിനു നന്നാണ്. പാവലിലച്ചാറിൽ മഞ്ഞൾ പൊടി ചേർത്തു ദിവസം മൂന്നു നേരം വീതം കഴിക്കുന്നത് മസൂരിക രോഗത്തിന് വിശേഷമാണ്.
മഞ്ഞപ്പിത്തത്തിന് പാവലിന്റെ തനിച്ചാറ് 10 മില്ലി വീതം ദിവസം മൂന്നു നേരം വീതം കഴിക്കുന്നതു നന്ന്. പല്ലി, തേള് തുടങ്ങിയ ക്ഷുദ്രജീവികൾ കടിച്ചുണ്ടാകുന്ന നീരിനും വേദനയ്ക്കും പാവലില അരച്ചു പുരട്ടുന്നത് നല്ലതാണ്. പാവലില അരച്ചു തൈരിൽ കഴിക്കുന്നതും പാവൽ വേരും ചന്ദനവും കൂടി അരച്ചു മോരിൽ കഴിക്കുന്നതും രക്താർശസ്സിനുള്ള ഔഷധമാണ്.
പാവയ്ക്കാനീരിൽ തേൻ ചേർത്ത് തുടരെ കഴിച്ചു ശീലിക്കുന്നത് അർശസ്സിന് ശമനമുണ്ടാക്കും. പാവയ്ക്കാ വറ്റലായിട്ടോ അച്ചാറായിട്ടോ ഭക്ഷണത്തിന്റെ കൂടെ കഴിച്ചു ശീലിക്കുന്നത് ദീപനത്തിനും കുടൽശുദ്ധിക്കും കൃമിശമനത്തിനും നന്നാണ്