പച്ചച്ചക്ക ഉണക്കി സൂക്ഷിക്കാം:
ഇളം പരുവത്തിൽ (45 ദിവസം പ്രായമുള്ളത്) ചക്ക ഇറച്ചിക്കു തുല്യം. കുരു ഉറച്ചു തുടങ്ങുന്ന ചക്ക (രണ്ടര മാസം) മികച്ച പച്ചക്കറി. വിളഞ്ഞു തുടങ്ങിയാൽ (മൂന്നര മാസം) പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച അന്നജം. നന്നായി മൂപ്പെത്തിയാൽ (നാലര മാസം) മറ്റേതു ധാന്യത്തെക്കാളും മികച്ച പാചകഗുണവും രുചിയുമുള്ള മാവ്. പഴുത്താൽ, നറുമണവും തേൻരുചിയുള്ള വരിക്കച്ചക്കയും സ്വീകാര്യത അൽപം കുറവുള്ള കൂഴച്ചക്കയും മാംസ്യവും ഭക്ഷ്യനാരുകളും ധാരാളമുള്ള കുരുവും മൂല്യവർധിത ഉൽപന്ന നിർമാണത്തിനു യോജ്യം.
ഉണക്കി സൂക്ഷിച്ചാൽ
കൂഴ/വരിക്ക വ്യത്യാസമില്ലാതെ ഉപയോഗപ്പെടുത്താം, ആറുമാസത്തോളം കേടാകാതെയിരിക്കും. കുറഞ്ഞ ചെലവിൽ സംസ്കരിച്ചെടുക്കാം. ഉണക്കിയ ചക്കയുടെ പൊടിയിൽനിന്ന് ചപ്പാത്തി, പുട്ട്, ഇടിയപ്പം, ഉപ്പുമാവ്, മുറുക്ക്, പക്കാവട, മിക്സ്ചർ, സേവ എന്നിവയുണ്ടാക്കാം. ചകിണി, മടൽ, കുരു, തുടങ്ങിയവ ഉപയോഗപ്പെടുത്തിയാൽ പരിസര മലിനീകരണം ഒഴിവാക്കാം.
മുറുക്ക്പച്ചച്ചക്ക ഉണക്കുന്ന വിധം
നാലു, നാലര മാസം മൂപ്പുള്ള പച്ചച്ചക്കയുടെ ചുള യോജിച്ച വലുപ്പത്തിൽ നുറുക്കി തിളച്ച വെള്ളത്തിൽ മുക്കിയെടുക്കുക. ചുളകൾ വെന്തുപോകാതിരിക്കാൻ ശ്രദ്ധിക്കണം. തിളച്ച വെള്ളത്തിൽനിന്നു മാറ്റിയ ഉടനെ ചുളകൾ പച്ചവെള്ളത്തിൽ മുക്കിയെടുക്കണം. ഇങ്ങനെ തയാറാക്കിയ ചുളകളുടെ ജലാംശം പൂർണമായും നീക്കം ചെയ്തതിനുശേഷം വെയിലത്തോ അവ്നിലോ ഉണക്കിയെടുക്കാം.
സംരംഭത്തിനാണെങ്കിൽ ചുളകൾ പോളിത്തീൻ കവറിൽ നിറച്ച് 15-18 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ചതിനുശേഷം ഉണക്കുന്നത് ചക്കയുടെയും പൊടിയുടെയും പാചകഗുണം മെച്ചപ്പെടുത്തും. നന്നായി ഉണക്കിയെടുത്ത ചുളകൾ കട്ടികൂടിയ പോളിത്തീൻ കവറുകളിൽ നിറച്ച് സീൽ ചെയ്ത് സൂക്ഷിക്കണം. ആവശ്യാനുസരണം പൊടിപ്പിച്ച് ഉപയോഗിക്കാം.
ഉണക്കിയ ചുളകൾ വെള്ളത്തിൽ കുതിർത്തുവച്ച് വേവിച്ച് കറികൾ തയാറാക്കാനും യോജ്യം. ചക്കപ്പൊടികൊണ്ട് പുട്ട്, ഉപ്പുമാവ് എന്നിവയുടെ പൊടി തയാറാക്കുമ്പോൾ മാവിൽ അൽപം തരി നിൽക്കുന്ന വിധത്തിൽ പൊടിച്ചെടുക്കണം. ചപ്പാത്തി, ഇടിയപ്പം എന്നിവയുടെ മാവ് നേർമയായി പൊടിച്ചെടുക്കണം. ഇവ യോജ്യമായ പായ്ക്കറ്റുകളിൽ നിറച്ച് ലേബൽ ചെയ്ത് വിപണനം നടത്താം.
ചപ്പാത്തിമുറുക്ക്, പക്കാവട, മധുരസേവ, മിക്സ്ചർ, കുഴലപ്പം എന്നിവയുണ്ടാക്കാനും ചക്കപ്പൊടി നന്ന്. മുറുക്കിന് അരിപ്പൊടിയും ചക്കപ്പൊടിയും 1 :1 എന്ന അനുപാതത്തിനൊപ്പം കാൽഭാഗം ഉഴുന്നുപൊടിയും ചേർക്കണം. പക്കാവടയ്ക്കും മിക്സ്ചറിനും 1:1:0.5 എന്ന അനുപാതത്തിൽ കടലമാവ്, ചക്കപ്പൊടി, മൈദ എന്നിവ ചേർക്കണം.
ചക്കക്കുരു ഉൽപന്നങ്ങൾ
ചക്കക്കുരു ഉണക്കിപ്പൊടിച്ചും ഉൽപന്നങ്ങൾ തയാറാക്കാം. ചക്കക്കുരുവിൽ അൽപം വെള്ളമൊഴിച്ച് പുഴുങ്ങി, നുറുക്കി ഉണക്കിയെടുക്കണം. നന്നായി ഉണങ്ങിയതിനുശേഷം തൊലി നീക്കി (പ്ലാസ്റ്റിക് രൂപത്തിലുള്ളതു മാത്രം) പായ്ക്കു ചെയ്യുക. ഇത് പൊടിച്ചെടുത്താൽ കേക്ക്, ബിസ്കറ്റ് എന്നിവയുണ്ടാക്കാം. ചപ്പാത്തി, പുട്ട്, ഇടിയപ്പം എന്നിവയുണ്ടാക്കാനുള്ള മാവായും ഉപയോഗിക്കാം. പൊടിയാക്കാത്ത ചക്കക്കുരു ഉപയോഗിച്ച് കട്ലറ്റ്, അവുലോസ് പൊടി, ചമ്മന്തിപ്പൊടി. ബർഫി എന്നിവയും തയാറാക്കാം.
സംസ്കരണ യന്ത്രങ്ങൾ
പച്ചച്ചക്ക മുറിച്ചെടുക്കാനും ചുള അടർത്തിയെടുക്കാനും കട്ടിങ് മെഷീൻ, ചക്ക, ചക്കക്കുരുവും മറ്റ് കാർഷികോൽപന്നങ്ങളും ഉണക്കിയെടുക്കാൻ ഹോട്ട് - എയർ - അവ്ൻ, ഉണക്കിയ ചക്ക, ചക്കക്കുരു എന്നിവ പൊടിച്ചെടുക്കാൻ മിനി-പൾവറൈസർ, ഉൽപന്നങ്ങൾ വൃത്തിയായും ആകർഷകമായും പായ്ക്കു ചെയ്യാൻ സീലിങ്ങ് മെഷീൻ തുടങ്ങിയ യന്ത്രങ്ങൾ സഹിതം ചെറുകിട യൂണിറ്റുകൾ ഓരോ പഞ്ചായത്തിലും ആരംഭിച്ചാൽ ചക്ക പാഴാക്കിക്കളയുന്നത് ഒഴിവാക്കാം. പരിശീലനവും സാങ്കേതികവിദ്യയും ആലപ്പുഴ കെവികെയിൽ ലഭിക്കും.