തെങ്ങ്, ഈന്തപ്പന തുടങ്ങി പന വർഗത്തിൽ പെട്ട മൂല്യ വർദ്ധിത ഉല്പന്നമാണ് പാം കാബേജ് അഥവാ ഹാർട്ട് ഓഫ് പാം . കൽപവൃക്ഷ' എന്നറിയപ്പെടുന്ന തെങ്ങ്, അതിന്റെ വേരു മുതൽ മണ്ട വരെ വിവിധ ഉപയോഗങ്ങൾക്ക് പ്രശസ്തമാണ്, നാളികേരത്തിൽ നിന്ന് നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, അത്ര അറിയപ്പെടാത്തതും എന്നാൽ നമ്മുടെ നാട്ടിൽ വ്യാപകമായി ഉപയോഗിക്കാത്തതുമായ ഭക്ഷ്യ ഉൽപന്നങ്ങളിൽ ഒന്നാണ് തെങ്ങിൻ കാബേജ്.
മലയാളത്തിൽ 'തെങ്ങിൻ കുരുത്ത്' അല്ലെങ്കിൽ 'തേങ്ങിൻ കരിമ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. മെറിസ്റ്റത്തിൽ നിന്ന് ഉയർന്നു വരുന്ന പ്രായപൂർത്തിയാകാത്ത ഇലകളുടെ ആഗ്രഭാഗം ചേർന്നതാണ് ഇത്. പ്രായമായ തെങ്ങുകൾ മുറിക്കുമ്പോൾ, മണ്ടയിലെ ഓലകളും നാരുകളും നീക്കം ചെയ്ത് അകക്കാമ്പിൽ നിന്ന് കാബേജ് വേർതിരിച്ചെടുക്കുന്നു. ആദ്യം കഴിക്കുമ്പോൾ ഇതിന് തനതായ, സൗമ്യമായ, മധുരമുള്ള രുചിയും സ്വാദും ഉണ്ട്.
തെങ്ങിൽ നിന്നു ശേഖരിക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ സലാഡുകൾ, സൂപ്പുകൾ, മറ്റ് വിഭവങ്ങൾ എന്നിവയിൽ ചേരുവയായോ ഇത് ഉപയോഗിക്കുന്നു. അത് 'കോടീശ്വരന്റെ സാലഡ്'' എന്നും അറിയപ്പെടുന്നു. കൂടാതെ അച്ചാറിട്ടും ടിന്നിലടച്ചും സസ്യഭക്ഷണങ്ങൾക്കൊപ്പവും ഉപയോഗിക്കുന്നു. ഇതിന്റെ ഉപയോഗ ചരിത്രം കൊളംബിയൻ കാലഘട്ടത്തിന് പിന്നിലേയ്ക്കു പോകുന്നു.
ദക്ഷിണേഷ്യയിൽ, ഈന്ത പനയുടെ കാബേജ് ഉണക്കി പൊടിച്ച് അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിൽ ഇത് പുളിപ്പിച്ച് ലഹരി പാനീയമായും ഉപയോഗിക്കുന്നു. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ, ഇത് പാരമ്പര്യേതര പച്ചക്കറിയായി കണക്കാക്കപ്പെടുന്നു. കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. പാം കാബേജ് താരതമ്യേന പ്രോട്ടീൻ കലവറയാണ്. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞ മികച്ച സമീകൃത ആഹാരവുമാണ്.
പാം കാബേജിന്റെ അടിവശം, സിലിണ്ടർ, അഗ്രം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉള്ളതായി കാണാവുന്നതാണ്. വളർച്ച പ്രാപിക്കാത്ത മടലുകളും ഓലകളും ഉൾക്കൊള്ളുന്നതാണ് സിലിണ്ടർ. , ഓലകൾ വളർന്ന് വിടരുന്ന ഘട്ടം വരെ സിലിണ്ടർ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്നതിനാലാണ് ഇതിനെ അങ്ങനെ വിളിക്കുന്നത്. .
കാബേജ് വേർതിരിച്ചെടുക്കൽ
കായ്ച്ചു തുടങ്ങിയ തെങ്ങുകളിൽ നിന്നും ചെറു തെങ്ങുകളിൽ നിന്നും കാബേജ് ലഭിക്കും. മണ്ട വെട്ടി കാബേജ് വേർതിരിച്ചെടുക്കുമ്പോൾ സ്വാഭാവികമായി തെങ്ങ് നശിക്കപ്പെടുന്നു. കുറഞ്ഞത് 3-4 വയസ്സ് പ്രായമുള്ള തെങ്ങുകളിൽ നിന്നും ഇത് ലഭിക്കും. നട്ടുവളർത്തിയ ഇളം മരങ്ങൾ വിളവെടുക്കുമ്പോൾ, വെളുത്ത നാരുകൾ കാണുന്നതുവരെ മുറിക്കണം. അപ്പോൾ ഉരുണ്ട് നീണ്ട സിലിണ്ടർ കാണാം. ഇതു പൂർണമായും ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് സാധാരണയായി 40 മുതൽ 60 സെന്റിമീറ്റർ വരെ നീളമുണ്ട്. നാരിന്റെ അംശം കുറവായതിനാൽ മധ്യഭാഗം കൂടുതൽ രുചികരമായി അനുഭവപ്പെടുന്നു.